കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കൊല്ലപ്പെട്ടിട്ട്‌ 17 വര്‍ഷം തികഞ്ഞു

  • By Staff
Google Oneindia Malayalam News

കോട്ടയം: സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട്‌ മാര്‍ച്ച്‌ 27 വെള്ളിയാഴ്‌ച 17 വര്‍ഷം തികയുന്നു. ദുരൂഹതയുടെ പതിനേഴ്‌ വര്‍ഷങ്ങള്‍ എന്ന്‌ ഈ കാലഘട്ടത്തെ നമുക്കെ വെറുതെ വിശേഷിപ്പിക്കാം.

എങ്കിലും പതിനാറ്‌ വര്‍ഷത്തോളം എങ്ങുമെത്താതെ പോയ അന്വേഷണങ്ങള്‍ക്ക്‌ വിപരീതമായി പതിനേഴാം വര്‍ഷത്തില്‍ ആദ്യമായി കൊലക്കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായെന്നത്‌ ചെറിയ കാര്യമല്ല. കോടതികളുടെയും മാധ്യമങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിരന്തരമായ ഇടപെടലാണ്‌ ഈ കേസിനെ പതിനേഴ്‌ വര്‍ഷം സജീവമായി നിലനിര്‍ത്തിയത്‌.

Accused of Abhaya Case
ലോക്കല്‍ പൊലീസിനും ക്രൈംബ്രാഞ്ചിനും ശേഷം അന്വേഷണം ഏറ്റെടുത്ത സിബിഐയ്‌ക്ക്‌ വിമര്‍ശന ശരങ്ങളേറ്റ്‌ ഉത്തരം മുട്ടി പലതവണ നീതിപീഠത്തിന്‌ മുന്നില്‍ നില്‍ക്കേണ്ടിവന്നു എന്നതും ഈ കേസിന്റെ പ്രത്യേകതയാണ്‌. എന്നാല്‍ അവസാനം പ്രതീക്ഷയ്‌ക്ക്‌ വക നല്‍കുന്ന വിധത്തില്‍ പുതിയ അന്വേഷണ സംഘം ഊര്‍ജിതമായ അന്വേഷണം നടത്തുകയും വൈദികരെയും കന്യാസ്‌ത്രീയെയും അറസ്റ്റുചെയ്യുകയും ചെയ്‌തു.

1992 മാര്‍ച്ച്‌ 27നാണ്‌ കോട്ടയത്തെ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിലെ കിണറ്റില്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്‌. അന്വേഷണങ്ങളുടെ ആദ്യനാളുകളില്‍ മരണം ആത്മഹത്യതന്നെയാണെന്നാണ്‌ ഉദ്യോഗസ്ഥര്‍ വിധിയെഴുതിയത്‌. അന്വേഷണം ഇത്രത്തോളം കൊണ്ടെത്തിച്ചതില്‍ മനുഷ്യാവകാശപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പങ്ക്‌ മറന്നുകളയാന്‍ കഴിയുന്നതല്ല.

ആദ്യഘട്ടത്തില്‍ പ്രതികളെന്ന്‌ സംശയിച്ചവരെ നാര്‍കോ പരിശോധനയ്‌ക്ക്‌ വിധേയരാക്കിയതുപോലെ മുന്‍ ക്രൈംബ്രാഞ്ച്‌ എസ്‌പി കെടി മൈക്കിള്‍ ഉള്‍പ്പെടെയുള്ള മറ്റു ചിലരെക്കൂടി നാര്‍കോ പരിശോധനയ്‌ക്ക്‌ വിധേയരാക്കുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇതിനുള്ളതയ്യാറെടുപ്പിലാണ്‌ സിബിഐ സംഘം.

എന്തായാലും കത്തോലിക്കാ സഭയ്‌ക്കുള്ളിലെ ചീഞ്ഞുനാറുന്ന ചില സത്യങ്ങളെ പുറത്തുകൊണ്ടുവരാന്‍ ഈ കേസിന്‌ കഴിഞ്ഞുവെന്നതും മറ്റൊരു യാഥാര്‍ത്ഥ്യം മാത്രം. സഭയ്‌ക്കുള്ളിലെ മൂല്യച്യുതിയുടെ പേരില്‍ ഒരു പാവം പെണ്‍കുട്ടി അരുകൊലയ്‌ക്കിരയായി എന്നതും ഈ സംഭവത്തില്‍ സഭ പാലിച്ച മൗനവും സംശയങ്ങള്‍ കൂട്ടുകമാത്രമാണ്‌ ചെയ്യുന്നത്‌.

എന്തായാലും ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്നും സഭയ്‌ക്കോ അതിലെ പ്രമുഖര്‍ക്കോ മാറി നില്‍ക്കാന്‍ കഴിയില്ല. കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട്‌ ജാമ്യത്തിലിറങ്ങിയവരെ തല്‍ക്കാലത്തേയ്‌ക്കെങ്കിലും അവര്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ തയ്യാറാവാത്ത സഭയുടെ നിലപാട്‌ ഇനിയും സത്യങ്ങള്‍ ചുരുളഴിയാനുണ്ടെന്നതിലേയ്‌ക്ക്‌ തന്നെയാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X