ടിക്കറ്റ് കൊള്ള നടക്കില്ല: വിമാനയാത്രാ നിരക്ക് നിശ്ചയിക്കുന്നത് കേന്ദ്രം, മാനദണ്ഡങ്ങൾ ഇങ്ങനെ..
ദില്ലി: കൊറോണ വൈറസ് വ്യാപനത്തോടെ രണ്ട് മാസമായി നിർത്തിവെച്ച വിമാന സർവീസ് പുനരാരംഭിക്കുമ്പോൾ ടിക്കറ്റ് ബുക്കിംഗിൽ നിർദേശവുമായി വ്യോമയാന മന്ത്രാലയം. ഓരോ റൂട്ടിലെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് സർക്കാർ നിർദേശിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നത്. കൊറോണ പ്രതിസന്ധിക്കിടെ സർക്കാർ നിർദേശിക്കുന്ന നിരക്ക് അംഗീകരിച്ച് സർവീസ് നടത്താൻ വിമാനകമ്പനികൾ തയ്യാറാകണമെന്നും വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 25 മുതലാണ് ആഭ്യന്തര വിമാന സർവീസുകൾക്ക് തുടക്കം കുറിക്കുന്നത്.
വരുന്ന മൂന്ന് മാസത്തേക്ക് മുംബൈ- ദില്ലി വിമാനനിരക്ക് 3500നും 10000 നും ഇടയിലായിരിക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചത്. യാത്രാ സമയം ഓരോ റൂട്ടിന്റെയും പ്രത്യേകത എന്നിവ കണക്കിലെടുത്താനും യാത്രാ നിരക്ക് നിശ്ചയിക്കുന്നത്. 0-30, 30-60, 60-90, 90-120, 120- 150, 150-180, 120-210 എന്നിങ്ങനെ ഏഴ് വിഭാഗങ്ങളായി തിരിച്ചായിരിക്കും യാത്രാനിരക്ക് നിശ്ചയിക്കുന്നത്. ദില്ലി- മുംബൈ റൂട്ടിൽ 6,700 രൂപയായിരിക്കും യാത്രാ നിരക്ക്.

രാജ്യത്ത് ആഭ്യന്തര സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം വിശദമായ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വിമാന യാത്രക്കാരുടെ കൈവശം ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. ആപ്പ് ഗ്രീൻമോഡ് അല്ലാത്തവരെ വിമാനത്തിലേക്ക് പ്രവേശിപ്പിക്കില്ല. 14 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് തന്നെ വിമാനത്താവളത്തിൽ എത്തിയിരിക്കണമെന്നും തെർമൽ സ്ക്രീനിംഗിന് വിധേയമായിരിക്കണമെന്നുമാണ് ചട്ടം.
അതേ സമയം യാത്രക്കാർ കൃത്യസമയത്ത് തന്നെ വിമാനത്താവളത്തിലെത്തണമെന്നും നിർദേശമുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവർ വിമാന യാത്രക്ക് മുതിരരുതെന്ന് കർശന നിർദേശമുണ്ട്. മാസ്കും ഗ്ലൌസും ധരിക്കാതെ എത്തുന്നവരെയും യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇരിപ്പിടങ്ങൾ ക്രമീകരിക്കുമ്പോഴും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ട്രോളികൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം അനുവദിക്കുന്ന ട്രോളികൾ അണുവിമുക്തമാക്കേണ്ടതും നിർബന്ധമാണ്. വിമാനത്താവളത്തിന്റെ ലോഞ്ചിലോ ടെർമിനലിലോ പത്രങ്ങൾ മാസികകൾ, മറ്റ് പുസ്തകങ്ങൾ എന്നിവ വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഭക്ഷണവും വിമാനത്തിൽ ഏർപ്പെടുത്തുകയില്ല. ഒരു തരത്തിലുമുള്ള അസുഖങ്ങളുള്ളവരെയും വിമാനത്താവളത്തിൽ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുകയില്ല. ഇങ്ങനെയുള്ള നിർദേശങ്ങളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയിട്ടുള്ളത്.












Click it and Unblock the Notifications