പിതൃത്വം ആര്‍ക്ക്? ടിന്റുമോന്‍ കോടതി കയറുന്നു

  • Posted By:
Subscribe to Oneindia Malayalam
Tintumon
കോഴിക്കോട്: പൊട്ടിച്ചിരിപ്പിയ്ക്കുന്ന നമ്പറുകള്‍ പടച്ചുവിട്ട് മലയാളിയുടെ ഓമനായി മാറിയ ടിന്റുമോന്‍ കോടതി കയറുന്നു. മൊബൈലലിലും നെറ്റിലും പത്ര-മാസികകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഈ കുസൃതിക്കുടുക്കയുടെ പിതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കോടതിയിലേക്ക് നീങ്ങുന്നത്.

ടിന്റുമോന്റെ പകര്‍പ്പവകാശം തങ്ങള്‍ക്കു മാത്രമാണെന്ന് അവകാശപ്പെട്ട് ബിഎംജി ഗ്രൂപ്പ് പത്രപരസ്യം നല്‍കിയതോടെയാണ് പുതിയ തര്‍ക്കം ഉടലെടുത്തത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ബിഎം ഗഫൂര്‍ കുട്ടികള്‍ക്കായി തയാറാക്കിയ കോമിക് സ്ട്രിപ്പിനുവേണ്ടി 2002ല്‍ രൂപംനല്‍കിയ ഹാസ്യ കഥാപാത്രമാണ് ടിന്റുമോന്‍.

എന്നാല്‍ എസ്എംഎസുകളിലൂടെ ടിന്റുമോന്‍ എല്ലാവരുടേതുമായി മാറി. ബിഎം ഗഫൂറിന്റെ മക്കള്‍ നടത്തുന്ന 'ബിഎംജി ഗ്രൂപ്പ് ടിന്റുമോനെ കേന്ദ്ര കഥാപാത്രമാക്കി അനിമേഷന്‍ ചിത്രം നിര്‍മിക്കാന്‍ തീരുമാനമെടുത്തതോടെയാണ് പകര്‍പ്പവകാശ പ്രശ്‌നം ഉടലെടുത്തത്.

പകര്‍പ്പവകാശത്തിനായി ബിഎംജി ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചപ്പോഴേക്കും എറണാകുളത്തുള്ള മറ്റൊരു അനിമേഷന്‍ കമ്പനി ടിന്റുമോന്റെ പകര്‍പ്പവകാശത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിഎംജി ഗ്രൂപ്പ് ടിന്റുമോന്റെ മേല്‍ അവകാശം സ്ഥാപിച്ചുകൊണ്ട് പത്രപരസ്യം നല്‍കിയത്.

ശുദ്ധനര്‍മ്മത്തില്‍ ചാലിച്ച കഥാപാത്രമായി മാത്രമാണ് ബിഎം ഗഫൂര്‍ ടിന്റുമോനെ സൃഷ്ടിച്ചത്. എന്നാലിപ്പോള്‍ മൊബൈലിലൂടെ പ്രചരിക്കുന്ന ടിന്റുമോന്‍ തമാശകളില്‍ പലതും അങ്ങേയറ്റം അശ്ലീലചുവയുള്ളതാണ.് ഇത് ബിഎം ഗഫൂര്‍ എന്ന കലാകാരനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ടിന്റുമോന്‍ തമാശക്കഥകള്‍ സൃഷ്ടിക്കാനുള്ള അവകാശം തങ്ങള്‍ക്ക് മാത്രമായി ചുരുക്കണമെന്ന ആവശ്യവുമായി ഗഫൂറിന്റെ മക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ ഇതിനകം തന്നെ ടിന്റുമോനെ നായകനാക്കി ഡിസി ബുക്‌സ് മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒട്ടേറെ പത്ര-മാസികകളും വെബ്‌സൈറ്റുകളും ടിന്റുമോന്‍ തമാശകള്‍ രംഗത്തിറക്കുന്നുമുണ്ട്. ടിന്റുമോന്റെ തമാശകള്‍ക്ക് മാത്രമായി പോലും ഒരു വെബ്‌സൈറ്റ് നിലവിലുണ്ട്.

ടിന്റുമോന്റെ പകര്‍പ്പവകാശതര്‍ക്കം ബിഎംജി ഗ്രൂപ്പിന് വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് ഡിസി ബുക്‌സ് പോലുള്ള വന്‍കിട പ്രസാധകരുടെ തീരുമാനം. അങ്ങനെയാണെങ്കില്‍ ഇനി കുറച്ചുകാലത്തേക്കെങ്കിലും ടിന്റുമോന്‍ കോടതി കയറേണ്ടി വരുമെന്ന കാര്യമുറപ്പാണ്.

Please Wait while comments are loading...