കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് വേണ്ടി ആരൊക്കെ വരും

  • By Soorya Chandran
Google Oneindia Malayalam News

ലാവലിന്‍ കേസില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റ വിമുക്തനാക്കപ്പെട്ടതോടെ കേരളത്തിലെ ഭരണ മാറ്റത്തെപ്പറ്റിയാണ് എവിടേയും ചര്‍ച്ച. പ്രതിപക്ഷത്തെ ചില മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചനകളും ലോക്‌സഭ തിരഞ്ഞെടുപ്പോട ഉണ്ടായേക്കാവുന്ന ഭരണ മാറ്റത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

യുഡിഎഫിലെ പല ഘടകകക്ഷികളും കടുത്ത അസംതൃപ്തിയിലാണ് എന്നതാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. സര്‍ക്കാര്‍ പലപ്പോഴും മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നതായി നേരത്തേ ആരോപണം ഉണ്ട്. തങ്ങള്‍ക്ക് വേണ്ടത്ര പരിഗണല കിട്ടുന്നില്ല എന്നും പലരും ആരോപിക്കുന്നുണ്ട്. ഇതില്‍ നിയമ സഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികളും ഉള്‍പ്പെടും. ഇതെല്ലാം മുന്നില്‍ക്കണ്ട് കരുനീക്കങ്ങള്‍ക്കൊരുങ്ങുകയാണ് എല്‍ഡിഎഫ്.

Pinarayi Vijayan

കുതിരക്കച്ചവടം നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തങ്ങള്‍ ഇല്ല എന്ന പറഞ്ഞിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളാണ് ഇപ്പോള്‍ ഭരണ മാറ്റത്തെക്കുറിച്ചും പറയുന്നത്. പിണറായി വിജയനെതിരെ വിഎസ് അച്യുതാനന്ദന്‍ പ്രധാനമായും ഉന്നയിച്ചിരുന്ന ലാവലിന്‍ ആരോപണത്തിന് ഇനി പ്രസക്തിയില്ല എന്ന് വന്നതോടെ കാര്യങ്ങള്‍ സിപിഎമ്മിനെ സംബന്ധിച്ച് കൂടുതല്‍ എളുപ്പമാകും. പിണറായി വിജയന്‍ പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നതോടെ വിഎസ് അച്യുതാന്ദന്റെ സ്ഥാനം പോലും അപ്രസക്തമാകും.

ആരൊക്കൊയായിരിക്കും ഇനി ഇടതുപക്ഷത്തേക്ക വരിക എന്നതാണ് ചോദ്യം. ഇതിന് കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ ജി സുധാകരന്‍ നല്‍കിയ മറുപടി ഒരുപാട് സാധ്യതകള്‍ തുറന്നിടുന്നുണ്ട്. മുമ്പ് എല്‍ഡിഎഫില്‍ ഉണ്ടായിരുന്ന പലരുമാണല്ലോ ഇപ്പോള്‍ യുഡിഎഫില്‍ ഉള്ളത്. നയപരമായ തീരുമാനത്തിന്റെ പേരില്‍ അവര്‍ തിരിച്ചെത്തില്ലെന്ന് പറയാനാകില്ലെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

യുഡിഎഫില്‍ അസംതൃപ്തരായിരിക്കുന്ന പാര്‍ട്ടികള്‍ നിരവധിയാണ്. കെ എം മാണിയുടെ കേരള കോണ്‍ഗ്രസ്, ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ്, ഷിബു ബേബി ജോണിന്റെ ആര്‍എസ്പി ബി, ഗൗരിയമ്മയുടെ ജെഎസ്എസ്, എംവി രാഘവന്റെ സിഎംപി..., ഇവരെല്ലാം തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അസംതൃപ്തരാണ്.

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കെഎം മാണി തന്നെ വലത് പാളയം വിട്ട് എല്‍ഡിഎഫിലേക്ക് വരുമെന്ന് ഒരിടക്ക് ശ്രുതിയുണ്ടായിരുന്നു. അന്ന് പിജെ ജെസഫ് നയിക്കുന്ന വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പാണ് അതിന് ഇടങ്കോലിട്ടത് എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ പിജെ ജോസഫ് വിഭാഗം വേണമെങ്കില്‍ ഒരു പിളര്‍പ്പിന് തയ്യാറാണെന്ന നിലപാടിലാണ്. സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് പിന്നില്‍. ജോര്‍ജ്ജിനെ നിയന്ത്രിക്കുക എന്നത് കെ എം മാണിക്ക് പോലും സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഒരു പിളര്‍പ്പുണ്ടകാനുള്ള സാധ്യത അവഗണിക്കാനാകില്ല.

കഴിഞ്ഞ ഭരണത്തില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു പിജെ ജോസഫും കൂട്ടരും. അഴിമതി ആരോപണങ്ങളും ലൈംഗികാരോപണവും എല്ലാം കൂടി നാണം കെട്ടായിരുന്നു ജോസഫ് മുന്നണിയില്‍ നിന്ന് പുറത്ത് പോയി മാണിയുടെ കേരള കോണ്‍ഗ്രസില്‍ ലയിച്ചത്. അതുകൊണ്ട് ത്ന്നെ ഇടത് പക്ഷത്തേക്ക് ഒരു തിരിച്ചുപോക്ക് ജോസഫിനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും പറ്റാത്തതായിരുന്നു ഈ അടുത്ത കാലം വരെ. എന്നാല്‍ പിസി ജോര്‍ജ്ജ് കടുത്ത ആരോപണങ്ങളുമായി മുന്നോട്ട് വന്ന സമയത്ത് ജോസഫ് ഗ്രൂപ്പിലെ ചില നേതാക്കള്‍ ഒരു തിരിച്ചുപോക്കിന്റെ സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്ന സൂചനയാണ് നല്‍കിയത്.

വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റ് ജനതയാണ് മറ്റൊരു സാധ്യത. പിണറായി വിജയനോടും വിഎസ് അച്യുതാനന്ദനോടും ഉള്ള തന്റെ അടുപ്പം ഒരു ചാനല്‍ അഭിമുഖത്തില്‍ വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയത് അടുത്ത ദിവസമാണ്. പാര്‍ട്ടിയിലെ പ്രബലനായിരുന്ന കെ കൃഷ്ണന്‍ കുട്ടി പാര്‍ട്ടി വിട്ടത് സോഷ്യലിസ്റ്റ് ജനതയെ സംബന്ധിച്ച് ഒരു പ്രതിസന്ധി തന്നെയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നാല്‍ പാര്‍ട്ടിക്ക് ഒരു സീറ്റെങ്കിലും നേടാന്‍ ആകുമെന്ന പ്രതീക്ഷയും ഇല്ല. പണ്ട് കോഴിക്കോട് ലോക്‌സഭ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് വീരേന്ദ്ര കുമാര്‍ എല്‍ഡിഎഫ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. എന്തും സംഭവിക്കാം.

പിസി ജോര്‍ജ്ജിന്റെ പേരില്‍ ഇപ്പോള്‍ തൊില്‍ മന്ത്രി ഷിബു ബേബി ജോണും യുഡിഎഫില്‍ അത്ര തൃപ്തനല്ല. തന്റെ മാതൃ പ്രസ്ഥാനത്തിലേക്ക് തിരിച്ചുപോകുന്നതിനെപ്പറ്റി അദ്ദേഹവും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവ് വിപി രാമകൃഷ്ണ പിള്ളയെ ഷിബു സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഷിബു ബേബി ജോണ്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.

നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത സിഎംപിയും ജെഎസ്എസ്സും സിഎംപിയും യുഡിഎഫുമായി കുറേകാലമായി അത്ര സുഖത്തില്ല. എന്നാല്‍ രണ്ട് പാര്‍ട്ടി നേതാക്കളേയും അടുത്തിടെ സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ രണ്ട് പാര്‍ട്ടികളും യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

സോളാര്‍ കേസ് ഇപ്പോള്‍ ഒന്ന് അടങ്ങിയ മട്ടാണ്. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ സോളാറില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുമെന്നാണ് ഇടത് പാര്‍ട്ടികളില്‍ നിന്ന ലഭിക്കുന്ന സൂചന. ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തി സര്‍ക്കാരിനെ തന്നെ താഴെ ഇറക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും സൂചനകളുണ്ട്.

English summary
Speculations are going on about toppling the UDF government by LDF. Many allies of UDF are unsatisfied with congress and Muslim League now. It leads to a chance of forming a new government under LDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X