• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആഗോളവല്‍ക്കരണം : നേടിയതാര്?

  • By Staff

തിരുവനന്തപുരം : വിവര സാങ്കേതികവിദ്യ ഉപയോഗിച്ചുളള സേവനങ്ങള്‍ക്ക് കേരളം മുന്‍ഗണന നല്‍കണമെന്ന് വിദഗ്ദ്ധന്‍. വിദഗ്ദ്ധരായ തൊഴിലാളികളുടെ ലഭ്യത സംസ്ഥാനത്ത് അധികമായതിനാല്‍ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. കേരളത്തില്‍ ഭൂ ദൗര്‍ലഭ്യം കാരണം വന്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണം.

ബാഗളൂരിലെ പബ്ലിക് അഫയേഴ്സ് സെന്ററിലെ ചെയര്‍മാനും ഐഐഎം ഹൈദരാബാദിലെ മുന്‍ ഡയറക്ടറുമായ ഡോ. സാമുവല്‍ പോളാണ് കേരളത്തിന്റെ വികസനത്തിന് ഈ മാര്‍ഗം നിര്‍ദ്ദേശിച്ചത്.

ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഹാളില്‍ ഡോ. വി. രാജഗോപാല്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ,സാമുവല്‍ പോള്‍. ആഗോളവല്‍ക്കരണം : നേട്ടമാര്‍ക്ക്? എന്നതായിരുന്നു വിഷയം.

കേരളം മൂലധന നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷിക ഉല്‍പാദനം ഗണ്യമായി കുറഞ്ഞതും അതിനനുബന്ധമായ ചില വ്യവസായങ്ങള്‍ അന്യ നാടുകളിലേയ്ക്ക് ചേക്കേറിയതും സംസ്ഥാനത്തിന്റെ സ്ഥിതി ദയനീയമാക്കി.

കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച് വെറും 1.5 ശതമാനമാണ്. തമിഴ്നാട്ടില്‍ ഇത് ആറും, കര്‍ണാടകത്തില്‍ ഏഴും ഗുജറാത്തില്‍ എട്ടും ശതമാനമാണ്. അയല്‍സംസ്ഥാനങ്ങള്‍ വ്യാവസായികമായി വളരുമ്പോള്‍ അതിനനുസരിച്ച് വളരാന്‍ കേരളത്തിന് കഴിയുന്നില്ല- ഡോ. പോള്‍ അഭിപ്രായപ്പെട്ടു.

അവിദഗ്ദ്ധ തൊഴിലാളികള്‍ കേരളത്തില്‍ കുറവാണ്. വലിയ തോതില്‍ ഭൂമിയും ഇവിടെ ലഭ്യമല്ല. ഇതു രണ്ടുമാണ് വന്‍വ്യവസായങ്ങള്‍ തുടങ്ങാന്‍ വേണ്ട ഘടകങ്ങള്‍. വ്യാവസായിക വളര്‍ച്ചയില്ലെങ്കില്‍ പോലും ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളില്‍ വികസിത രാജ്യങ്ങള്‍ക്കു സമാനമായ പുരോഗതി നേടാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. നാണ്യവിളകളുടെ ഉല്‍പാദനച്ചെലവും ഗുണനിലവാരവും മത്സരാധിഷ്ഠിതമായി മെച്ചപ്പെടുത്തണം. അദ്ദേഹം പറഞ്ഞു.

ആഗോളവല്‍ക്കരണത്തിന്റെ ഗുണങ്ങള്‍ കേരളം അനുഭവിച്ചിട്ടില്ലെന്നു വാദിക്കുന്നത് ശരിയല്ല. 1975 മുതല്‍ അതിന്റെ സദ്ഫലങ്ങള്‍ സംസ്ഥാനം നേടിയിട്ടുണ്ട്. ഗള്‍ഫ് നാടുകളിലേയ്ക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടായത് ഉദാഹരണം. വര്‍ഷത്തില്‍ 46,000 കോടി രൂപയാണ് കേരളം നേടുന്ന പ്രവാസി വരുമാനം. ഗള്‍ഫ് നാടുകളില്‍ ചേക്കേറിയവര്‍ ഏറെയും താഴെത്തട്ടിലുളളവരായതിനാല്‍ ദാരിദ്യ്ര നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ഈ കുടിയേറ്റം കേരളത്തെ കണക്കറ്റു സഹായിച്ചിട്ടുണ്ട്. - ഡോ. സാമുവല്‍ പോള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതിന് മറ്റൊരു വശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് നാടുകളിലുണ്ടാകുന്ന ഏതു പ്രതിസന്ധിയും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ തൊഴിലവസരങ്ങള്‍ കാലാനുസൃതമായി പരിഷക്കരിക്കണം.

ആഗോളവല്‍ക്കരണത്തിന്റെ സദ്ഫലങ്ങള്‍ കിട്ടാന്‍ രാജ്യങ്ങള്‍ കൂടുതല്‍ ആക്രമണോത്സുകമായ മാര്‍ഗങ്ങള്‍ തേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂലധന കയറ്റുമതിയ്ക്ക് വികസിത രാജ്യങ്ങള്‍ ഒരുക്കമാണ്. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ ഇറക്കുമതി ചെയ്യാന്‍ അവര്‍ തയ്യാറല്ല.

വാണിജ്യമാണ് ദീര്‍ഘകാല പുരോഗതിയ്ക്കുളള മാര്‍ഗം. എന്നാല്‍ ഇത് ആഭ്യന്തര വ്യവസായത്തെ തകര്‍ക്കുകയും തൊഴിലില്ലായ്മ വളര്‍ത്തുകയും ചെയ്യും. ഈ സാഹചര്യം നേരിടാനുളള കരുത്ത് വികസ്വര രാജ്യങ്ങള്‍ക്കില്ല. ഈ പരിമിതിയാണ് ലോക വ്യാപകമായ ആഗോളവല്‍ക്കരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് കരുത്തു പകരുന്നത് - ഡോ. പോള്‍ പറഞ്ഞു.

വികസിത രാജ്യങ്ങളേറെയും ആഗോളവല്‍ക്കരണത്തിന്റെ ഗുണങ്ങള്‍ കൈപ്പറ്റിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ലോക വാണിജ്യത്തിന്റെ 80 ശതമാനവും നടക്കുന്നത് സമ്പന്ന രാജ്യങ്ങള്‍ തമ്മിലാണ്. മറ്റുളളവര്‍ ഇന്നും പടിക്കു പുറത്താണ്. ചൈനയും വിയറ്റ്നാമും ഈ നയം കൊണ്ട് ഗണ്യമായ നേട്ടമുണ്ടാക്കി.

വികസ്വര രാജ്യങ്ങള്‍ക്ക് ആഗോളവല്‍ക്കരണത്തിന്റെ നേട്ടം ഉണ്ടാകണമെങ്കില്‍ വിലപേശാനറിയുന്ന സര്‍ക്കാരുകളുണ്ടാകണം. നന്നായി ഗൃഹപാഠം ചെയ്യുന്ന ഭരണാധികാരികള്‍ വേണം. അന്യരാജ്യങ്ങളുമായും അന്താരാഷ്ട്ര ഏജന്‍സികളുമായും വിലപേശിയെങ്കിലേ നേട്ടങ്ങള്‍ പങ്കു വയ്ക്കപ്പെടുകയുളളൂ. അടിസ്ഥാന സൗകര്യങ്ങളും മനുഷ്യ ശേഷിയും നിക്ഷേപകനാവശ്യമുളള മറ്റു കാര്യങ്ങളിലും അവരെക്കൊണ്ട് മുതല്‍മുടക്കിക്കാന്‍ കഴിയണം.

വിപണി നിയന്ത്രിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തണം. മനുഷ്യശേഷിയുടെയും ഉല്‍പാദനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തണം, ശക്തമായ നിയമങ്ങളുണ്ടാകണം. ആഗോളവല്‍ക്കരണത്തിന്റെ നേട്ടം ലഭിക്കണമെങ്കില്‍ ഇത്രയും ഉറപ്പു വരുത്തണം ഡോ. സാമുവല്‍ പോള്‍ പ്രസ്താവിച്ചു.

പാവപ്പെട്ടവര്‍ക്ക് ഈ നയം മൂലം നേട്ടമുണ്ടാകുന്നില്ലെന്ന ആഗോളവിരുദ്ധരുടെ വാദം ശരിയാണെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ പാവപ്പെട്ടവരെ ആഗോള ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കുന്നതില്‍ വികസ്വര രാജ്യങ്ങള്‍ പരാജയപ്പെട്ടതാണ് ഇതിനു കാരണം. അവരുടെ വിദ്യാഭ്യാസവും തൊഴില്‍ നിലവാരവും മാറിയ സാഹചര്യത്തിനനുസരിച്ച് ആധുനീകരിക്കണം. പുതിയ അവസരങ്ങള്‍ നേരിടുന്നതിന് അവരെ കഴിവുളളവരാക്കണമെന്ന് ഡോ. പോള്‍ ആവശ്യപ്പെട്ടു.

പ്രമുഖ മാനേജ്മെന്റ് വിദഗ്ദ്ധന്‍ എം. എന്‍. വി. നായര്‍ വിഷയമവതരിപ്പിച്ചു. വനം വകുപ്പ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷന്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഡോ. വി. രാജഗോപാലിന്റെ സുഹൃത്തുക്കളായ ഒട്ടേറെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more