സ്കൂളിലേക്ക് ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നു; സ്കൂൾ മാനേജ് കമ്മിറ്റിയുടെ പരാതിയിൽ പ്രധാനാധ്യാപിക അറസ്റ്റിൽ
ദില്ലി; സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം ബീഫ് കൊണ്ടുവന്ന പ്രധാന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഗോൾപാറ ജില്ലയിലെ ലഖിപൂരിലെ ഹുർകാചുങ്കി മിഡിൽ ഇംഗ്ലീഷ് സ്‌കൂളിലെ പ്രധാനാധ്യാപിക ദലിമ നെസ്സയെയാണ് അറസ്റ്റ് ചെയ്യത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
മേയ് 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചഭക്ഷണത്തിനായി സ്കൂളിലേക്ക് പ്രധാനാധ്യാപിക ബീഫ് കൊണ്ടുവരികയായിരുന്നു. ബീഫ് മറ്റ് അധ്യാപകർക്കും പങ്കുവെച്ചു. എന്നാൽ ഇതിനെതിരെ ചില അധ്യാപകർ രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഇവർ അധ്യാപികയ്ക്കെതിരെ സ്കൂൾ മാനേജ്മെന്റിനെ സമീപിക്കുകയും മാനേജ്മെന്റ് കമ്മിറ്റിക്ക് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ
ഐ പി സി സെക്ഷൻ 153 എ (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവിശ്വാസത്തെ അവഹേളിച്ചുകൊണ്ടുള്ള പ്രവൃത്തികൾ) പ്രകാരമാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തത്.
അസമിൽ ഗോമാംസം നിരോധിച്ചിട്ടില്ല, എന്നാൽ 2021-ൽ പാസാക്കിയ കന്നുകാലി സംരക്ഷണ നിയമ പ്രകാരം ഹിന്ദു, ജൈന, സിഖ് വിഭാഗക്കാരും ഇതര സസ്യഭോജികളും താമസിക്കുന്നിടങ്ങളിൽ മാംസ വിൽപനയ്ക്ക് നിരോധനം ഉണ്ട്.
അതേസമയം പശു നമ്മുടെ അമ്മയാണെന്നും പശുവിനെ ആരാധിക്കുന്നിടത്ത് ബീഫ് കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ്മയുടെ പ്രതികരണം. അതേസമയം നിയമം 2021 ലാണ് പാസാക്കിയതെങ്കിലും സംസ്ഥാനത്ത് ബി ജെ പി അധികാരത്തിൽ വന്നതിന് ശേഷം ബീഫ് കൈവശം വെച്ചതിന് നടത്തുന്ന ആദ്യത്തെ അറസ്റ്റ് അല്ല ഇത്. 2017 ൽ ഗോമാംസം പരസ്യമായി കൊണ്ടുനടന്നതിന് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് മുസ്ലീങ്ങളെ ജോർഹട്ട് ടൗണിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.