കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയുടെ ഐടി സ്വപ്നങ്ങള്‍ വിരിയുമ്പോള്‍....

  • By Staff
Google Oneindia Malayalam News

കേരളത്തിലെ ഏറ്റവും വലിയ ഐടി പാര്‍ക്കായി വളരാന്‍ പോകുന്ന ഇന്‍ഫോപാര്‍ക്കിനെക്കുറിച്ച് സര്‍ക്കാരിനും കേരളത്തിനും ഏറെ പ്രതീക്ഷകളുണ്ട്.. 194 ഏക്കറിലാണ് ഇന്‍ഫോപാര്‍ക്ക് സ്ഥാപിയ്ക്കുന്നത്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ളതാണ് ഇപ്പോള്‍ ഇന്‍ഫോ പാര്‍ക്ക് കെട്ടിടം. ഇനി പുതിയ കമ്പനികള്‍ വരുന്നതനുസരിച്ച് ഈ കാമ്പസില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉയരും. കൊച്ചിയില്‍ ഇന്‍ഫോ പാര്‍ക്ക് 2004 മെയ് മാസത്തോടെ കമ്മീഷന്‍ ചെയ്യും.

കാക്കനാട് ആരംഭിയ്ക്കുന്ന ഇന്‍ഫോപാര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് കെ.ജി. ഗിരീഷ്ബാബു.

സംസ്ഥാന ഐടിമിഷന്റെ പാര്‍ക്കുകളുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ഇദ്ദേഹത്തിന് അധികച്ചുമതലയായാണ് സര്‍ക്കാര്‍ പുതിയ പദവി നല്കിയിരിക്കുന്നത്.

ബാംഗ്ലൂരിലെ അയോര്‍മിക്സ് ഇന്ത്യയുടെ സിഇഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ കെഎസ്ഐഡിസി, കേരള ഹൈടെക് ഇന്‍ഡസ്ട്രീസ്, ഐടി മിഷന്‍ എന്നിവയില്‍ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. റിട്ട. ജില്ലാ - സെഷന്‍സ് ജഡ്ജി കെ.കെ. ഗോവിന്ദന്റെ മകനാണ്. മായയാണ് ഭാര്യ. രാഹുല്‍ ഏക മകനാണ്.

നാസ്കോം ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ബിപിഒ കേന്ദ്രമായാണ് കേരളത്തെ കണക്കാക്കിയിട്ടുള്ളത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ബിപിഒ രംഗത്ത് കൊച്ചി കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് ഗിരീഷ് ബാബു പറയുന്നു. അദ്ദേഹവുമായി ദാറ്റ്സ് മലയാളം ചീഫ് സബ് എഡിറ്റര്‍ ഗിരീഷ് ബാലന്‍ നടത്തിയ അഭിമുഖം.

1. എന്താണ് ഐടി മേഖലയില്‍ കൊച്ചിയുടെ സാധ്യതകള്‍?

ബിപിഒ, കാള്‍ സെന്റര്‍, സോഫ്റ്റ്വെയര്‍ സേവനം എന്നീ മേഖലകളിലാണ് കൊച്ചിയ്ക്ക് സാധ്യതകള്‍ ഉള്ളത്. സീ-മീ-വി-3, സേഫ് എന്നീ സമുദ്ര കേബിളുകളിലൂടെ നല്ല ബാന്‍ഡ്വിഡ്തിന്റെ ലഭ്യതയാണ് കൊച്ചിയ്ക്കുള്ള പ്രധാന അനുകൂല ഘടകം. അറ്റ്ലാന്റിക് - പസഫിക് സമുദ്രങ്ങള്‍ക്കടിയിലൂടെ കടന്നുപോകുന്ന ഓപ്റ്റിക് ഫൈബര്‍ കേബിളുകളിലൂടെ കണക്ടിവിറ്റി ലഭ്യമാകുന്ന ഒരേയൊരു കേന്ദ്രമാണ് കൊച്ചി. ഇതുമൂലം കരയിലൂടെയുള്ള കേബിളുകളുടെ സഹായമില്ലാതെ തന്നെ യുഎസിലേക്ക് മികച്ച ഗുണനിലവാരത്തില്‍ ഡാറ്റ(വിവരം) കൈമാറാന്‍ കൊച്ചിയില്‍ നിന്ന് സാധിയ്ക്കും.

വിഎസ്എന്‍എല്ലിന്റെ കാക്കനാടുള്ള ഹബിലൂടെയാണ് ദക്ഷിണേന്ത്യയുടെ പ്രധാന ഇന്റര്‍നെറ്റ് ട്രാഫിക് പോയിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിലെ ബാന്‍ഡ് വിഡ്തിന്റെ ചെലവ് എന്ന് പറയുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ്. അതായത് മുംബൈ വാഗ്ദാനം ചെയ്യുന്ന അതേ നിരക്കിലും ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നീ നഗരങ്ങള്‍ നല്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലും കൊച്ചിയ്ക്ക് ബാന്‍ഡ് വിഡ്ത് നല്കാന്‍ കഴിയും.

ബാന്‍ഡ് വിഡ്തിന്റെ കുറഞ്ഞ ചെലവ് മാത്രമല്ല, ഇവിടേയ്ക്ക് വരുന്ന വ്യവസായസംരംഭകന്റെ താല്പര്യം. കടലിനടിയില്‍ കൂടിയുള്ള ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ ലാന്റ് ചെയ്യുന്ന വിഎസ്എന്‍എല്‍ ഡാറ്റാ സെന്ററില്‍ നിന്ന് ഏറ്റവും കുറഞ്ഞു ദൂരത്തില്‍ കാള്‍സെന്റര്‍ സ്ഥാപിയ്ക്കുകയാണെങ്കില്‍ പൊതുവേ കമ്പനികള്‍ക്ക് പ്രശ്നങ്ങള്‍ കുറവായിരിക്കും.

2. കൊച്ചിയിലെത്തുന്ന ഒരു ഐടി വ്യവസായസംരംഭകന് എന്തൊക്കെ അടിസ്ഥാനസൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്?

കാക്കനാട്ടുള്ള ഇന്‍ഫോ പാര്‍ക്കിലാണ് ബിപിഒ വ്യവസായസംരംഭകര്‍ക്ക് സര്‍ക്കാര്‍ സ്ഥലം നല്കുന്നത്. ഇന്‍ഫോപാര്‍ക്കിന്റെ കെട്ടിടനിര്‍മ്മാണത്തിന്റെ ജോലികള്‍ അതിവേഗം പുരോഗമിയ്ക്കുകയാണ്. കേരള ഐടി മിഷന്റെ കീഴിലാണ് ഇന്‍ഫോപാര്‍ക്ക് സ്ഥാപിയ്ക്കുന്നത്. 2004 മെയ് മാസത്തിലാണ് രണ്ട് ലക്ഷം ചതുരശ്രയടി വ്യാപ്തിയുള്ള ഇന്‍ഫോപാര്‍ക്ക് കമ്മീഷന്‍ ചെയ്യുന്നത്. 194 ഏക്കറിലാണ് ഇന്‍ഫോപാര്‍ക്ക് സ്ഥിതിചെയ്യുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഏറ്റവും വലിയ ഐടിപാര്‍ക്കായി ഇന്‍ഫോ പാര്‍ക്ക് മാറിയേക്കും.

ഇടത്തരം വലിപ്പമുള്ള കമ്പനികളെ ഇന്‍ഫോപാര്‍ക്കിന്റെ ഇപ്പോഴത്തെ കെട്ടിടത്തില്‍ പാര്‍പ്പിയ്ക്കാന്‍ കഴിയും. തുടക്കക്കാരായ കമ്പനികള്‍ക്ക് കലൂര്‍ സ്റേഡിയത്തിലുള്ള ഐടിഇഎസ് ഹാബിറ്റാറ്റ് സെന്ററിലാണ് ഐടി മിഷന്‍ സ്ഥലം നല്കുന്നത്.

3. സമുദ്രാന്തരകേബിളുകള്‍ വന്നു കയറുന്ന സ്ഥലമായിട്ടുകൂടി കൊച്ചിയുടെ ആ സാധ്യത മുതലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വൈകിപ്പോയെന്ന പരാതിയുണ്ടല്ലോ?

വിഎസ്എന്‍എല്ലിന്റെ കീഴിലായിരുന്നു ഈ സമുദ്രാന്തരകേബിളുകള്‍. അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒന്നരവര്‍ഷത്തോളമെടുത്തു. ഇത്രയും വിപുലമായ ബാന്‍ഡ്വിഡ്ത് ലഭ്യമായിട്ടും അത് ഉപയോഗപ്പെടുത്താന്‍ അധികം പേര്‍ മുന്നോട്ട് വന്നില്ല. അതിന് ഒരു കാരണം അത്രയും വിപുലമായ ബാന്‍ഡ്വിഡ്ത് ഉപയോഗിക്കുന്ന രീതിയിലുള്ള വ്യവസായസംരംഭങ്ങള്‍ അക്കാലത്ത് ഐടിയില്‍ വളരെ കുറവായിരുന്നു എന്നതാണ്. ഇപ്പോള്‍ ബിപിഒ എന്ന രീതിയില്‍ കാള്‍ സെന്ററിന്റെ ആവശ്യം വളരെ വലുതായി വന്നപ്പോഴാണ് തടസമില്ലാത്ത ഈ ബാന്‍ഡ്വിഡ്തിന്റെ ഉപയോഗത്തിന് വഴിതെളിയുന്നത്.

വിവര സാങ്കേതിക വ്യവസായത്തില്‍ നേരത്തേ ഉള്ള രീതി മാറിയിരിയ്ക്കുന്നു. നേരത്തേ കമ്പനികള്‍ സോഫ്റ്റ് വേര്‍ വികസിപ്പിച്ച് വിദേശ കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. ഇത് ഉപഗ്രഹ ബാന്‍ഡ്വിഡ്തിലൂടെ അയയ്ക്കേണ്ട കാര്യമേ ഉള്ളൂ. ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങി കടലുമായി നേരിട്ട് ബന്ധമില്ലാത്ത നഗരങ്ങളില്‍ ഇത്തരം വിവരങ്ങള്‍ (ഡാറ്റകള്‍) അപ്ലോഡ് ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്യുകയും ആയിരുന്നു പതിവ്. മെഡിയ്ക്കല്‍ ട്രാന്‍സ്ക്രിപ്ഷന്റെ കാര്യത്തില്‍ പോലും അവിടെ നിന്നുള്ള ഡാറ്റ ഇങ്ങോട്ടയയ്ക്കും. അത് കഴിഞ്ഞിട്ട് അതിവിടെ ട്രാന്‍സ്ക്രിപ്റ്റ് ചെയ്ത് കഴിഞ്ഞ് തിരിച്ചയയ്ക്കും. അപ്പോള്‍ അവിടെ ഒരു തത്സമയപ്രവര്‍ത്തനം (റിയല്‍ ടൈം ഓപ്പറേഷന്‍) ആവശ്യമായി വരുന്നില്ല. ഉപഗ്രഹസംവിധാനം വഴിയുണ്ടാകുന്ന ഈ കാലതാമസം, അതായത് ഒരു ഡാറ്റ 36,000 കിലോമീറ്റര്‍ മുകളിലേയ്ക്കും താഴേയ്ക്കും വരുമ്പോള്‍ വാര്‍ത്താവിനിമയത്തില്‍ വരുന്ന കാലതാമസം, പ്രശ്നമല്ലാത്ത തരത്തിലുള്ള വ്യവസായമാതൃകകളായിരുന്നു അക്കാലത്തുണ്ടായിരുന്നത്. എന്നാല്‍ അത്തരം വ്യവസായമാതൃകകളല്ല കാള്‍സെന്ററിന്റെ കാര്യത്തിലുള്ളത്. അവിടെ തത്സമയ സംവേദനം (റിയല്‍ ടൈം ഓപ്പറേഷന്‍) ആണ് നടക്കേണ്ടത്. തത്സമയ സംവേദനം ആകുമ്പോള്‍ ഉപഗ്രഹ ബാന്‍ഡ്വിഡ്തിന്റെ സാധ്യത പരിമിതമാണ്.

(പക്ഷെ ഉപഗ്രഹത്തിലൂടെയുള്ള ബാന്‍ഡ്വിഡ്ത് ഇപ്പോഴും ചെലവ് കുറഞ്ഞതായതിനാല്‍ കരുതല്‍ എന്നനിലയ്ക്ക് ഈ സാധ്യത നിലനിര്‍ത്താവുന്നതാണ്.)

ഈ പ്രത്യേക സാഹചര്യത്തിലാണ് ഈ സമുദ്ര ഓപ്റ്റിക് ഫൈബര്‍ കേബിളുകള്‍ പ്രസക്തമാകുന്നത്. ഇന്ത്യയിലിപ്പോള്‍ മൂന്നിടത്തേ ഈ കേബിളുകള്‍ വന്ന് കയറുന്നുള്ളൂ. മുംബൈയിലും കൊച്ചിയിലും ചെന്നൈയിലും. അപ്പോള്‍ ഈ പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് മുംബൈയ്ക്കുള്ളതുപോലെയുള്ള തുല്ല്യപ്രാധാന്യം കൊച്ചിയ്ക്കുമുണ്ട്. ഐടിയില്‍ മുന്നില്‍നില്ക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ദക്ഷിണേന്ത്യയിലായതിനാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് പോയിക്കൊണ്ടിരിക്കുന്നത് കൊച്ചിയിലൂടെയാണ്.ഇന്റര്‍നെറ്റ് ട്രാഫിക്കിന് ആകെയുള്ള അഞ്ച് എസ്ടിഎം1 സ്വിച്ചുകളില്‍ മൂന്നെണ്ണം കൊച്ചിയിലാണ്. രണ്ടെണ്ണം മാത്രമേ മുംബൈയിലുള്ളൂ.

4. കൊച്ചിയോട് ബിപിഒ ബിസിനസ്സിന് താല്പര്യമുള്ള കമ്പനികള്‍ എങ്ങിനെയാണ് പ്രതികരിയ്ക്കുന്നത്?

ഐടി അനുബന്ധസേവനമേഖലയ്ക്ക് യോജിച്ച രണ്ടാമത്തെ മികച്ച കേന്ദ്രമായി സോഫ്റ്റ്വെയര്‍ സേവനമേഖലയിലെ കമ്പനികളുടെ ദേശീയസംഘടനയായ നാസ് കോം കൊച്ചിയെ തിരഞ്ഞെടുത്തതോടെ നിക്ഷേപകര്‍ കൂടുതല്‍ ഗൗരവത്തോടെയാണ് കൊച്ചിയെ വീക്ഷിയ്ക്കുന്നത്. പത്തോളം ഇടത്തരം ഐടി കമ്പനികളും ഏതാനും പ്രധാന ഐടി കമ്പനികളും കൊച്ചിയെ നിക്ഷേപമിറക്കാനുള്ള അടുത്ത കേന്ദ്രമായി പരിഗണിച്ചുവരികയാണ്. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള കുറഞ്ഞ ചെലവ്, ബിപിഒ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും പരിശീലനവും സിദ്ധിച്ച ആളുകളുടെ ലഭ്യത, ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനുള്ള കുറഞ്ഞ സാധ്യത, സമാധാന അന്തരീക്ഷം എന്നിവയാണ് കൊച്ചിയ്ക്കുള്ള പ്രധാന ആകര്‍ഷണങ്ങള്‍.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X