
ഗുജറാത്തിൽ പോളിംഗ് കുത്തനെ കുറഞ്ഞു; നേട്ടം ആർക്ക്? കണക്ക് കൂട്ടലുകളുമായി പാർട്ടികൾ
ദില്ലി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലും വോട്ടിംഗ് കുത്തനെ കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾ ആശങ്കയിൽ. 2017 നെ അപേക്ഷിച്ച് 6 ശതമാനം കുറവാണ് ഇത്തവണ പോളിംഗ്.
റൂറൽ ബനസ്കന്തയിലെ തരാഡ്, ഡിയോഡർ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. ഇവിടെ 78 , 74 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. അഹമ്മദാബാദ്, വഡോദര, ഗാന്ധി നഗർ എന്നീ മണ്ഡലങ്ങളിലാണ് വോട്ടിംഗിൽ ഏറ്റവും കൂടുതൽ കുറവുണ്ടായത്. അഹമ്മദാബാദിൽ 51.4 ശതമാം, വഡോദര 54.53 ശതമാനം, ഗാന്ധി നഗർ 52 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.

ഗോത്ര വിഭാഗ മേഖലയിലും ഇത്തവണ വോട്ടിംഗ് കുത്തനെ കുറഞ്ഞു. കഴിഞ്ഞ തവണ മേഖലയിലെ 13 സീറ്റുകളിൽ ആകെ പോളിംഗ് 67.6 ശതമാനമായിരുന്നു. ഇത്തവണ അത് 58.4 ശതമാനമായി കുറഞ്ഞു. ആറ് പട്ടികജാതി സംവരണ സീറ്റിലും സ്ഥിതി മെച്ചമായിരുന്നില്ല. 2017ൽ 69.7% ആയിരുന്നത് 57.5% ആയി കുറഞ്ഞു. അതേസമയം വോട്ടിംഗ് കുത്തനെ കുറഞ്ഞാലും ഇത്തവണ ബി ജെ പി റെക്കോർഡ് ഭൂരിപക്ഷത്തോടെ തുടർഭരണം നേടുമെന്ന് ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീൽ പറഞ്ഞു. ആം ആദ്മിയും വിമതരും കോൺഗ്രസിന്റെ വോട്ടുകളിലാണ് വിള്ളൽ വീഴ്ത്തുകയെന്നും പാട്ടീൽ പറഞ്ഞു.
കോണ്‍ഗ്രിന് 'പണി'കൊടുത്ത് ബിജെപിയില്‍ പോയി: അല്‍പേഷിന് ഇത്തവണ ബിജെപിക്കാർ തന്നെ പണികൊടുക്കുമോ

അതേസമയം 15 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കാതിരുന്നതിനാൽ വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നുവെന്നും പല അപാകതകളും നേരിട്ടതായും കോൺഗ്രസ് ആരോപിച്ചു. ബിജെപി പ്രവർത്തകർ തങ്ങളുടെ സ്ഥാനാർത്ഥികളെ ആക്രമിച്ചു. അവർ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു', സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കോർ പറഞ്ഞു. പോളിംഗ് ശതമാനത്തിലെ കുറവ് ബി ജെ പിയെ പരിഭ്രാന്തരാക്കുന്നുണ്ട്. എന്നാൽ തങ്ങൾ 125 സീറ്റ് നേടി അധികാരം പിടിക്കും', അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണം നേടുമെന്നാണ് ആം ആദ്മിയും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 105 സീറ്റുകൾ വരെ സംസ്ഥാനത്ത് നേടാനാകുനന്ന് ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗദ്വി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ബി ജെ പിക്ക് തുടർ ഭരണം ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് പോൾ പ്രവചനങ്ങൾ. 125 വരെ സീറ്റുകൾ ബി ജെ പിക്ക് പ്രവചിക്കുന്നുണ്ട്. ആം ആദ്മി അക്കൗണ്ട് തുറക്കുമെന്നും സർവ്വേകൾ പ്രവചിക്കുന്നുണ്ട്.
'സ്പെഷ്യൽ വ്യക്തികൾക്ക് എന്തുമാകാലോ'; നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കെതിരെ മമത ബാനർജി

ചില സർവ്വേകൾ 8 സീറ്റുകൾ വരെ ആം ആദ്മിക്ക് സാധ്യത കൽപ്പിക്കുന്നുണ്ട്. അതേസമയം ഗുജറാത്ത് പോലൊരു സംസ്ഥാനത്ത് 8 ഓളം സീറ്റുകൾ തങ്ങൾക്ക് നേടാൻ സാധിച്ചാൽ തന്നെ അത് വലിയ വിജയമാണെന്നായിരുന്നു ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാൾ എക്സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിച്ചത്. അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണെന്ന് പല തിരഞ്ഞെടുപ്പ് ഫലങ്ങളും തെളിയിച്ചിട്ടുണ്ടെന്നും ആം ആദ്മി 100 ന് മുകളിൽ സീറ്റ് നേടുമെന്നും കെജരിവാൾ ആവർത്തിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ കൊച്ചി വിമാനത്താവളത്തിൽ, നേട്ടം