കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി- ലീഗ് ബന്ധം ഉലയുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണിയും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം ഉലയുന്നതായി സൂചന. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് വേണ്ടവിധം സഹായിക്കാത്തതിലുള്ള അതൃപ്തി ആന്റണി പരസ്യമായി പ്രകടിപ്പിച്ചതായി അറിയുന്നു.

അധികാരത്തിലേറിയതുമുതല്‍ ആന്റണിയുമായി ഏറെ അടുപ്പമുണ്ടായിരുന്നത് മുസ്ലിം ലീഗിനായിരുന്നു. ആന്റണി മുസ്ലിം ലീഗിന് പ്രത്യേക പരിഗണനയും നല്‍കിയിരുന്നു. എന്നാല്‍ അതാകെ തകിടം മറിഞ്ഞത് ന്യൂന പക്ഷങ്ങളെക്കുറിച്ച് ആന്റണിനടത്തിയ പ്രസ്താവനയോടെയാണ്. അന്നുണ്ടായ വിടവാണ് ഇപ്പോള്‍ കൂടിയിരിയ്ക്കുന്നത്.

എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് സ്വാധീനമുള്ള ആലുവ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞത് ഇതിന് കാരണമായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഇത്രയും പ്രാധാന്യമുള്ള ഒരു ഉപതിരഞ്ഞെടുപ്പായിട്ടുകൂടി മുസ്ലിംലീഗിന്റെ ആത്മീയനേതാവായ പാണക്കാട് ശിഹാബ് തങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നില്ല. ഇതും ആന്റണി വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പല തവണ ആന്റണി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും തങ്ങള്‍ അതിന് കൂട്ടാക്കിയിരുന്നില്ല.

മാറാട് പ്രശ്നത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നത് മുസ്ലിംലീഗിനെ പിണക്കാതിരിക്കാനായിരുന്നു. ന്യൂനപക്ഷങ്ങളെക്കുറിച്ച് ആന്റണി നടത്തിയ പ്രസ്താവന കാരണം ഇടഞ്ഞ് നിന്ന മുസ്ലിം ലീഗിനെ ഇനി മാറാട് സി ബി ഐ അന്വേഷണത്തിന് ആവശ്യപ്പെട്ട് കൂടി പിണക്കണ്ടെന്നായിരുന്നു ആന്റണിയുടെ നിലപാട്. പക്ഷേ അത് പ്രയോജനം ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍ മാറാട് പ്രശ്നത്തില്‍ സര്‍ക്കാര്‍ മുസ്ലിങ്ങളെ വെറുപ്പിച്ചതാണ് തിരഞ്ഞെടുപ്പിലെ തോല്വിയ്ക്ക് കാരണമെന്ന പ്രസ്താവനയാണ് മന്ത്രി കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം നടത്തിയത്.

ഇത്രയേറെ സഹകരിച്ചിട്ടും ഇപ്പോള്‍ മുസ്ലിംലീഗ് എറണാകുളം തോല്‍വിയുടെ കാരണം മുഴുവന്‍ മാറാട് പ്രശ്നം കൈകാര്യം ചെയ്തതിലെ സര്‍ക്കാരിന്റെ വീഴ്ചമൂലമാണെന്ന് വരുത്തിതീര്‍ക്കുന്നത് ആന്റണിയ്ക്കോ കൂടെ നില്ക്കുന്നവര്‍ക്കോ സഹിയ്ക്കുന്നില്ല. എന്തായാലും ഇനി മാറാട് പ്രശ്നത്തില്‍ മുസ്ലിംലീഗിന്റെ അഭിപ്രായത്തിന് കാക്കേണ്ടതില്ലെന്ന അഭിപ്രായവും ആന്റണിയ്ക്കുണ്ടത്രേ. ഹിന്ദു വിഭാഗത്തെ തണുപ്പിയ്ക്കാന്‍ വേണ്ടിവന്നാല്‍ സിബിഐ അന്വേഷണത്തിനുത്തരവിടാനും മടിയ്ക്കില്ലെന്ന് ആന്റണി അടുത്തുബന്ധമുള്ളവരോട് സൂചിപ്പിച്ചിട്ടുണ്ട്. ഒരു അവസാനവട്ടശ്രമം എന്ന നിലയ്ക്കാണ് ഇപ്പോള്‍ ഗാന്ധിസ്മാരകനിധിയെ മദ്ധ്യസ്ഥതയ്ക്കായി ഇടപെടുത്തിയിട്ടുള്ളത്.

എന്നാല്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ മുസ്ലിംലീഗ് മന്ത്രിസഭയ്ക്കുള്ള പിന്തുണപിന്‍വലിച്ചേയ്ക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ അഖിലേന്ത്യ സെക്രട്ടറി ഇ. അഹമ്മദ് കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധിയെ കണ്ട് ആന്റണിയെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് നീക്കാന്‍ ആവശ്യപ്പെട്ടതായും അഭ്യൂഹം പരന്നിട്ടുണ്ട്. എന്തായാലും മുസ്ലിംലീഗില്‍ ആന്റണിയ്ക്കെതിരായ അതൃപ്തി ഉരുണ്ടുകൂടുകയാണ്. ഇതിനിടയില്‍ ചില മുസ്ലിംലീഗ് നേതാക്കള്‍ കരുണാകരനുമായി രഹസ്യമായി ബന്ധപ്പെടുന്നുമുണ്ട്. ഇതിനെയും ആന്റണി വിഭാഗം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X