രാമായണമാസം തുടങ്ങി
തിരുവനന്തപുരം: വറുതിയുടെയും കഷ്ടപ്പാടിന്റെയും കാലമായ കര്‍ക്കിടകത്തില്‍ നന്മയും സമൃദ്ധിയും കൊണ്ടുവരാനുള്ള പ്രാര്‍ത്ഥനയോടെ മലയാളികള്‍ രാമായണപാരായണം തുടങ്ങി. ഇനി കര്‍ക്കിടകമാസം മുഴുവന്‍ രാമായണമാസമാണ്. വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങളിലും ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍.
ഈ കര്‍ക്കിടമാസത്തില്‍ രാമായണ കഥ മുഴുവന്‍ വായിച്ചുതീര്‍ക്കുന്നത് പുണ്യമാണെന്ന് മലയാളികള്‍ വിശ്വസിയ്ക്കുന്നു. പരേതാത്മക്കളുടെ അനുഗ്രഹത്തിനായി വാവുബലി നല്കുന്ന കാലം കൂടിയാണ് കര്‍ക്കിടകം. തമിഴ്നാട്ടില്‍ ആടിമാസമായാണ് ഇത് അറിയപ്പെടുന്നത്. അമ്പാള്‍ ദേവതയ്ക്ക് വേണ്ടി അവിടെയും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തും. കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിലും കര്‍ക്കടകമാസത്തിന്റെ തുടക്കമായ ജൂലൈ 17 വ്യാഴാഴ്ച പ്രത്യേക പൂജകള്‍ നടന്നു.
രോഗങ്ങളുടെ കാലമായതിനാല്‍ കര്‍ക്കിടകത്തില്‍ മലയാളികള്‍ പ്രത്യേകമായ ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുന്ന പതിവുമുണ്ട്. രോഗങ്ങള്‍ക്കെതിരെ ശരീരത്തിന്റെ പ്രതിരോധം വര്‍ധിപ്പിയ്ക്കുന്നതാണ് ഈ മരുന്നുകഞ്ഞി. കര്‍ക്കിടകമാസം കണക്കിലെടുത്ത് ശബരിമല ക്ഷേത്രത്തില്‍ ജൂലൈ 16 ബുധനാഴ്ച രാത്രി നട തുറന്ന് അയ്യപ്പന് പ്രത്യേക പൂജകള്‍ നടത്തി.