ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി..! പിന്നില്‍ ബിജെപി ബന്ധം?

  • By: അനാമിക
Subscribe to Oneindia Malayalam

ഭോപ്പാല്‍: പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തിരുന്ന സംഘം പിടിയില്‍. മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഈ സംഘത്തെ പിടികൂടിയത്.

പിടിയിലായവരില്‍ ഒരാള്‍ ബിജെപി നേതാവിന്റെ അടുത്ത ബന്ധുവാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ ബന്ധം ഔദ്യോഗികമായി വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല.

അന്താരാഷ്ട്ര കോള്‍ റാക്കറ്റ്

അന്താരാഷ്ട്ര കോള്‍ റാക്കറ്റിലെ കണ്ണികളാണ് പിടിയിലായിരിക്കുന്നത്. പാകിസ്താനുമായി വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ഇവര്‍ സ്വന്തമായൊരു ടെലഫോണ്‍ എക്‌സ്‌ചേഞ്ച് തന്നെ നടത്തിപ്പോരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിടിയിലായവരില്‍ ബിജെപി നേതാവ് വന്ദനാ സതീഷ് യാദവിന്റെ ഭര്‍തൃസഹോദരന്‍ ജിതേന്ദ്ര താക്കൂറും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

പട്ടാളക്കാരെന്ന വ്യാജേനെ

ഇവരില്‍ നിന്നും സിംബോക്‌സുകളും ചൈനീസ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ സംവിധാനങ്ങള്‍ വഴി ഐഎസ്‌ഐ ചാരന്മാര്‍ കശ്മീരിലെ സൈനികത്തലവന്മാരെ പട്ടാളക്കാരെന്ന വ്യാജേനെ വിളിച്ച് വിവരങ്ങള്‍ ചോര്‍ത്താറാണ് പതിവെന്ന് പൊലീസ് പറയുന്നു.

ലക്ഷങ്ങൾ സമ്പാദിക്കുന്നു

ലക്ഷങ്ങളാണ് ഈ സംഘം ഇത്തരത്തില്‍ സമ്പാദിക്കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇവരുടെ കസ്റ്റമേഴ്‌സ് ആണെന്ന് പൊലീസ് പറയുന്നത്. അറസ്റ്റിലായവരുടെ മുഴുവന്‍ വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ദേശദ്രോഹക്കുറ്റം

ഐപിസി 122, 123 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദേശദ്രോഹം, അനധികൃതമായി ആയുധം കയ്യില്‍വെയ്ക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

പിടിയിലായവർ പ്രധാനികൾ

പിടിയിലായവരില്‍ 5 പേരെ ഗ്വാളിയോറില്‍ നിന്നും 3 പേരെ സത്‌നയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ജബല്‍പൂരില്‍ നിന്നും രണ്ട് പേരെ പിടികൂടി. ഒരാളെ സത്‌നയില്‍ നിന്നും പിടികൂടിയതായി എടിഎസ് തലവന്‍ സജ്ഞീവ് ഷാമിയാണ് അറിയിച്ചത്. ഇനിയും കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു

ബന്ധമില്ലെന്ന് ബിജെപി

അറസ്റ്റിലായ ജിതേന്ദ്ര താക്കൂര്‍ കേന്ദ്രമന്ത്രി നരേന്ദ്ര തോമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് എന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇയാള്‍ ബിജെപി നേതാവിന്റെ ബന്ധുവാണെങ്കിലും പാര്‍ട്ടിയുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബിജെപി ജില്ലാ അധ്യക്ഷന്‍ ദേവേഷ് ശര്‍മ്മ പറയുന്നത്.

English summary
Madhya Pradesh ATS busts ISI's simbox gang spying on Indian army.
Please Wait while comments are loading...