അഞ്ച് സംസ്ഥാനങ്ങളിലെ തോൽവിക്ക് കാരണം അലസത; കോൺഗ്രസിനെ വിമർശിച്ച് ഡിഎംകെ
ചെന്നൈ; കോൺഗ്രസിനെതിരെ വിമർശനവുമായി സഖ്യകക്ഷി ഡിഎംകെ രംഗത്ത്. കോൺഗ്രസിന്റെ അലസമായ മനോഭാവം മൂലമാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലും ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് എന്ന് പാർട്ടി പത്രമായ മുരസൊലിയുടെ എഡിറ്റോറിയലിൽ ഡിഎംകെ എഴുതി. തിങ്കളാഴ്ച പുറത്തിറക്കിയ പത്രത്തിലാണ് വിമർശനം രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ ഐക്യം ആവശ്യമാണെന്നും എഡിറ്റോറിയൽ കൂട്ടിച്ചേർത്തു.
കുറച്ചുകാലമായി കോൺ ഗ്രസുമായി വളരെ അടുത്ത രാഷ്ട്രീയ ബന്ധം സൂക്ഷിക്കുന്ന ഡിഎംകെയുടെ ഈ വിമർശനം രാഷ്ട്രീയത്തിൽ വലിയ ചർച്ചക്ക് വഴി തിരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഡിഎംകെയ്ക്ക് ആശ്ചര്യമോ ഞെട്ടലോ ഇല്ലെന്നും വിവിധ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ നിലനിർത്തിയിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയൽ ആരംഭിക്കുന്നത്. പഞ്ചാബിൽ, ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രം ലഭിച്ചതിനാൽ വോട്ടർമാർ ബിജെപിയുടെ ശ്രമങ്ങൾക്ക് ശ്രദ്ധ നൽകിയില്ലെന്ന് എഡിറ്റോറിയൽ വാദിച്ചു.

ഉത്തർപ്രദേശിൽ ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയ സീറ്റിലും കുറവാണ് ഇത്തവണ കിട്ടിയത്. ബിജെപിയുടെ വോട്ട് വിഹിതം വെറും രണ്ട് ശതമാനം മാത്രം വർധിച്ചപ്പോൾ സമാജ്വാദി പാർട്ടിയുടെ വോട്ട് വിഹിതം 10 ശതമാനം ഉയർന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ബഹുജൻ സമാജ് പാർട്ടിയും എസ്പിയും കൈകോർത്തിരുന്നെങ്കിൽ ബി.ജെ.പിക്ക് ഭരണം നിലനിർത്താൻ സാധിക്കില്ലായിരുന്നുവെന്നും എഡിറ്റോറിയൽ അവകാശപ്പെട്ടു. കൂടാതെ, ബിജെപിയുടെ വിജയത്തിന് മതപരവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയമാണ് കാരണമെന്ന് എഡിറ്റോറിയൽ പറയുന്നു.
അധികാരത്തിലിരുന്ന പഞ്ചാബ് ഇത്തവണ നഷ്ടപ്പെട്ടപ്പോൾ കഴിഞ്ഞ തവണ ഭൂരിപക്ഷം ലഭിച്ചിട്ടും ഭരിക്കാൻ സാധിക്കാതെ പോയ ഗോവയിലും ഇത്തവണ കോൺ ഗ്രസിന് കണക്ക് തെറ്റി. ഉത്തർ പ്രദേശിൽ വെറും രണ്ട് സീറ്റ് മാത്രമാണ് ഇത്തവണ കോൺ ഗ്രസിന് ജയിക്കാൻ സാധിച്ചത്. വൻ പ്രതീക്ഷ കാത്തുവെച്ച മണിപ്പൂരിലും വെറും അഞ്ച് സീറ്റിൽ കോൺ ഗ്രസിന് ഒരുങ്ങേണ്ടി വന്നു. ഉത്തരാഖണ്ഡിൽ 19 സീറ്റാണ് കോൺ ഗ്രസിന് ഇത്തവണ നേടാൻ സാധിച്ചത്.
ഈ എഡിറ്റോറിയലിൽ രണ്ട് സന്ദേശങ്ങളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനും മുതിർന്ന പത്രപ്രവർത്തകനുമായ താരസു ശ്യാം പറഞ്ഞു. ഒന്നാമതായി, ഡിഎംകെ ഒരു മൂന്നാം മുന്നണിയെയും പിന്തുണയ്ക്കില്ല എന്നതും രണ്ടാമതായി, 2004-ലെയും 2009-ലെയും തിരഞ്ഞെടുപ്പിന് മുമ്പ് ചെയ്തതുപോലെ, ബി.ജെ.പി.ക്കെതിരെ സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നടപടിയെടുക്കണം എന്നതുമാണ് അദ്ദേഹം പറഞ്ഞു. പ്രാദേശിക പാർട്ടികളെയും കോൺഗ്രസിനെയും ബന്ധിപ്പിക്കുന്നതിൽ ഡിഎംകെ നിർണായക പങ്ക് വഹിക്കുമെന്ന് ഞാൻ കരുതുന്നു എന്നും. സ്റ്റാലിന്റെ പിതാവ് എം കരുണാനിധി ചെയ്തതുപോലെ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാൻ സ്റ്റാലിൻ ശ്രമിക്കണമെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ ഡി കാർത്തിക് പറഞ്ഞു.












Click it and Unblock the Notifications