• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വിപ്ലവം ലേറ്റാക്കരുത്, പ്ലീസ്

  • By Super

വെളിയം ഭാര്‍ഗവന്‍ എന്നാല്‍ കേരളത്തിലെ സിപിഐയുടെ സംസ്ഥാന സെക്രട്ടറി മാത്രമല്ല. ആജന്മ വിപ്ലവകാരി. ബഹുമിടുക്കന്‍. വിജ്ഞാനി.

സിപിഐക്കാരനെന്നു പറ‍ഞ്ഞാല്‍ തന്നെ മേല്‍പറഞ്ഞ ഗുണങ്ങള്‍ തികഞ്ഞവനാണെന്നാണ് കേരളത്തില്‍ അര്‍ത്ഥം. രഹസ്യമായി സിപിഐക്കാരോട് ചോദിച്ചു നോക്കൂ. ലോകത്തെ ഏറ്റവും കുഴപ്പക്കാര്‍ സിപിഎമ്മുകാരാണെന്ന് അവര്‍ പറയും.

തങ്ങളോ, രാവിലെയും വൈകിട്ടും ആദര്‍ശത്തിന്‍റെ ആട്ടമാവു കൊണ്ടുണ്ടാക്കിയ ചപ്പാത്തി കഴിക്കുന്നവര്‍. അഴിമതിയും സ്വജനപക്ഷപാതവും അക്രമവും എന്തെന്നു പോലുമറിയാത്ത നിഷ്കളങ്കര്‍.

ഇത്തരം സര്‍ട്ടിഫിക്കറ്റ് സ്വയം എഴുതി നെഞ്ചിലൊട്ടിച്ച് നടക്കുന്ന സിപിഐക്കാരെ കേരളത്തില്‍ കാണാം. ധാരാളമായി എന്നു മാരീചന്‍ പറയില്ല. കളളം പറയുന്നത് മോശമല്ലേ. ആകെയുളള സിപിഐക്കാരുടെ നെഞ്ചില്‍ ഈ സര്‍ട്ടിഫിക്കറ്റുണ്ടെന്ന് ദയവായി കരുതുക.

അങ്ങനെയുളള സിപിഐക്കാരില്‍ ഏറ്റവും മുന്പനാണ് സാക്ഷാല്‍ സഖാവ് വെളിയം ഭാര്‍ഗവന്‍. കൊല്ലം ജില്ലയിലെ വെളിയത്താണ് ജനിച്ചതെങ്കിലും ആഗോളവും കടന്ന് പ്രപഞ്ചത്തിന്‍റെ അതിരുകളില്ലായ്മയില്‍ വിഹരിക്കുന്നത് അദ്ദേഹത്തിന്‍റെ ചെറിയ ഹോബി മാത്രം.

അങ്ങനെയുളള വെളിയത്തിനു മുന്നില്‍ ഈ രാജു നാരായണ സ്വാമി ആരാണ്? വെറും തൃണം. പച്ചപ്പുല്ല്. അതുകൊണ്ട് ഇടുക്കി ജില്ലാ കളക്ടറായി സ്വാമിയെ നിയമിക്കാന്‍ അച്യുതാനന്ദനല്ല, പറശിനിക്കടവ് മുത്തപ്പന്‍ തീരുമാനിച്ചാലും വെളിയം അംഗീകരിക്കുന്ന പ്രശ്നമില്ല.

ഇടുക്കി ജില്ലാ കളക്ടറായി രാജു നാരായണ സ്വാമിയെ നിയമിച്ചതറിഞ്ഞ് വെളിയം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ച ചോദ്യം തന്നെ കേമമായി. നിങ്ങളൊക്കെ ചര്‍ച്ച ചെയ്തിട്ട് ഇയാളെയല്ലാതെ വേറാരെയും കിട്ടിയില്ലേ എന്നാണ് ആശാന്‍ ഇടതുമുന്നണിയോഗത്തില്‍ ഉടുമുണ്ട് തെറുത്തുകയറ്റി ചോദിച്ചത്.

ഈ ചോദ്യം കേട്ട് മാരീചന്‍ തെല്ലും അല്‍ഭുതപ്പെടുന്നില്ല. മൂന്നാറിലെ കയ്യേറ്റത്തിന്‍റെ കാര്യത്തില്‍ സിപിഐക്കാരും ഒട്ടും പുറകോട്ടല്ലെന്ന് അറിയാഞ്ഞിട്ടല്ല. സാക്ഷാല് പി കെ വാസുദേവന്‍ നായരുടെ പേരില്‍ വരെ അവിടെ പട്ടയമുണ്ട്. പാര്‍ട്ടിക്കാര്‍ എവിടെ സ്ഥലം വാങ്ങിയാലും അത് തന്‍റെ പേരിലാണ് വാങ്ങുന്നതെന്നും തന്നെ അവര്‍ക്ക് അത്രയ്ക്കിഷ്ടമായിരുന്നുവെന്നുമാണ് യശശരീരനായ പികെവി ഇതുസംബന്ധിച്ച ആരോപണത്തിന് പണ്ട് മറുപടി പറഞ്ഞത്.

നാരായണസ്വാമി ഇടുക്കി കളക്ടറായാല്‍ ഈ പട്ടയത്തിന്‍റെ കാര്യം ഗോപിയാകുമോ എന്നതല്ല സാക്ഷാല്‍ വെളിയത്തിന്റെ ഉള്‍പ്പേടിയെന്നും മാരീചന് നിശ്ചയമുണ്ട്.

അതിനു കാരണം വേറെയാണ്. ഒരു റേഷന്‍ ഗോതന്പ് ചരിത്രം. രാജു നാരായണസ്വാമി കളക്ടറായിരുന്നപ്പോള്‍ കൃത്യം ഒരുമാസം മുന്പ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും എഫ് സി ഐ സീലുളള 240 ലോഡ് റേഷന്‍ ഗോതന്പ് പിടിച്ചെടുത്തു.

ഈ വരി ഒന്നു കൂടി വായിക്കുക. പാവങ്ങളുടെ പടത്തലവന്മാരായ എല്‍ഡിഎഫ് നാടുഭരിക്കുന്നു. അതില്‍ തന്നെ യഥാര്‍ത്ഥ പാവങ്ങളുടെ യഥാര്‍ത്ഥ പടത്തലവന്മാരായ സിപിഐയുടെ നേതാവ് ഭക്ഷ്യസിവില്‍ സപ്ലൈസ് ഭരിക്കുന്നു. അപ്പോഴാണ് നാട്ടിലെ റേഷന്‍ കട വഴി വിതരണം ചെയ്യാനുളള 240 ലോഡ് എഫ് സിഐ ഗോതന്പ് സ്വകാര്യ സ്ഥാപനത്തിന്‍റെ ഗോഡൗണില്‍ എത്തിയത്.

(ജനയുഗം ഫണ്ട് 10 കോടി കവിഞ്ഞതിന്‍റെ ഗുട്ടന്സ് പിടികിട്ടിക്കാണുമല്ലോ അല്ലേ).

സ്വകാര്യ വ്യക്തിക്ക് ഗോതന്പ് തിരിച്ചു കൊടുക്കാന്‍ കൊടുക്കാന്‍ ആദര്‍ശകേരളത്തിന്‍റെ തലസ്ഥാനവും സിപിഐയുടെ പാര്‍ട്ടി ഓഫീസുമായ എംഎന്‍ സ്മാരകത്തില്‍ നിന്നും സ്വാമിയ്ക്ക് ഉത്തരവ് പായുന്നു. സ്വാമി പോടാ പുല്ലേ പറയുന്നു.

സംഭവം കേസായി. സര്‍ക്കാര്‍ വക്കീലല്ലേ കേസ് കോടതിയില്‍ വാദിക്കുന്നത്. അല്ലാതെ രാജു നാരായണസ്വാമിയല്ലല്ലോ. പോരെങ്കില്‍ നിയമവകുപ്പ്, മന്ത്രിസഭയിലെ പഞ്ചാരക്കുട്ടപ്പന്‍ എം വിജയകുമാറിന്‍റെ കൈയിലും.

ഭാവിയിലെന്നെങ്കിലും തന്‍റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നെങ്കില്‍ അന്ന് സിപിഐയുടെ എതിര്‍പ്പുണ്ടാകാതിരിക്കാന്‍ ഇപ്പോഴേ പണി തുടങ്ങുന്ന വിദ്വാനാണ് പുളളിക്കാരന്‍. ഏറെ പറയേണ്ടതില്ല. കേസ് സര്‍ക്കാര്‍ തോറ്റു. ഗോതന്പ് വിട്ടുകൊടുക്കാന്‍ കോടതി ആജ്ഞാപിച്ചു.

വിടുമോ നാരായണസ്വാമി? പ്രോസിക്യൂഷന്‍റെ വാദം പ്രതികള്‍ക്ക് അനുകൂലമാണെന്ന് വാദിച്ച് സ്വാമി സ്വന്തം നിലയില്‍ കോടതിയെ സമീപിച്ചു. ഗൗരവം ബോധ്യമായ കോടതി ഉത്തരവ് നിര്‍ത്തി വച്ചു. കേസിന്‍റെ വാദം മെയ് 28ലേയ്ക്ക് മാറ്റി.

ഇത്തരക്കാരനെ എങ്ങനെ വെളിയം അംഗീകരിക്കും? റവന്യൂ വകുപ്പിനു കീഴില്‍ വരുന്ന ഉദ്യോഗസ്ഥനാണ് കളക്ടര്‍. ഫോണില്‍ ആജ്ഞാപിച്ചാല്‍ പാളത്താറഴിച്ച് തറ്റുമുടുത്ത് എംഎന്‍ സ്മാരകത്തില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട ഉദ്യോഗസ്ഥ ദുഷ് പ്രഭു.

ഭക്ഷ്യവകുപ്പ് ഞങ്ങള്‍ക്ക്, റവന്യൂ വകുപ്പ് ഞങ്ങള്‍ക്ക്. ‍ഞങ്ങടെ ഗോതന്പ് ഞങ്ങളുടെ ജനയുഗത്തിനു വേണ്ടി ഞങ്ങള്‍ വില്‍ക്കുന്ന ഏര്‍പ്പാടിനെയാണ് ദേശീയ ജനാധിപത്യ വിപ്ലവം എന്നു പറയുന്നത്. സിപിഎം പറയുന്ന ജനകീയ ജനാധിപത്യ വിപ്ലവം ഇതിന്‍റെ ഏഴയലത്ത് വരില്ല.

കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാകുന്പോള്‍ ഭക്ഷ്യവകുപ്പിലെ അരിയും ഗോതന്പും ജനയുഗത്തിന് വേണ്ടി മറിച്ചു വിറ്റാല്‍ ഞങ്ങളുടെ വകുപ്പിലെ കളക്ടര്‍ അതിന് പാരവയ്ക്കുന്നത് പ്രതിവിപ്ലവമല്ലേ സഖാക്കളേ!. ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായ വെളിയം ഭാര്‍ഗവന്‍ എങ്ങനെ സഹിക്കും, ഈ സ്വാമിയെ.

അതുകൊണ്ടാണ് വെളിയം ആശാന്‍ കോപാകുലനായത്. മന്ത്രിസഭയെന്നു വെച്ചാല്‍ സി ദിവാകരനും കെ പി രാജേന്ദ്രനും ബിനോയ് വിശ്വവും മുല്ലക്കര രത്നാകരനുമടങ്ങിയ ഒരു സൂത്രമാണ്.

ഗോതന്പിന്‍റെ ചരിത്രം ഇവര്‍ക്കും നന്നായി അറിയാം. അങ്ങനെയുളളവരെല്ലാം കൂടിച്ചേര്‍ന്ന് നാരായണസ്വാമിയെ തീരുമാനിക്കുക. നമ്മുടെ വെളിയം അതൊക്കെ കേട്ട് തലയാട്ടി സമ്മതിക്കുക. മാരീചന് ആലോചിക്കാന്‍ കൂടി വയ്യ.

ഈ സ്വാമിയും സംഘവും ഇനി ഇടുക്കിയിലെത്തിയാല്‍ സാക്ഷാല്‍ കാറല്‍ മാര്‍ക്സിനു വരെ പട്ടയമുളള കാര്യം പുറത്തറിയും. പാര്‍ട്ടി ഓഫീസുകള്‍ക്കു മുകളില്‍ റിസോര്‍ട്ട് പണിഞ്ഞ് ഇരുപതു വര്‍ഷത്തേയ്ക്ക് ലീസിനു നല്‍കിയിരിക്കുന്ന കഥ പുറംലോകത്ത് പരക്കും.

കൊച്ചേട്ടന്‍റെ ചെങ്കൊടിയിലെ അരിവാള്‍ ചുറ്റിക, കയ്യേറ്റക്കാരന്‍ ഇടുപ്പില്‍ തൂക്കുന്ന മണ്‍വെട്ടിയും കോടാലിയുമായി പരിണമിക്കും. തെരഞ്ഞെടുപ്പ് ചിഹ്നം വ്യാജപട്ടയമായി കമ്മിഷന്‍ പതിച്ചു നല്‍കും.

ആകാശം ഇടിഞ്ഞു വീഴും. നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കും. വന്‍കരകള്‍ പ്രളയത്തില്‍ മുങ്ങും. വിപ്ലവം ലേറ്റാകും. ജനജീവിതം സ്തംഭിക്കും.

അതുകൊണ്ട് ബഹുമാനപ്പെട്ട കേരള മന്ത്രിസഭേ, ഇടുക്കി കളക്ടറുടെ ചുമതലയില്‍ നിന്നും ആ രാജു നാരായണ സ്വാമിയെ പിന്‍വലിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more