കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ള് ഷാപ്പുകള്‍ അനുവദിക്കണമെന്ന് കേരകര്‍ഷകര്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ കള്ള് ഷാപ്പുകള്‍ നടത്താന്‍ തങ്ങളെ അനുവദിക്കണമെന്ന് കേര കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കള്ള് ഷാപ്പുകള്‍ അബ്കാരികളോ കള്ള് സഹകരണ സംഘങ്ങളോ നടത്തേണ്ടതെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമെടുക്കാന്‍ കഴിയാത്ത കേരള സര്‍ക്കാരിനെ കേരകര്‍ഷകരുടെ ഈ ആവശ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കും.

കള്ള് വില്പനയിലൂടെ കിട്ടുന്ന വരുമാനത്തില്‍ കണ്ണ് വച്ചിട്ടുള്ള അബ്കാരികള്‍ അതുംകൂടി തങ്ങളുടെ വരുതിയിലാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു. കള്ള് ഷാപ്പുകള്‍ നടത്തുന്നത് അബ്കാരികളായാലും സഹകരണ സംഘമായാലും നഷ്ടം കര്‍ഷകനാണ്. കര്‍ഷകനെ ചൂഷണം ചെയ്താണ് ഇവര്‍ കൊള്ളലാഭം കൊയ്യുന്നതെന്ന് കേരള കേര കര്‍ഷക സംഘം മേധാവി അബ്രഹാം ബെന്‍ഹൂര്‍ പറഞ്ഞു.

നാളികേരത്തിന്റെ വിലയിടിവ് കാരണം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് താങ്ങാകാന്‍ കര്‍ഷകരുടെ സഹകരണ സംഘം രൂപീകരിച്ച് കള്ള് വില്പന നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ 10 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ മേഖലയില്‍ 40 ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. കര്‍ഷകരുടെ സഹകരണ സംഘത്തിലൂടെയോ സര്‍ക്കാര്‍ നേരിട്ടോ കള്ള് വില്പന നടത്തുകയാണെങ്കില്‍ കര്‍ഷകന് ഒരു ലിറ്ററിന് ചുരുങ്ങിയത് 20 രൂപയെങ്കിലും കിട്ടും. അങ്ങിനെ വന്നാല്‍ വര്‍ഷത്തില്‍ ഒരു തെങ്ങില്‍ നിന്ന് 12,000 രൂപ വരുമാനമുണ്ടാക്കാനുള്ള വഴി അവനുണ്ടാകും - അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ കണക്കനുസരിച്ച് കേരളത്തില്‍ ദിവസേന 12 ലക്ഷം ലിറ്റര്‍ കള്ള് വില്‍ക്കുന്നുണ്ട്. ലിറ്ററിന് 30 രൂപ മുതല്‍ 40 രൂപ വരെയാണ് വില. ഈ കണക്കനുസരിച്ച് വര്‍ഷം തോറും 1,600 കോടി രൂപയുടെ വിറ്റുവരവാണ് കേരളത്തിലുള്ളത്. ഇതില്‍ 1,200 കോടി രൂപയും അബ്കാരികളുടെ കീശയിലാണ് ചെല്ലുന്നത്. ഒരു കര്‍ഷകന് ഇപ്പോള്‍ ആറ് മാസം കൊണ്ട് ഒരു തെങ്ങില്‍ നിന്ന് 400 രൂപയാണ് കിട്ടുന്നതെങ്കില്‍ ഇതേ കാലയളവില്‍ കള്ള് ഷാപ്പുടമയ്ക്ക് ലഭിക്കുന്നത് 20,000 രൂപയാണ്. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ അത് കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യും - അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജൂലായില്‍ തന്നെ ഇക്കാര്യം ആന്റണി സര്‍ക്കാരിനെ ബോധിപ്പിക്കുകയും കേന്ദ്ര കൃഷി മന്ത്രിക്ക് മെമ്മോറാണ്ടം നല്‍കുകയും ചെയ്തിട്ടുണ്ട്. കള്ളിന് തറവില പ്രഖ്യാപിക്കണെന്നും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

വിനാഗിരി, ചക്കര തുടങ്ങിയവ നിര്‍മ്മിക്കാന്‍ അബ്കാരി നിമയത്തില്‍ ഭേദഗതി വരുത്തണെന്നും സംഘം ആവശ്യപ്പെട്ടു. നാളികേരത്തില്‍ നിന്ന് ശീതള പാനീയങ്ങള്‍ ആധുനികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനത്ത് വ്യാവസായിക യൂണിറ്റുകള്‍ തുടങ്ങണമെന്നും സംഘം കേരളസര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X