കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളി വീണ്ടും സിനിമാ വിവാദത്തില്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : തിരുവോണനാളില്‍ തെങ്കാശിപ്പട്ടണം സിനിമ സംപ്രേക്ഷണം ചെയ്യാനുളള കൈരളി ചാനലിന്റെ നീക്കം വിവാദമാകുന്നു

സിനിമയുടെ സംപ്രേക്ഷണം സംബന്ധിച്ച് കൈരളിയും സിനിമയുടെ നിര്‍മ്മാതാവും ചലച്ചിത്ര താരവുമായ ലാലുമായാണ് തര്‍ക്കമുണ്ടായത്. കരാര്‍ ലംഘിച്ചാണ് ചാനല്‍ സിനിമ സംപ്രേക്ഷണം ചെയ്യുന്നതെന്ന് ലാല്‍ ആരോപിച്ചു.

2000 ഡിസംബറില്‍ റിലീസ് ചെയ്ത തെങ്കാശിപ്പട്ടണം 2002 ഡിസംബറില്‍ മാത്രമേ ചാനല്‍ വഴി പ്രദര്‍ശിപ്പിക്കാവു എന്നാണ് ഫിലിം ചേമ്പര്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയിട്ടുളള നിര്‍ദ്ദേശം. കേരളത്തിലെ സിനിമാ തീയേറ്ററുകള്‍ നശിപ്പിക്കാനുളള നീക്കമാണ് കൈരളി നടത്തുന്നതെന്ന് ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് ജൂലായില്‍ കൈരളി ചാനലില്‍ നിന്നും തന്നെ വിളിച്ചിരുന്നു. ഓണദിവസത്തെ സംപ്രേക്ഷണത്തിന് 15 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. ഫിലിം ചേമ്പറിന്റെ അനുമതി തേടിയപ്പോള്‍ അവര്‍ നല്‍കിയില്ല. ഇതിനിടെ ജീബി വീഡിയോസില്‍ നിന്നും കൈരളി സിനിമയുടെ സംപ്രേക്ഷണാവകാശം നേടി. ഈ അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ചാനല്‍ സിനിമ സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്നത്.

ഇതേക്കുറിച്ച് ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടിയോട് പരാതിപ്പെട്ടെങ്കിലും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. പരസ്യം വാങ്ങിക്കഴിഞ്ഞെന്നും ലാലിനു വേണമെങ്കില്‍ കോടതിയില്‍ പോകാമെന്നും മമ്മൂട്ടി പറഞ്ഞു. പ്രോഗ്രാം ഡയറക്ടര്‍ വേണു നാഗവളളിയും ഇതേ രീതിയിലാണ് പ്രതികരിച്ചത്.

തനിക്ക് കോടതിയില്‍ പോകാനുളള സമയം പോലും നിഷേധിച്ച് തെങ്കാശിപ്പട്ടണം സംപ്രേക്ഷണം ചെയ്യാനുളള നീക്കത്തില്‍ നിന്നും കൈരളി പിന്മാറണമെന്ന് ലാല്‍ അഭ്യര്‍ത്ഥിച്ചു.

കൈരളിയുടെ വിശദീകരണം

തെങ്കാശിപ്പട്ടണം സംപ്രേക്ഷണം ചെയ്യാനുളള പൂര്‍ണമായ നിയമാവകാശം കൈരളിയ്ക്കുണ്ടെന്നും നിയമാനുസൃതമായി മാത്രമേ തങ്ങള്‍ നീങ്ങിയിട്ടുളളൂവെന്നും കൈരളി സിഇഒ സുരേഷ് നാരായണന്‍ അറിയിച്ചു.

നിയമാനുസൃതം എന്നു പറഞ്ഞാല്‍ അത് നിര്‍മ്മാതാക്കളുടെ സംഘടന ഉണ്ടാക്കിയ നിയമത്തെക്കുറിച്ചല്ല. പുതിയ ചിത്രങ്ങളുടെ കാര്യത്തില്‍ ചില ചാനലുകളെ ഒഴിവാക്കുകയും മറ്റൊരു ചാനലിനെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ശരിയല്ല. തെങ്കാശിപ്പട്ടണം ഉള്‍പ്പെടെ പല സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെയും സംപ്രേക്ഷണാവകാശം കൈരളിയ്ക്കുണ്ട്. നാട്ടിലെ നിയമം അനുവദിച്ചാല്‍ ഇത് കൈരളി സംപ്രേക്ഷണം ചെയ്യുമെന്നും സുരേഷ് നാരായണന്‍ വ്യക്തമാക്കി.

തെങ്കാശിപ്പട്ടണത്തിന്റെ സംപ്രേക്ഷണാവകാശം കൈരളി വാങ്ങിയത് ലാലില്‍ നിന്നല്ല. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം അദ്ദേഹം മറ്റൊരാളിന് വിറ്റതാണ്. അവരില്‍ നിന്നാണ് കൈരളി ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം വാങ്ങിയത്. മര്യാദയുടെ പേരില്‍ ഇക്കാര്യം ലാലുമായി തങ്ങള്‍ സംസാരിച്ചിരുന്നെന്നും കൈരളി സിഇഒ വിശദീകരിച്ചു.

കഴിഞ്ഞ തിരുവോണത്തിന് മമ്മൂട്ടി അഭിനയിച്ച വല്യേട്ടന്‍ കൈരളി സംപ്രേക്ഷണം ചെയ്തതും വിവാദമായിരുന്നു. ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷത്തിനകമാണ് അന്ന് വല്യേട്ടന്‍ കൈരളിയില്‍ കാണിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ അമ്പലക്കര ഫിലിംസും ഫിലിം ചേമ്പറുമായി ഇതേക്കുറിച്ച് തര്‍ക്കം നടന്നിരുന്നു. ഇതിനു ശേഷമാണ് ചിത്രം പുറത്തിറങ്ങി രണ്ടു വര്‍ഷത്തിനു ശേഷം മാത്രം സാറ്റലൈറ്റ് സംപ്രേക്ഷണാവകാശം വിറ്റാല്‍ മതിയെന്ന് തീരുമാനിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X