കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടങ്ങിപ്പോകാന്‍ ബസില്ല ; പമ്പയില്‍ അയ്യപ്പന്മാരുടെ അക്രമം

  • By Staff
Google Oneindia Malayalam News

പമ്പ : മകരജ്യോതി കണ്ടു മടങ്ങിപ്പോകാന്‍ ബസു കിട്ടാത്തില്‍ ക്ഷുഭിതരായ അയ്യപ്പഭക്തന്മാര്‍ പമ്പയിലും പരിസരത്തും വ്യാപകമായ അക്രമം നടത്തി. 18 കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ 28 വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. പമ്പ ബസ്സ്റാന്‍ഡ് കയ്യേറി ഓഫീസ് നശിപ്പിച്ചു. കടകളെയും വെറുതേ വിട്ടില്ല. മണിക്കൂറുകള്‍ക്കു ശേഷമാണ് പൊലീസ് സ്ഥിതി നിയന്ത്രിച്ചത്.

ജനവരി 14 തിങ്കളാഴ്ച സന്ധ്യയ്ക്ക് പമ്പയിലെത്തിയ പതിനായിരക്കണക്കിന് ഭക്തന്മാര്‍ ബുധനാഴ്ച ഉച്ചവരെ വണ്ടികിട്ടാതെ വിഷമിച്ചു. തിങ്കളാഴ്ച രാത്രി 12 മണിക്കു ശേഷം സ്റാന്‍ഡിലേയ്ക്ക് കെഎസ്ആര്‍ടിസി ബസുകളൊന്നുമെത്തിയില്ല. ഉണ്ടായിരുന്ന 220 ബസുകളും എട്ടരയോടെ പുറപ്പെട്ടു. ചൊവാഴ്ച പുലര്‍ച്ച മൂന്നുവരെ ബസുകളൊന്നും മടങ്ങിയെത്തിയില്ല.

രാവിലെ പത്തരയോടെ മൂന്നു ബസുകള്‍ എത്തി. ബസിന്റെ പുറത്തും ഗോവണിയിലുമായി ധാരാളം പേര്‍ കയറിയതിനാല്‍ ഓടിക്കാന്‍ ജീവനക്കാര്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് ക്ഷുഭിതരായ ആന്ധ്രയിലെ അയ്യപ്പന്മാരാണ് അക്രമം നടത്തിയത്.

പമ്പ പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ നടപ്പാക്കിയ പുതിയ ട്രാഫിക് പരിഷ്കാരമാണ് ഭക്തന്മാരെ വലച്ചത്. ജ്യോതി ദര്‍ശനത്തിനെത്തിയ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍, പ്ലാപ്പള്ളി, ആങ്ങാമൂഴി എന്നിവിടങ്ങളിലാണ് പാര്‍ക്കിംഗ് ക്രമീകരിച്ചത്. കെഎസ്ആര്‍ടിസിയുടെ സ്പെഷ്യല്‍ ബസുകളില്‍ അയ്യപ്പന്മാരെ പമ്പയില്‍ നിന്നും ഇവിടങ്ങളിലെത്തിക്കുകയായിരുന്നു. തിരക്കു കൂടിയെങ്കിലും സ്വകാര്യവാഹനങ്ങളെ പമ്പയിലേയ്ക്കു കടത്തിവിടാന്‍ അധികാരികള്‍ തയ്യാറായില്ല. ദര്‍ശനം കഴിഞ്ഞ് കൂടുതല്‍ പേര്‍ മലയിറങ്ങിയെത്തിയതോടെ ട്രാഫിക്ക് സംവിധാനമാകെ തെറ്റി. എന്നിട്ടും തന്റെ മുന്‍തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ വിസമ്മതിച്ചതാണ് പ്രശ്നം നിയന്ത്രണാതീതമാക്കിയത്.

കേരളാ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ അയ്യപ്പന്മാര്‍ മുദ്രാവാക്യം മുഴക്കി. പൊലീസ് ബാരക്കിലെ മൈക്ക് അവര്‍ പിടിച്ചെടുത്തു. ആന്ധ്രയിലെ തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസിയും സര്‍ക്കാരും കൊളളയടിക്കുകയാണെന്നും കരഞ്ഞു പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും ഉച്ചഭാഷിണി വഴി വിളിച്ചു പറഞ്ഞു. തുടര്‍ന്നാണ് അക്രമം തീവ്രമായത്.

മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് രംഗത്തിറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസ്, ദേവസ്വം, ഗതാഗത മന്ത്രി എന്നിവരെ യഥാസമയം വിവരം ധരിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X