നക്‌സല്‍ ആക്രമണത്തിനെതിരെ ഗൗതം ഗംഭീര്‍; ശക്തമായി തിരിച്ചടിക്കണം
ദില്ലി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. തീവ്രവാദികള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കണമെന്ന് ഗംഭീര്‍ പറഞ്ഞു. ഛത്തീസ്ഗഡ്, കാശ്മീര്‍, വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജവാന്മാര്‍ ആക്രമിക്കപ്പെടുകയാണ്. ചിലര്‍ ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും ഗംഭീര്‍ ട്വിറ്ററില്‍ പറഞ്ഞു.
ഛത്തീസ്ഗഡിലെ സുക്മ ഏരിയയില്‍ റോഡ് നിര്‍മാണത്തിന് സഹായം നല്‍കുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെയാണ് നക്‌സല്‍ ആക്രമണമുണ്ടായത്. 25 ജവാന്മാര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നൂറോളം നക്‌സലുകളാണ് ഇന്ത്യന്‍ അര്‍ധസൈനിക വിഭാഗത്തിനുനേരെ വെടിവെപ്പു നടത്തിയത്.
നേരത്തെ കാശ്മീരില്‍ ജവാന്‍ ആക്രമിക്കപ്പെട്ടപ്പോഴും സമാനരീതിയില്‍ ഗംഭീര്‍ പ്രതികരിച്ചിരുന്നു. ഓരോ ഇന്ത്യന്‍ ജവാന് പകരവും 100 ജിഹാദികളെ വകവരുത്തണമെന്നായിരുന്നു ഗംഭീറിന്റെ പോസ്റ്റ്. കാശ്മീരില്‍ ജവാനെ തടഞ്ഞുനിര്‍ത്തി പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം പ്രദേശവാസിയെ ജീപ്പിന് മുകളില്‍ കെട്ടിവെച്ചത് ഏറെ വിവാദമാവുകയും ചെയ്തു.