കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐയ്‌ക്കെതിരെ സെഫി സുപ്രീം കോടതിയിലേയ്‌ക്ക്‌

  • By Staff
Google Oneindia Malayalam News

കോട്ടയം: അഭയ കേസ്‌ അന്വേഷണത്തിനിടിയല്‍ സിബിഐ തന്നെ കന്യകാത്വ പരിശോധനയ്‌ക്ക്‌ വിധേയയാക്കിയതിനും കുറ്റപത്രത്തില്‍ തന്നെ മോശമായി ചിത്രീകരിച്ചതിനുമെതിരെ സിസ്‌റ്റര്‍ സെഫി സുപ്രീം കോടതിയില്‍ പരാതി നല്‍കുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സെഫി ഇതിനകം തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‌ പരാതി നല്‍കിയിട്ടുണ്ട്‌. ഇതിന്‌ പിന്നാലെയാണ്‌ നീതി തേടി സുപ്രീംകോടതിയെയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌.

കന്യകാത്വ പരിശോധന വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന്‌ ക്‌നാനായ കത്തോലിക്കാസഭയുടെ നിയമോപദേഷ്ടാവ്‌ അജി കോയിക്കല്‍ പറയുന്നു. കന്യകാത്വ പരിശോധനാ റിപ്പോര്‍ട്ട്‌ കെട്ടിച്ചമച്ചതാണെന്നാണ്‌ തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ കുറ്റപത്രത്തിലെ അശ്ലീല പരാമര്‍ശങ്ങളില്‍ കേരളത്തിലെ വിവിധ സംഘടനകളുടെ വനിതാ നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം വൃന്ദ കാരാട്ട്‌ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ അശ്ലീല പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‌ കത്തയച്ചിരുന്നു.

കേസില്‍ സിബിഐയുടെ നീക്കങ്ങള്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന്‌ കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി അഭിപ്രായപ്പെട്ടു. നാര്‍കോ സിഡി പരിശോധിച്ച സിഡിറ്റിന്റെ റിപ്പോര്‍ട്ട്‌ തങ്ങള്‍ ഉദ്ദേശിച്ചപോലെ അല്ലാതായപ്പോള്‍ അവര്‍ക്കെതിരെ ആക്ഷേപമുന്നയിക്കാന്‍ സിബിഐ ശ്രമിക്കുകയാണ്‌.

മറ്റു കേസുകളില്‍ സംശയത്തിന്റെ നിഴലിലുള്ള ഡോക്ടര്‍ മാലിനിയുടെ വിശദീകരണത്തില്‍ തൃപ്‌തരാകുന്ന സിബിഐ സംഘത്തിന്റെ നിലപാട്‌ സത്യം മറച്ചുവയ്‌ക്കാനുള്ള ശ്രമമാണ്‌- ജാഗ്രതാ സമിതി ചൂണ്ടിക്കാട്ടി.

സിസ്റ്റര്‍ സെഫിയ്‌ക്കെതിരെ ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത പ്രയോഗങ്ങള്‍ ഇന്ത്യയിലെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയുടെ പാപ്പരത്തം വെളിവാക്കുന്നവയാണെന്നും സമിതി കുറ്റപ്പെടുത്തി. നിഷ്‌പക്ഷമായ മെഡിക്കല്‍ ബോര്‍ഡിന്‌ മുന്നില്‍ മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വിധേയയാകാന്‍ തയാറാണെന്നു പറഞ്ഞ സിസ്റ്റര്‍ സെഫിയുടെ പ്രസ്‌താവനയെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണോയെന്ന്‌ സമിതി ചോദിച്ചു.

കുറ്റപത്രത്തില്‍ സെഫിയെക്കുറിച്ചുള്ള തരംതാഴ്‌ന്ന പരാമര്‍ശങ്ങള്‍ക്കെതിരെ വനിതാകമ്മീഷന്‍ മുന്‍ അധ്യക്ഷ എം കമലം, മുന്‍ എംപി എകെ പ്രമജം, മഹിളാകോണ്‍ഗ്രസ്‌ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ ഐഷക്കുട്ടി സുല്‍ത്താന്‍, മഹിളാകോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഷാനിമോള്‍ ഉസ്‌മാന്‍, മുന്‍ എംഎല്‍എ ലതാദേവി എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X