കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിനും പിഡിപിയും പരാജയത്തിന് കാരണം

  • By Staff
Google Oneindia Malayalam News

ഇടതുപക്ഷം ഭരിക്കുന്ന ബംഗാളിലെ ലാല്‍ഗഢിലെ മാവോയിസ്‌റ്റ്‌ കലാപത്തിന്റെയും കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ രൂക്ഷമായ വിഭീഗീയതയുടെയും പശ്‌ചാത്തലത്തില്‍ സിപിഎം പൊളിറ്റ്‌ ബ്യൂറോയുടെ നിര്‍ണായക യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കേറ്റ കനത്ത പരാജയമാണ്‌ പിബി യോഗം പ്രധാനമായി ചര്‍ച്ച ചെയ്യുന്നത്‌.
ഇതിന്‌ പുറമെ ബംഗാളില്‍ ഇടതു പക്ഷത്തിന്റെ അടിത്തറ ദുര്‍ബലമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ നടക്കുന്ന കലാപം എന്ന്‌ സിപിഎം ആരോപിയ്‌ക്കുന്ന ലാല്‍ഗഡ്‌ കലാപം എങ്ങനെ നേരിടണമെന്നും പിബി ചര്‍ച്ച ചെയ്യും.

തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ വിശദീകരിയ്‌ക്കുന്ന കരട്‌ തെരഞ്ഞെടുപ്പ്‌ വിലയിരുത്തല്‍ രേഖ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അവതരിപ്പിച്ചു. കേരളത്തിലെ പരാജയ കാരണങ്ങള്‍ വിശദീകരിയ്‌ക്കുമ്പോള്‍ സംസ്ഥാന നേതൃത്വത്തിന്റെ പല കണ്‌ ടെത്തലുകളോടും തങ്ങള്‍ക്ക്‌ യോജിപ്പില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌.

കേരളത്തില്‍ പാര്‍ട്ടിയ്‌ക്കും സര്‍ക്കാരിനും യോജിച്ച്‌ പ്രവര്‍ത്തിയ്‌ക്കാനായില്ലെന്ന്‌ റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു. ലാവ്‌ലിന്‍ പ്രശ്‌നവും പരാജയത്തിന്‌ കാരണമായി. പി.ഡി.പി ബന്ധവുമായി ബന്ധപ്പെട്ട്‌ തിരഞ്ഞെടുപ്പ്‌ അടുത്തപ്പോള്‍ ഉണ്ടായ വിവാദങ്ങളും വലിയൊരു വിഭാഗം ജനത്തെ പാര്‍ട്ടിയില്‍ നിന്നകറ്റി.

ഇടതു മുന്നണിയില്‍ അനൈക്യം മറ്റേത്‌ കാലത്തേക്കാളും ശക്തമായിരുന്നു. കേരളത്തിലും ബംഗാളിലും സംഘടനാ പ്രശ്‌നങ്ങളും പരാജയത്തിലേക്ക്‌ നയിച്ചുവെന്ന്‌ റിപ്പോര്‍ട്ട്‌ വിലയിരുത്തുന്നു. സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച തുടരുകയാണ്‌.
2.00 PM

പോളിറ്റ് ബ്യൂറോ യോഗം തുടങ്ങുന്നു

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കേറ്റ പരാജയം അവലോകനം ചെയ്യാന്‍ സിപിഎം പൊളിറ്റ്‌ബ്യൂറോ വെള്ളിയാഴ്‌ച ചേരും. യോഗത്തിലേക്ക്‌ കേരളത്തില്‍ നിന്ന്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവര്‍ വ്യാഴാഴ്‌ച ദില്ലിയിലെത്തി.

പാര്‍ട്ടിയുടെ കേരള ഘടകത്തെ പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുന്ന ലാവലിന്‍ പ്രശ്‌നത്തില്‍ വിശദമായ ചര്‍ച്ച നടക്കാന്‍ സാധ്യതയില്ലെന്നാണ്‌ സൂചനകള്‍. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന്‌ പ്രത്യേക പിബി യോഗം വിളിച്ചു ചേര്‍ക്കുന്നതിന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ നടന്ന കൂടിയാലോചനകളില്‍ തീരുമാനമായെന്നും റിപ്പോര്‍്‌ട്ടുകളുണ്ട്‌.

വ്യാഴാഴ്‌ച വൈകിട്ട്‌ പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനിലെത്തിയ മുഖ്യമന്ത്രി, പ്രകാശ്‌ കാരാട്ടടക്കമുള്ള കേന്ദ്ര നേതാക്കളെ കണ്ട്‌ ചര്‍ച്ച നടത്തിയിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു, ത്രിപുര മുഖ്യമന്ത്രി മണിക്‌ സര്‍ക്കാര്‍ തുടങ്ങിയവരും ദില്ലിയിലെത്തിയിട്ടുണ്ട്‌.

ബംഗാളില്‍ പാര്‍ട്ടി ഏറെ വെല്ലുവിളികളും പ്രതിസന്ധികളും അഭിമുഖീകരിയ്‌ക്കുന്ന പശ്ചാത്തലത്തില്‍ അവിടത്തെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം മാറ്റിവെച്ചേക്കുമെങ്കിലും കേരളത്തിന്റെ പ്രശ്‌നവും സജീവ ചര്‍ച്ചയായേക്കും.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്കേറ്റ പരാജയത്തെ പറ്റിയുള്ള സെക്രട്ടറിയുടെ വാദങ്ങളെ ഖണ്ഡിയ്‌ക്കാനായിരിക്കും യോഗത്തില്‍ വിഎസ്‌ ശ്രമിയക്കുക.

പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പേരില്‍ ആദ്യമായി ഉയര്‍ന്നുവന്ന അഴിമതിക്കേസ്‌, തിരഞ്ഞെടുപ്പുവേളയില്‍ പിഡിപി ബന്ധം, മുന്നണിമര്യാദ ലംഘിച്ച്‌ ഘടകകക്ഷികളുമായുള്ള ബന്ധങ്ങള്‍ വഷളാക്കിയത്‌ ഇതൊക്കെയാവും പരാജയകാരണങ്ങളായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുക.

അതേ സമയം സംസ്ഥാന സെക്രട്ടറിക്ക്‌ എതിരെ സിബിഐ നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസ്സിന്റെ അനുഗ്രഹാശ്ശിസുകളോടെയാണെന്ന നിലപാടില്‍ നിന്നും കേന്ദ്ര നേതൃത്വം പിന്നോട്ടു പോയിട്ടില്ല. ഈയൊരു നിലപാട്‌ വിഎസിന്‌ തിരിച്ചടിയായേക്കും.

പ്രോസിക്യൂഷന്‍ അനുമതി നല്‌കിയ ഗവര്‍ണറുടെ നടപടിക്കെതിരെ നീങ്ങിയിട്ട്‌ കാര്യമില്ലെന്ന്‌ സിപിഎം നേതൃത്വത്തിന്‌ ബോധ്യമായിട്ടുണ്ട്‌. കേസ്‌ തിരഞ്ഞെടുപ്പുഫലത്തെ എങ്ങനെ ബാധിച്ചു എന്നതായിരിക്കും ചര്‍ച്ചചെയ്യപ്പെടുക.

കേരളത്തിലെ പ്രശ്‌നങ്ങള്‍ പി.ബി.യില്‍ ചര്‍ച്ചയ്‌ക്ക്‌ വന്നാലും നടപടി ഉടനെ ഉണ്ടാവാന്‍ സാധ്യത കുറവാണ്‌. മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി എന്നിവരില്‍ ഒരാള്‍ക്ക്‌ മാത്രം എതിരായി നടപടിയുണ്ടാവാന്‍ വഴിയില്ല.

പിബി ചര്‍ച്ചകള്‍ക്ക്‌ ശേഷമുണ്ടാകുന്ന നിഗമനങ്ങള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയിലെത്തും. അന്തിമ തീരുമാനം കേന്ദ്രകമ്മിറ്റിയുടേതായിരിക്കും.
9.00 AM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X