കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വംഗനാടിന്റെ ജ്യോതിയ്ക്ക് വിട

  • By Staff
Google Oneindia Malayalam News

Thousands pay last respects to Jyoti Basu
ദില്ലി: വംഗനാടിന്റെ ജ്യോതിദായ്ക്ക് ജനലക്ഷങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന വിട. ജ്യോതി ബസുവിന്റെ ആഗ്രഹം പോലെ മണ്ണിനും ചിതയ്ക്കും വിട്ടുകൊടുക്കാതെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി വിട്ടുനല്‍കി. ബംഗാള്‍ നിയമസഭാഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് മൂന്ന് മണിയോടെ പതിനായിരങ്ങള്‍ പങ്കെടുത്ത വികാരനിര്‍ഭരമായ റാലിയുടെ അകമ്പടിയോടെ മൃതദേഹം സിറ്റിസന്‍ പാര്‍ക്കിലേയ്ക്ക് കൊണ്ടു പോയി. ഇവിടെ അല്‍പ്പ നേരം പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് ബസുവിന്റെ ഭൗതിക ശരീരം എസ്എസ്‌കെഎം മെഡിയ്ക്കല്‍ കോളേജിലെ വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക് മകന്‍ ചന്ദന്‍ ബസു കൈമാറിയത്.

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു ബസുവിന് രാഷ്ട്രം യാത്രാമൊഴിയേകിയത്. തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്കുകാണാനും അന്ത്യാഞ്ജലികള്‍ അര്‍പ്പിയ്ക്കാനുമായി ജനലക്ഷങ്ങളാണ് കൊല്‍ക്കത്ത നഗരവീഥികളില്‍ തടിച്ചുകൂടിയത്.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ജ്യോതിബസുവിന്റെ മൃതദേഹം പീസ് ഹെവന്‍ മോര്‍ച്ചറിയില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു ഏറ്റുവാങ്ങി. തുടര്‍ന്ന് പാര്‍ട്ടി ആസ്ഥാനമായ അലിമുദ്ദീന്‍ തെരുവിലെ മുസാഫര്‍ അഹമ്മദ് ഭവനില്‍ പൊതു ദര്‍ശനത്തിന് വച്ചു.

ജനറല്‍ സെക്രട്ടറിയടക്കമുള്ള പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളും ബംഗാള്‍, കേരളം, ത്രിപുര മുഖ്യമന്ത്രിമാരും മറ്റ് ഇടതുപക്ഷ നേതാക്കളും ഇവിടെ ബസുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. വിഎസ് അച്യുതാനന്ദന് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പി.കെ. ഗുരുദാസന്‍, എംവിജയകുമാര്‍, എംഎ ബേബി തുടങ്ങിയവര്‍ ഇവിടെയെത്തിയിരുന്നു.

പിന്നീട് സംസ്ഥാന ബഹുമതികളോടെ നിയമസഭാ മന്ദിരമായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ എത്തിച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ചീഫ് സെക്രട്ടറി അശോക് മോഹന്‍ ചക്രവര്‍ത്തിയും റീത്തുകള്‍ സമര്‍പ്പിച്ചു. റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ നിന്ന് പതിനഞ്ച് മിനിറ്റിനകം തന്നെ നിയമസഭാമന്ദിര പരിസരത്ത് പ്രത്യേകം തയാറാക്കിയ വേദിയിലേയ്ക്ക് മൃതദേഹം മാറ്റി. ഇവിടെ മൂന്നു മണി വരെ പൊതുര്‍ശനത്തിന് വച്ചു.ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാര്‍ തുടങ്ങി രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഒട്ടേറെ പ്രമുഖര്‍ ഇവിടെയെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

കൊല്‍ക്കൊത്ത നഗരം ഇതുവരെ കാണാത്ത ജനാവലിയായിരുന്നു വിലാപയാത്രയില്‍ പങ്കെടുത്തത്. മൃതശരീരവും വഹിച്ചു കൊണ്ട് പ്രത്യേകം തയാറാക്കിയ തുറന്ന വാഹനം നഗരിവീഥികളിലൂടെ നീങ്ങുമ്പോള്‍
ബസുവിന്റെ ചിത്രവുമേന്തി ആയിരങ്ങള്‍ ജ്യോതി ബസു അമര്‍ രഹേ എന്ന് ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. നഗരത്തിലെ സാംസ്‌കാരിക കേന്ദ്രമായ രവീന്ദ്ര ഭവനടുത്തുള്ള കത്തീഡ്രല്‍ റോഡില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ബസുവിന് സൈനിക, പൊലീസ് ബഹുമതികള്‍ നല്‍കി. തുടര്‍ന്ന് മകന്‍ ചന്ദന്‍ ബസു മൃതദേഹം ആശുപത്രി അധികൃതര്‍ക്ക് കൈമാറി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X