കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം ഉറ്റുനോക്കുന്ന മണ്ഡലം... അട്ടിമറിയ്ക്കാൻ ബിജെപി, നിലനിർത്താൻ ശശി തരൂർ; എൽഡിഎഫ് എന്ത് ചെയ്യും?

Google Oneindia Malayalam News

Recommended Video

cmsvideo
തിരുവനന്തപുരം ഇത്തവണ ആര് നേടും? | Oneindia Malayalam

കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ദേശീയ രാഷ്ട്രീയം മുഴുവന്‍ ഉറ്റ് നോക്കിയിരുന്ന കേരളത്തിലെ മണ്ഡലം ആയിരുന്നു തിരുവനന്തപുരം. സംസ്ഥാന തലസ്ഥാനത്തെ മണ്ഡലം എന്നതായിരുന്നില്ല പ്രത്യേകത... ശശി തരൂര്‍ എന്ന താര സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ആയിരുന്നു കാരണം. രണ്ട് തവണയും വിജയം തരൂരിനൊപ്പവും.

ഇന്ന് നാം ചര്‍ച്ച ചെയ്യുന്നത് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തെ കുറിച്ചാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും മാറിമാറി ജയിക്കുന്ന മണ്ഡലം. ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ കാലം കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന മണ്ഡലം- ഇങ്ങനേയും വിശേഷിപ്പിക്കാം തലസ്ഥാന മണ്ഡലത്തെ.

തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നീ നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ എല്‍ഡിഎഫും യുഡിഎഫും തുല്യശക്തരായ മണ്ഡലം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. രണ്ട് കൂട്ടര്‍ക്കും മൂന്ന് വീതം മണ്ഡലങ്ങളില്‍ വിജയിക്കാനായിട്ടുണ്ട്. നേമം മണ്ഡലത്തില്‍ ബിജെപിയുടെ ഒ രാജഗോപാല്‍ ആണ് വിജയിച്ചത്.

Thiruvananthapuram

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത് ശശി തരൂര്‍ ആയിരുന്നു. ശശി തരൂരിന്റെ കന്നി തിരഞ്ഞെടുപ്പ് അങ്കവും തിരുവനന്തപുരത്ത് തന്നെ ആയിരുന്നു. 2009 ല്‍ ആദ്യമായി മത്സരിക്കുമ്പോള്‍ സിപിഐയ്യുടെ പി രാമചന്ദ്രന്‍ നായര്‍ ആയിരുന്നു തരൂരിന്റെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി. അന്ന് 99,998 വോട്ടുകള്‍ക്കായിരുന്നു തരൂരിന്റെ വിജയം.

എന്നാല്‍ 2014 ല്‍ എത്തിയപ്പോള്‍ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിരുന്നു. രാജ്യമെങ്ങും മോദി തരംഗം ആഞ്ഞടിക്കുന്ന കാലം. ബിജെപി തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഇറക്കിയത് ഒ രാജഗോപാലിനെ. സിപിഐ സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമും. ഇടതുമുന്നണിയില്‍ പെയ്‌മെന്റ് സീറ്റ് വിവാദം കത്തിപ്പടരുകയായിരുന്നു. ഒടുവില്‍ തിരഞ്ഞെടുപ്പില്‍ പ്രധാന മത്സരം ശശി തരൂരും രാജഗോപാലും തമ്മിലായി. ഒരു ഘട്ടത്തില്‍ രാജഗോപാല്‍ വിജയച്ചേക്കും എന്ന് പോലും പ്രതീക്ഷിക്കപ്പെട്ടു. പക്ഷേ, അന്തിമ ഫലം വന്നപ്പോള്‍ ശശി തരൂര്‍ 15,470 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു.

Shashi Tharoor

ഒന്നാം യുപിഎ സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു ശശി തരൂര്‍. ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കെ ആയിരുന്നു തരൂര്‍ 2014 ല്‍ മത്സരിച്ചത്. പക്ഷേ, തരൂരിന്റെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ ആരോപണങ്ങളെല്ലാം ആവിയായി.

മികച്ച വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും നയതന്ത്ര വിദഗ്ധനും ഒക്കെയാണ് ശശി തരൂര്‍. ഐക്യരാഷ്ട്രസഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറിയും. എന്നാല്‍ 2014 മുതല്‍ 2018 ഡിസബംര്‍ വരെയുള്ള കാലയളവില്‍ പാര്‍ലമെന്റില്‍ അദ്ദേഹം പങ്കെടുത്തത് വെറും 80 ചര്‍ച്ചകളില്‍ മാത്രമാണ്. സംസ്ഥാന ശരാശി 135 ഉം ദേശീയ ശരാശരി 63.8 ഉം ആണ്.

പക്ഷേ, മറ്റ് കാര്യങ്ങളില്‍ തരൂര്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചിട്ടുള്ളത്. 12 സ്വകാര്യ ബില്ലുകള്‍ അദ്ദേഹം അവതരിപ്പിച്ചു. സംസ്ഥാന, ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണിത്. 446 ചോദ്യങ്ങളാണ് ഇക്കാലയളവില്‍ തരൂര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. സംസ്ഥാന ശരാശരി ഇക്കാര്യത്തില്‍ 398 ഉം ദേശീയ ശരാശരി 273 ഉം ആണ്. 86 ശതമാനം ഹാജര്‍ നിലയും അദ്ദേഹത്തിനുണ്ട്.

ഇനി നമുക്ക് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് മടങ്ങിവരാം...

ബിജെപിയ്ക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും സ്വാധീനമുള്ള മണ്ഡലം ആണ് തിരുവനന്തപുരം. കഴിഞ്ഞ തവണ ഒ രാജഗോപാല്‍ നേടിയത് 282,336 വോട്ടുകളാണ്. അതായത്, മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 32.3 ശതമാനം! ഒരുപക്ഷേ, ചരിത്രത്തിലാദ്യമായാണ് ഒരു ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ഇത്രയധികം വോട്ടുകള്‍ കേരളത്തില്‍ ലഭിക്കുന്നത്.

Thiruvananthapuram

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കൂടി ഈ അവസരത്തില്‍ പരിശോധിക്കേണ്ടതുണ്ട്. നേമം മണ്ഡലത്തില്‍ ചരിത്രം സൃഷ്ടിച്ച് ഒ രാജഗോപാല്‍ വിജയിച്ചു. 8,671 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിജയം. അതുപോലെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തി. 32. 1 ശതമാനം വോട്ടുകളായിരുന്നു കുമ്മനം സ്വന്തമാക്കിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ടിഎന്‍ സീമയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു കുമ്മനത്തിന്റെ മുന്നേറ്റം. തിരുവനന്തപുരം മണ്ഡലത്തില്‍ ക്രിക്കറ്റ് താരമായ ശ്രീശാന്തിനെ ആയിരുന്നു ബിജെപി രംഗത്തിറക്കിയത്. ഇവിടെ 27.9 ശതമാനം വോട്ടുകള്‍ പിടിക്കാനും ബിജെപിയ്ക്ക് കഴിഞ്ഞു.

കോണ്‍ഗ്രസ് ഇത്തവണയും ശശി തരൂരിനെ തന്നെ ആയിരിക്കും തിരുവനന്തപുരത്ത് രംഗത്തിറക്കുക. തരൂര്‍ ആകുമ്പോള്‍ മണ്ഡലത്തില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമേ ഇല്ല. പക്ഷേ, ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന നേതാവായതിനാല്‍ തരൂരിനെതിരെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ ആയിരിക്കും ബിജെപി മത്സരിപ്പിക്കുക. ഒരുപക്ഷേ, കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ മത്സരിക്കുന്ന ഒരു കാഴ്ചയും തിരുവനന്തപുരത്ത് കാണാനാവും. സുരേഷ് ഗോപി മുതല്‍ കെ സുരേന്ദ്രന്‍ വരെയുള്ളവരുടെ പേരുകളാണ് തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടേതായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും ബിജെപി ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

വര്‍ഷങ്ങളായി ഇടതുമുന്നണി സിപിഐയ്ക്ക് വിട്ട് നല്‍കിയ സീറ്റ് ആണ് തിരുവനന്തപുരം. അക്കാര്യത്തില്‍ ഇത്തവണയും മാറ്റമൊന്നും ഉണ്ടാകാന്‍ ഇടയില്ല. പക്ഷേ, ഇത്തവണ ഇടതുമുന്നണി തിരുവനന്തപുരത്ത് എടുക്കുന്ന ഏത് തീരുമാനവും കോണ്‍ഗ്രസ്സിനും ബിജെപിയ്ക്കും നിര്‍ണായകമാണ്. ശക്തമായ ത്രികോണ മത്സരം നടന്നാല്‍ അത് കോണ്‍ഗ്രസ്സിനും ഇടതുമുന്നണിയ്ക്കും ക്ഷീണമാകാനും ബിജെപിയ്ക്ക് ഗുണം ചെയ്യാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതുപോലെ തന്നെ ശബരിമല വിഷയം ഹിന്ദു വോട്ടുകളില്‍ ഏത് തരത്തിലാണ് സ്വാധീനം ചെലുത്തുക എന്നതും തിരുവനന്തപുരത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

English summary
Know detailed information on Thiruvananthapuram Lok Sabha Constituency like election equations, sitting MP, demographics, election history, performance of current sitting MP, 2014 election results and much more about Thiruvananthapuram Loksabha Seat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X