ശോഭ വിശ്വനാഥൻ കേസിൽ നിർണായക വഴിത്തിരിവ്; സംഭവങ്ങൾ 'വൺ ഇന്ത്യയോട്' തുറന്ന് പറഞ്ഞ് യുവ സംരംഭക
തിരുവനന്തപുരം: യുവസംരംഭകയുടെ സ്ഥാപനത്തില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ നിർണായക വഴിത്തിരിവ്. പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ശോഭ വിശ്വനാഥൻ്റെ സുഹൃത്താണ് വീവേഴ്സ് വില്ലേജ് എന്ന സ്ഥാപനത്തിൽ കഞ്ചാവെത്തിച്ചത്.
തിരുവനന്തപുരം വഴയില സ്വദേശിയായ ശോഭ മാസങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പൊതുസമൂഹത്തിന് മുന്നിൽ തൻ്റെ നിരപരാധിത്വം തെളിയിച്ചത്. സിനിമസ്റ്റൈലിനെ പോലും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു സംഭവവികാസങ്ങൾ.

വീവേഴ്സ് വില്ലയിൽ സംഭവിച്ചതെന്ത്?
ഇക്കഴിഞ്ഞ ജനുവരി 21-നാണ് തിരുവനന്തപുരം വഴുതയ്ക്കാട്ടുള്ള കൈത്തറി വസ്ത്രസംരംഭമായ 'വീവേഴ്‌സ് വില്ല' എന്ന സ്ഥാപനത്തിൽ നിന്ന് 400 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുക്കുന്നത്. തൻ്റെ സ്ഥാപനമാണിത്.ആ ദിവസം കോവളം വെള്ളാർ കരകൗശലഗ്രാമത്തിലെ വീവേഴ്‌സ് വില്ലയുടെ ശാഖയിലായിരുന്നു താൻ.

വഴുതക്കാട്ടെ സ്ഥാപനത്തിൽ പൊലീസ് വന്നത് എന്തിന്?
അന്നേ ദിവസം, ഉച്ചയോടെ വഴുതക്കാട്ടെ സ്ഥാപനത്തിൽ പൊലീസ് എത്തിയതായി കെട്ടിടത്തിൻ്റെ ഉടമ തന്നെ വിളിച്ചറിയിച്ചു. എന്തിനാണ് പൊലീസ് വന്നത് എന്നറിയാൻ സ്ഥാപനത്തിലെ ലാൻഡ് ഫോണിൽ വിളിച്ചെങ്കിലും ആരും ഫോൺ കോളെടുത്തില്ല.കുറച്ചു സമയം കഴിഞ്ഞപ്പോൾ വെള്ളാറിലെ കരകൗശല കേന്ദ്രത്തിലും പൊലീസെത്തി.അവർക്കൊപ്പം നാർകോട്ടിക് വിഭാഗവുമുണ്ടായിരുന്നു. സംഭവങ്ങൾ മാറിമറിയുന്നു.

നാർക്കോട്ടിക് വിഭാഗം പരിശോധന നടത്തിയല്ലോ?
വഴുതയ്ക്കാട്ട് നിന്ന് കഞ്ചാവ് കണ്ടെടുത്ത കാര്യം നാർക്കോട്ടിക് വിഭാഗമാണ് തന്നെ അറിയിക്കുന്നത്. കോവളത്തെ വെള്ളാറിലും പരിശോധന നടത്തി. എന്നാൽ ഇവിടെ വച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വഴുതയ്ക്കാട് വീവേഴ്‌സ് വില്ലയിലേക്കാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്.
സ്ഥാപനത്തിൻ്റെ മുറ്റത്തും റോഡിലും ചുറ്റുവട്ടത്തുമായി ആളുകൾ തടിച്ചുകൂടി. നാലു വാഹനങ്ങളിലായി പൊലീസുമുണ്ട്. മാനസികമായി ആകെ തളർന്ന് എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയി.

പൊലീസ് പിഴടയ്ക്കാൻ ആവശ്യപ്പെട്ടോ?
തിരുവനന്തപുരത്തെ വെള്ളയമ്പലത്തുള്ള ഫ്ലാറ്റിൽ തന്നെയെത്തിച്ച് നാർകോട്ടിക് പൊലീസ് വിഭാഗങ്ങളുടെ സംയുക്ത പരിശോധന. ശേഷം, മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു.പിന്നീട്,മ്യൂസിയം സ്റ്റേഷനിൽ നിന്ന് ജാമ്യമെടുത്തു. 2000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും താൻ തയ്യാറായില്ല.

പേരും പ്രശസ്തിയും തകർക്കാൻ ഗുഢസംഘങ്ങൾ കരുതിക്കൂട്ടിയിറങ്ങിയതാണോ?
'തെറ്റ് ചെയ്തിട്ടില്ല.എന്തിനാണ് ചെയ്യാത്ത കുറ്റത്തിന് പിഴയടക്കുന്നത് എന്ന നിലപാടാണ് സ്വീകരിച്ചത് '. പത്തു കൊല്ലത്തോളമായി തിരുവനന്തപുരം നഗരത്തിൽ ജീവിക്കുന്നു.ഇക്കാലയളവിൽ പൊതുസമൂഹത്തിൽ നിന്ന് നേടിയെടുത്ത എല്ലാ പേരും പ്രശസ്തിയും ഇതോടെ പോയി കിട്ടി.

പൊലീസിന് തുമ്പ് ലഭിച്ചതെവിടെന്ന്?
സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറകളുടെ പരിശോധനയിലാണ് ഗൂഡാലോചനയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ജനുവരി 18-ന് ജീവനക്കാരി അര മണിക്കൂർ നേരം സി.സി. ടി.വി. ഓഫാക്കിയെന്ന് കണ്ടെത്തി. അതിലൂടെയാണ് പൊലീസിന് വിവരങ്ങൾ ലഭിക്കുന്നതെന്നാണ് തൻ്റെ വിവരം.

മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൊടുത്തിരുന്നോ?
പൊലീസ് അന്വേഷണത്തിൽ വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. രണ്ട് മാസം മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റക്കും പരാതി നൽകിയത്. അതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

പ്രണയാഭ്യർത്ഥന നിരസിച്ചതിൽ ഇങ്ങനെയും പകപോക്കലോ?
പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ സുഹൃത്ത് ഹരീഷും സഹായി വിവേക് രാജും ചേര്‍ന്നാണ് കഞ്ചാവ് കൊണ്ടുവച്ചതെന്നും പിന്നീട് പൊലീസില്‍ വിളിച്ച് അറിയിച്ചതെന്നും കേസന്വേഷണത്തിൽ തെളിഞ്ഞു. ഒടുവിൽ പൊലീസ് തനിക്കെതിരായ കേസ് ഒഴിവാക്കുകയായിരുന്നു.

ഹരീഷിനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല?
ഹരീഷിനെയും വിവേകിനെയും പ്രതിചേര്‍ത്ത് എഫ് ഐ ആറിട്ടു.ഹരീഷിനെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ബ്രിട്ടീഷ് പൗരത്വമുള്ള ഹരീഷ്, മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യം ലഭിച്ചാല്‍ ഹരീഷ് രാജ്യം വിടാന്‍ സാധ്യതയുണ്ട്. പിന്നെ, എന്താകുമെന്ന് അറിയില്ല. ആകെ അങ്കലാപ്പിലാണ് താൻ.

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടോ?
നിരപരാധിത്വം തെളിയിക്കാന്‍ പോരാടിയ ശോഭ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.കൊവിഡ് പ്രതിരോധ ചുമതലയുടെ ഭാഗമായ ഡ്യൂട്ടിയുള്ളതിനാലാണ് കേസന്വേഷണത്തില്‍ ചെറിയ കാലതമാസുണ്ടായതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അമ്മിണിക്കുട്ടനും സംഘവുമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്
Recommended Video

അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന ഉറപ്പെന്താണ്?
ഹരീഷിനെ സഹായിച്ചവരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അമ്മിണിക്കുട്ടന്‍ സർ പറഞ്ഞു. അന്വേഷണ പുരോഗതി അദ്ദേഹം നിരന്തരം വിലയിരുത്തുന്നുണ്ടെന്നാണ് വിവരം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട് - ശോഭ വിശ്വനാഥ് വ്യക്തമാക്കി












Click it and Unblock the Notifications