കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പക്ഷം വോട്ടു മറിച്ചു: റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരിച്ചടിയാകുകയാണെങ്കില്‍ അതിന്റെ മറവില്‍ പാര്‍ട്ടിയിലെ ശേഷിയ്ക്കുന്ന വിഎസ് പക്ഷ നേതാക്കളെ ഒതുക്കാനുള്ള നീക്കങ്ങള്‍ സിപിഎമ്മിലെ ഔദ്യോഗിക പക്ഷം ശക്തമാക്കി.
ഇതിന്റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിഎസ് പക്ഷം ആസൂത്രിതമായി വോട്ടു ചോര്‍ത്തിയെന്ന പ്രാഥമിക വിലയിരുത്തല്‍ നടത്തിയ പിണറായി പക്ഷം ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.

വിഎസ് പക്ഷത്തിന് സ്വാധീനമുള്ള കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ വോട്ടുകള്‍ മരവിപ്പിക്കുകയോ, മറിക്കുകയോ ചെയ്തുവെന്നാണ് വിലയിരുത്തല്‍. മറ്റ് ജില്ലകളിലും ഇത്തരം വോട്ട് മറിയ്ക്കല്‍ ഉണ്ടായെങ്കിലും അതൊന്നും അത്ര ശക്തമല്ലെന്നും പിണറായി പക്ഷത്തെ നേതാക്കള്‍ പറയുന്നു.

50 വോട്ടര്‍മാര്‍ക്ക് ഒരു ചുമതലക്കാരനെ കണ്ടെത്തുകയും അവരെ വാര്‍ഡ് തോറും നിരീക്ഷിയ്ക്കുന്നതിനും വേണ്ടി ഒരു പ്രധാന കോര്‍‍ഡിനേറ്ററെയും പാര്‍ട്ടി നിയോഗിച്ചിരുന്നു.ഇത്തരത്തില്‍ ചുമതലയേറ്റെടുത്ത വിഎസ് പക്ഷക്കാര്‍ വ്യാപകമായി വോട്ട് മറിയ്ക്കുകയോ മരവിപ്പിയ്ക്കുകയോ ചെയ്തെന്ന നിഗമനത്തില്‍ ആണ് പാര്‍ട്ടി എത്തി ചേര്‍ന്നിരിയ്ക്കുന്നത്.

ഇത്തരത്തില്‍ വോട്ട് മറിയ്ക്കല്‍ ഉണ്ടായ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ മാത്രം സിപിഎമ്മിന് ഉറപ്പുള്ള 3,500 വോട്ടുകള്‍ പോള്‍ ചെയ്യാതെ പോയതായി കണ്ടെത്തിയിരുന്നു.

തിരുവനന്തപുരത്തെ വോട്ടു ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് ചാല ഏരിയ കമ്മിറ്റി സെക്രട്ടറിയാ‍യ വിഎസ് പക്ഷ നേതാവ് എസ് സുശീലന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം കാരണം കാണിയ്ക്കല്‍ നോട്ടീസുകളും തുടര്‍ നടപടികളും വരും നാളുകളില്‍ സംസ്ഥാനത്ത് ഉടനീളം ഉണ്ടാകുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് പിണറായി വിജയനെതിരെയുള്ള വിധിയെഴുത്താണെന്ന് വിഎസ് പക്ഷം അണികള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നതായും അതിനാല്‍ വോട്ട് മരവിപ്പിക്കുകയോ, മറിക്കുകയോ ചെയ്യാന്‍ വി എസ് പക്ഷം നിര്‍ദ്ദേശിച്ചതായുമാണ് ഔദ്യോഗിക പക്ഷം ആരോപിയ്ക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു ഹബ്ബായി പ്രവര്‍ത്തിച്ചുവെന്ന ഗുരുതരമായ ആരോപണവും ഔദ്യോഗിക പക്ഷം അഴിച്ചുവിട്ടിട്ടുണ്ട്.

എന്നാല്‍ തങ്ങളെ തെരഞ്ഞ് പിടിച്ച് നടപടിയെടുക്കുന്നതിനുള്ള ഒരു കാരണം മാത്രമാണ് ഇത്തരം നീക്കത്തിന് പിന്നിലെന്നാണ് വിഎസ് പക്ഷം പറയുന്നത്. തങ്ങള്‍ ആവുന്നത്ര തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുവെന്ന് ഇവര്‍ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ മാസം 27, 28 തീയതികളില്‍ ചേരാനിരിക്കെയാണ് വോട്ടു ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കുറച്ച് കാലത്തേക്കെങ്കിലും ശമിച്ച സിപിഎമ്മിലെ ഗ്രൂപ്പ് പോര് വരും നാളുകളില്‍ വോട്ട് ചോര്‍ച്ചയുടെ പേരില്‍ വീണ്ടും ശക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X