ജിഷ്ണു കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്ന് കോടതി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസ് ഡയറി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റ ആവശ്യം കോടതി അംഗീകരിച്ചില്ല.

കേസ് ഡയറി നാളെ തന്നെ ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ടെത്തണമെന്നും കോടതി വ്യക്തമാക്കി. കേസന്വേഷണം നടത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലേ എന്നും കോടതി ചോദിച്ചു.

Jishnu

കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് അമ്മ മഹിജയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

കേസ് ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന സിബിഐ നിലപാട് രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ വൈകിയ സിബിഐയെയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

പോലീസ് അന്വേഷണത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന വാദം ഉന്നയിച്ചാണ് കേസില്‍ മഹിജ കക്ഷി ചേര്‍ന്നതും സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും. പ്രതിസ്ഥാനത്തുള്ള കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പോലീസ് നീക്കമെന്ന് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു.

പോലീസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ സംഭവിച്ച വീഴ്ചകള്‍ തുറന്നുകാട്ടിയായിരുന്നു മഹിജയുടെ ഹര്‍ജി. പത്തുമാസത്തെ അന്വേഷണത്തില്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ പോലീസിന് സാധിക്കാത്തത് വീഴ്ചയാണ്. മാനേജ്മെന്റിലെ ഉന്നതര്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സിബിഐ അന്വേഷണം ആവശ്യമാണ് എന്നതായിരുന്നു മഹിജയുടെ ഹര്‍ജി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Jishnu Pranoy case: SC criticize Kerala Govt.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്