മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി : മന്ത്രി
തിരുവനന്തപുരം: ഭൂമിയില്ലാത്ത എല്ലാ ആദിവാസികള്‍ക്കും കൃഷിഭൂമി നല്കുമെന്ന് പിന്നോക്കവിഭാഗ ക്ഷേമമന്ത്രി എം.എ. കുട്ടപ്പന്‍. മെയ് 26 തിങ്കളാഴ്ച മീറ്റ് ദി മിനിസ്റര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 1,352 ആദിവാസികുടുംബങ്ങള്‍ക്ക് 2,237.5 ഏക്കര്‍ ഭൂമി നല്കിയിട്ടുണ്ട്. ജൂണ്‍ 10ന് വയനാട് ജില്ലയിലെ സുഗന്ധഗിരിയിലെയും പൂക്കോടിലെയും 3,500 ഏക്കറോളം ഭൂമി കൂടി വിതരണം ചെയ്യും. കൊല്ലത്തും ഇടുക്കിയിലും പെട്ട എല്ലാ ആദിവാസികള്‍ക്കും ഭൂമി നല്കിക്കഴിഞ്ഞു. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ എല്ലാ ആദിവാസികള്‍ക്കും ഭൂമി നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികള്‍ക്ക് നല്കാനായി 30,000 ഏക്കറോളം വനഭൂമി വിട്ടുനല്കാനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ആന്റണി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം.
ആദിവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്കാനുള്ള ശ്രമവും പുരോഗമിക്കുന്നു. വീടു പണിയാന്‍ 75,000 രൂപ വീതം പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്കി. പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായുള്ള 85.27 കോടി രൂപയുടെ പദ്ധതി വിഹിതത്തില്‍ 91.7 ശതമാനം ചെലവഴിച്ചു.
ദേശീയ പട്ടികജാതി- പട്ടിക വര്‍ഗ്ഗ കമ്മീഷന്റെ മാതൃകയില്‍ കേരളത്തിലും അര്‍ധ-ജുഡീഷ്യല്‍ അധികാരത്തോടു കൂടിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ രൂപീകരിക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിക്കും.