• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ജീവനക്കാരുടെ പിഎഫ് വിഹിതം വക മാറ്റി ദേവസ്വം ബോർഡ്; കൂടുതൽ ലാഭത്തിനെന്ന് പത്മകുമാർ

  • By Desk

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ പിഎഫ് തുക ധനലക്ഷ്മി ബാങ്കിൽ ബോണ്ടായി വക മാറ്റി. സംഭവം സംബന്ധിച്ച് ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെന്‍റ് ഹൈക്കോടതിയിൽ ഹർജി നൽകി. സംഭവം വിവാദമായതോടെ അധിക ലാഭത്തിന് വേണ്ടിയാണ് ബോണ്ടാക്കിയതെന്ന് വെളിപ്പെടുത്തി ബോർഡ് പ്രസിഡന്‍റ് പത്മകുമാറും രംഗത്തെത്തി.

മലപ്പുറത്ത് ഓട്ടോറിക്ഷയില്‍ കഞ്ചാവ് വെച്ച് ശേഷം ഡ്രൈവറെ കുടുക്കിയ സംഭവം: സൂത്രധാരന്‍ പിടിയില്‍, കഞ്ചാവ് ഒളിപ്പിച്ച ശേഷം പോലീസിന് വിളിച്ചു പറഞ്ഞു, പിന്നില്‍ ക്വാറി മാഫിയ, ഒരു കേസിലുംപെടാത്ത യുവാവിനെ പെടുത്തിയത് ഇങ്ങനെ...

കഴിഞ്ഞ മാർച്ച് 24നാണ് നാലായിരത്തോളം ദേവസ്വം ബോർഡ് ജീവനക്കാരുടെ മാനെജ്മെന്‍റ് വിഹിതമായ 150 കോടി രൂപ ബോണ്ടായി മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. 2018 മാർച്ച് 31ന് അവസാനിച്ച തുടർച്ചയായ രണ്ടു സാമ്പത്തിക വർഷത്തിൽ 17 കോടിയോളം രൂപ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ധനലക്ഷ്മി ബാങ്കിനാണ് നിക്ഷേപത്തുകയായ 150കോടി രൂപ ബോണ്ടാക്കി നൽകാൻ ബോർഡ് തീരുമാനിച്ചത്.

10 ലക്ഷം രൂപ മുഖവിലയുള്ള 1500 ബോണ്ടുകളാണ് ഇതു പ്രകാരം വാങ്ങിയത്. നേരത്തെ സ്ഥിര നിക്ഷേപത്തിൽ കിടന്നിരുന്ന തുകയ്ക്ക് ആറര ശതമാനം പലിശ മാത്രമേ ബാങ്ക് നൽകിയിരുന്നുള്ളു. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ബാങ്കിന് കരകയറാൻ ഈ തുക ബോണ്ടാക്കി നൽകിയാൽ അധിക പലിശ നൽകാമെന്നും ബാങ്ക് അധികൃതർ ഉറപ്പ് നൽകി. ഇതുപ്രകാരം 11 ശതമാനം പലിശയ്ക്ക് 1500 ബോണ്ടുകളാക്കുകയായിരുന്നു.

ജീവനക്കാരുടെ അനുവാദം ഇക്കാര്യത്തിൽ വാങ്ങിയിരുന്നില്ലെന്നും ട്രഷറിപോലുള്ള സർക്കാർ പണമിടപാട് സ്ഥാപനത്തിൽ നിക്ഷേപിക്കാതെ ഏകപക്ഷീയമായി ബോർഡ് തീരുമാനമെടുക്കുകയായിരുന്നുവെന്നും ഓഡിറ്റ് വിഭാഗം ജോയിന്‍റ് ഡയറക്റ്റർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അറിയിച്ചു. പ്രമുഖ വ്യവസായികളായ ബി.രവീന്ദ്രൻപിള്ള, ചിറ്റിലങ്ങാട് ഗോപിനാഥൻ, യൂസഫ് അലി എന്നിവർക്ക് കൂടുതൽ പങ്കാളിത്തമുള്ള ധനലക്ഷ്മി ബാങ്കിൽ ദേവസ്വം ബോർഡ് വഴിവിട്ട് നിക്ഷേപം ബോണ്ടാക്കി മാറ്റുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ഈ ഇടപാടിലൂടെ ബോർഡിന് വന്‍ നഷ്ടം ബോര്‍ഡിന് നേരിടേണ്ടി വന്നേക്കുമെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് കണ്ടെത്തി.

ഏത് നിമിഷവും പണം നഷ്ടമായേക്കാവുന്ന സ്ഥിതിയാണ്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് ബോര്‍ഡിന്‍റെ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടുന്നത്. 4,000 ജീവനക്കാരുടെ പിഎഫ് തുകയാണ് ധനലക്ഷ്മി ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളത്. ശബരിമല അടക്കം വിവിധ ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പിഎഫ് തുകയാണിത്.

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ കഴിഞ്ഞ പാദത്തില്‍ ധനലക്ഷ്മി ബാങ്ക് നഷ്ടത്തിലായിരുന്നു. റിസർവ് ബാങ്ക് അംഗീകൃത ക്രെഡിറ്റ് ഏജൻസികൾ ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ക്ക് നൽകിയ റേറ്റിംഗ് ഉയര്‍ന്ന നഷ്ടസാധ്യതയുള്ളതാണ്. ബി, ബി പ്ലസ് റേറ്റിങ്ങാണ് ഇതിന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ നല്‍കുന്നത്.

സുരക്ഷിതമല്ലാത്ത രീതിയില്‍ ബോര്‍ഡ് നടത്തിയ ഈ നിക്ഷേപ നടപടിയില്‍ ഹൈക്കോടതി ഇടപെടണമെന്നാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് കോടതിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം, ബോർഡ് പ്രസിഡന്‍റ് ബോർഡിന്‍റെ ഈ പ്രവൃത്തിയെ ന്യായീകരിച്ചു. മാനെജ്മെന്‍റ് വിഹിതമായതിനാൽ ഏത് രീതിയിലും നിക്ഷേപിക്കാൻ ബോർഡിന് അധികാരമുണ്ടെന്നും കൂടുതൽ ലാഭം കിട്ടാനാണ് ബോണ്ട് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഏഴു വർഷത്തേക്കാണ് ബോണ്ടിന്‍റെ കാലാവധി. ഇതിനകം അധിക പലിശയായി 45 കോടി രൂപ ബോർഡിന് ലഭിക്കുമെന്ന് കണ്ടെത്തിയാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ വിവാദമായാൽ തീരുമാനത്തിൽ നിന്ന് പിന്മാറാം. സുതാര്യമായിട്ടാണ് ഇക്കാര്യം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Ernakulam

English summary
Provident Fund issue in Devaswam board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X