ദേശീയ ഗാനം പാടില്ല, വീഡിയോയും പിടിക്കില്ല; രണ്ടും ശരീഅത്തിനെതിരെന്ന് മുസ്ലിം പണ്ഡിതര്‍

  • Posted By:
Subscribe to Oneindia Malayalam

ലക്‌നോ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ ഗാനം ആലപിക്കാനോ അത് വീഡിയോയില്‍ പകര്‍ത്താനോ സാധ്യമല്ലെന്ന വാദവുമായി മുസ്്‌ലിം പണ്ഡിതന്‍മാര്‍ രംഗത്ത്. യു.പിയിലെ എല്ലാ മദ്രസകളിലും ആഗസ്ത് 15ന് ദേശീയ ഗാനം പാടുകയും അത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാക്കിക്കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉത്തരവിറക്കിയതിനു പിന്നാലെയാണ് ബറേലിയിലെയും പിലിഭിത്തിലെയും മുഫ്ത്തിമാര്‍ ഇതിനെതിരായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

'സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കണം. പക്ഷെ, ദേശീയഗാനം പാടുന്നതില്‍ നിന്നും വീഡിയോ റെക്കോര്‍ഡിങ്ങില്‍ നിന്നും മുസ്്‌ലിംകള്‍ വിട്ടു നില്‍ക്കണം. കാരണം അവ രണ്ടും ഇസ്ലാമിനെതിരാണ്'- ബറേലിയിലെ ഖാസി മൗലാനാ അസ്ജദ് റസാ ഖാന്‍ പറഞ്ഞു. 'രവീന്ദ്രനാഥ ടാഗോര്‍ ദേശീയഗാനം രചിച്ചത് അന്നത്തെ ബ്രിട്ടീഷ് ഭരണാധികായിരുന്ന ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയെ പുകഴ്ത്തിക്കൊണ്ടാണ്. എന്നാല്‍ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ അധിനായകന്‍ ദൈവമാണ്, ജോര്‍ജല്ല'- മൗലാനാ വ്യക്തമാക്കി.

muslim-national

അതേസമയം ദേശീയ ഗാനത്തെ തങ്ങള്‍ അനാദരിക്കുന്നില്ലെന്നും മതപരമായ കാരണങ്ങളാല്‍ അത് ആലപിക്കുന്നില്ലെന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പോലും ദേശീയ ഗാനത്തെ എതിര്‍ത്ത് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ല്‍ രാജസ്ഥാന്‍ യൂനിവേഴ്‌സിറ്റിയിലെ ബിരുദദാനച്ചടങ്ങില്‍ ബ്രിട്ടീഷ് ഭരണാധികാരിയെ പുകഴ്ത്തുന്ന അധിനായക ജയഹേ എന്നത് 'ജന്‍ ഗണ്‍ മന്‍ മംഗള്‍ ഗയേ' എന്നാക്കി മാറ്റണമെന്ന് കല്യാണ്‍ സിംഗ് അഭിപ്രായപ്പെട്ടിരുന്നു.

ഇസ്ലാമിക നിയമമനുസരിച്ച് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും നിഷിദ്ധമാണെന്നും പാടില്ലാത്ത കാര്യങ്ങള്‍ മദ്രസകളില്‍ വച്ച് ചെയ്യണമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും റസാ ഖാന്‍ പറയുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുകയും സാരേ ജഹാന്‍ സേ അച്ചാ ഹിന്ദുസ്താന്‍ ഹമാരാ എന്ന ഗീതം ആലപിക്കുകയും മധുരം വിതരണം ചെയ്യുകയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യ സമരസേനാനികളുടെ ഓര്‍മകള്‍ അയവിറക്കുകയും ചെയ്യണമെന്നാണ് മദ്രസാ മാനേജര്‍മാര്‍ക്ക് അദ്ദേഹം നല്‍കുന്ന നിര്‍ദേശം.

യു.പി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ഇടപെടണമെന്നാണ് പിലിഭിത്ത് മുഫ്ത്തി മൗലാനാ ജര്‍താബ് റസാഖാന്റെ ആവശ്യം. അല്ലാത്തപക്ഷം ഉത്തരവ് ലംഘിക്കുകയല്ലാതെ മുസ്ലിംകള്‍ക്ക് മുമ്പില്‍ വേറെ വഴിയില്ലെന്നും അദ്ദേഹം പറയുന്നു.

English summary
A day after the UP government made video recording of Independence Day celebrations and the singing of the national anthem compulsory in all madrassas, many Muslim clerics have appealed to community members to mark the day as patriots, but refrain from singing the national anthem or record videos as they are against Islam
Please Wait while comments are loading...