നാഷണൽ ഹെരാൾഡ് കേസ്; മുംബൈയിലെ 9 നില കെട്ടിടം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു
ദില്ലി; നാഷ്ണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന്റെ ഉടമസ്ഥതയിൽ ഉള്ള 9 നില കെട്ടിടം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. മുംബൈയിലെ ബാന്ദ്ര പ്രദേശത്തെ 16.38 കോടി വിലമതിക്കുന്ന കെട്ടിടമാണ് ജപ്തി ചെയ്തത്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ടാണ് നടപടി.
ഒൻപത് നില കെട്ടിടത്തിന് രണ്ട് ബേസ്മെന്റുകളും മൊത്തം 15,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമുണ്ട്. കെട്ടിടത്തിന്റെ മൊത്തം മൂല്യം 120 കോടിയാണെന്നാണ് കണക്കാക്കുന്നത്. കോടികള്‍ വിലമതിക്കുന്ന കെട്ടിടം അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് അനധികൃതമായി കൈമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് ജപ്തി. ജപ്തി നടപടികൾ സംബന്ധിച്ച് എജെഎല്ലിനും മുതിർന്ന കോൺഗ്രസ് നേതാവ് മോതിലാൽ വോറയ്ക്കും നോട്ടീസ് നൽകിയതായി ഇഡി അറിയിച്ചു. ദില്ലിയിലെ സിൻറിക്കേറ്റ് ബാങ്കിൽ നിന്നും അനധികൃതമായി വായ്പ തരപ്പെടുത്തിയാണ് കെട്ടിടം വാങ്ങിയതെന്ന് ഇഡി പറഞ്ഞു.
കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് മോതി ലാൽ വോറ. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയും കേസിൽ പ്രതിയാണ്. സിബിഐയും ഇഡിയും 2018 ലും 2019 ലും വോറയ്ക്കൊപ്പം ഹൂഡയ്ക്കെതിരേയും കുറ്റപത്രം നൽകിയിട്ടുണ്ട്.
ജവാഹര്‍ലാല്‍ നെഹ്രു 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴമതിയും വഞ്ചനയും ഉണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹമണ്യൻ സ്വാമിയാണ് കോടതിയെ സമീപിച്ചത്. സോണിയ ഗാന്ധിയ്ക്കും രാഹുലിനും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ളതാണ് 'യംഗ് ഇന്ത്യൻ".
ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എജെഎല്‍ കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപണം.അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുക്കാൻ,യങ് ഇന്ത്യൻ കമ്പനിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 90 കോടി ഇന്ത്യൻ രൂപ വായ്പ അനുവദിച്ചിരുന്നു. ഇത് ചട്ടവിരുദ്ധമെന്നും സ്വാമി ആരോപിക്കുന്നു.