വീണ്ടും ട്വിസ്റ്റ്; പ്രശാന്ത് കിഷോർ ജെഡിയുവിലേക്ക് മടങ്ങും? നിതീഷ് കുമാറിനെ പുകഴ്ത്തി പികെ..ലക്ഷ്യം?
ദില്ലി; നിതീഷ് കുമാറിന്റെ ജെ ഡി യുവിൽ നിന്നും രാജി വെച്ച് പുറത്ത് വന്ന പ്രശാന്ത് കോൺഗ്രസിനെ മുൻനിർത്തി ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപടുക്കാനുള്ള തീവ്ര ശ്രമത്തിലയായിരുന്നു. മാത്രമല്ല കോൺഗ്രസിൽ ചേരാനുള്ള നീക്കങ്ങളും പ്രശാന്ത് ശക്തമാക്കിയിരുന്നു. ദേശീയ തലത്തിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസിന് വേണ്ടി പ്രശാന്ത് തന്ത്രങ്ങൾ മെനയുമെന്നും പാർട്ടിയിൽ ഉന്നത പദവി തന്നെ പ്രശാന്തിന് ലഭിച്ചേക്കുമെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായുമുള്ള പ്രശാന്തിന്റെ കൂടിക്കാഴ്ചകൾ ആയിരുന്നു ഇത്തരം ചർച്ചകൾക്ക് ശക്തി പകർന്നത്.
എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കോൺഗ്രസിനെ കടന്നാക്രമിക്കുന്ന പ്രശാന്തിനെയാണ് മാധ്യമങ്ങളിലൂടെ ദൃശ്യമായത്. 2024 ൽ കോൺഗ്രസ് ഇല്ലാതെ തന്നെ പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്നുവരെ പ്രശാന്ത് തുറന്നടിച്ചു. ഇതോടെ കോൺഗ്രസുമായി പ്രശാന്ത് ഇടഞ്ഞെന്നും മറ്റൊരു തട്ടകത്തിൽ പ്രശാന്ത് ഉടൻ എത്തുമെന്നത് ഉൾപ്പെടെയുള്ള ചർച്ചകളും സജീവമായി. ഇപ്പോഴിതാ പഴയ തട്ടകമായ ജെ ഡി യുവിലേക്ക് തന്നെ പ്രശാന്ത് മടങ്ങിയേക്കുമെന്ന തരത്തിലാണ് റിപ്പോർട്ട്.

2018 ലായിരുന്നു പ്രശാന്ത് കിഷോർ നിതീഷ് കുമാറിന്റെ ജനതാദൾ (യുനൈറ്റഡ്) ൽ ചേർന്നത്. പിന്നീട് പാർട്ടിയുടെ ഉപാധ്യക്ഷനായി അദ്ദേഹം. എന്നാൽ 2019 ൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജെ ഡി യു നിലപാടിൽ പ്രതിഷേധിച്ച് പ്രശാന്ത് നിതീഷ് കുമാറുമായി ഇടഞ്ഞു. തുടർന്ന് പാർട്ടി വിടുകയും ചെയ്തു. പിന്നീട് ബംഗാൾ, തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ തൃണൂലിനും ഡിഎംകെയ്ക്കും വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് ഇരു പാർട്ടികളേയും ഭരണത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കും വഹിച്ചു.

എൻ സി പി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രശാന്ത് ചരടുവലി നടത്തുന്നതായുള്ള ചർച്ചകൾ തുടങ്ങിയത്. ഇതിന് പിന്നാലെ കോൺഗ്രസുമായും പ്രശാന്ത് അടുത്തു. നിരവധി തവണ ഗാന്ധി കുടുംബങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതോടെയായിരുന്നു പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് എന്ന ചർച്ചകൾ്കക് ചൂട് പിടിച്ചത്.

അടുത്ത ലോക്സഭ തിരഞ്ഞെടു്പപിൽ വമ്പനൻ തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസിന് വേണ്ടി പ്രശാന്ത് കളത്തിലിറങ്ങുമെന്നായിരുന്നു പിന്നീടുള്ള ചർച്ചകൾ. സംഘടനരംഗത്ത് വലിയ അഴിച്ചുപണി നടക്കുന്നതിന് മുന്നോടിയായി വലിയ പദവി നൽകി പാർട്ടിയെ രക്ഷിക്കാൻ പ്രശാന്ത് കിഷോറിനെ ഉപയോഗപ്പെടുത്തിയേക്കുമെന്ന തരത്തിലായിരുന്നു റി്പപോർട്ടുകൾ.

അതേസമയം പാർട്ടിയിലെ ഒരു വിഭാഗത്തിന് പ്രശാന്തിന്റെ വരവിൽ കടുത്ത അതൃപ്തി ഉണ്ടായിരുന്നു. അതിനിടെ ഗോവയിൽ മമത ബാനർജിയുടെ തൃണമൂലിന് വേണ്ടി നടത്തിയ ചില ഇടപെടലുകൾ പ്രശാന്ത്-കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ വീ്ത്തി. കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ ഗോവ മുഖ്യമന്ത്രിയുമായ ലൂസിയോ ഫെരാനോയോ പാർട്ടിയിൽ നിന്ന് രാജിവെപ്പിച്ച് കോൺഗ്രസിൽ എത്തിച്ചത് പ്രശാന്ത് കിഷോർ ആണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായത്.

എന്തായാലും കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ലഭിക്കാതായതോടെ തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങാൻ പ്രശാന്ത് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനേക്കാൾ മികച്ച മുഖ്യമന്ത്രി നിതീഷാണെന്നും പ്രശാന്ത് പ്രകീർത്തിച്ചിരുന്നു. കോൺഗ്രസിനെ മാറ്റി നിർത്തി പ്രാദേശിക കക്ഷികളെ ഒപ്പം നിർത്തി ബി ജെ പിക്കെതിരെ പൊരുതാനുള്ള നീക്കത്തിന്റ ഭാഗമാണോയിതെന്ന് കാത്തിരുന്ന് കാണേണ്ടി വരും.