ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ ഭൂരിഭാഗം സ്ത്രീകള്‍ക്ക് ലഭിക്കുന്നത് പുരുഷന്മാരെക്കാള്‍ കുറഞ്ഞ വേതനം
ദില്ലി: അടുത്തിടെ നടത്തിയ സര്‍വേ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ മാത്രമല്ല ഏറ്റവും വലിയ പ്രശ്‌നം, സ്ത്രീകളുടെ തൊഴില്‍ മേഖലയിലടക്കം സാഹചര്യങ്ങള്‍ ശോകമാണ്. തൊഴിലെടുക്കാനുള്ള കുറഞ്ഞ ഓപ്ഷനുകള്‍ മാത്രമല്ല, പുരുഷന്‍മാരെ അപേക്ഷിച്ച് കുറഞ്ഞ വേതനമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. ഇവയെല്ലാം കാരണം സ്ത്രീകള്‍ക്ക് ദീര്‍ഘകാലം ജോലി ചെയ്യാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.
'മൈന്‍ഡ് ദ് ഗ്യാപ്പ്: ദി സ്റ്റേറ്റ് ഓഫ് എംപ്ലോയ്‌മെന്റ് ഇന്‍ ഇന്ത്യ' എന്ന തലക്കെട്ടിലുള്ള ഒക്‌സ്ഫാം റിപ്പോര്‍ട്ടില്‍ ഇതേ കുറിച്ച് കൂടുതലായി ചര്‍ച്ച ചെയ്യുന്നുണ്ട്. അസമത്വത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയാണ് ഇത്.

യോഗ്യത തുല്യമെങ്കിലും വേതനമല്ല
ഒരേ തൊഴിലും ഒരേ യോഗ്യതയുമുള്ള പുരുഷന്‍മാരെ അപേക്ഷിച്ച് 34 ശതമാനം കുറഞ്ഞ ശമ്പളമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് (എന്‍എസ്എസ്ഒ) 2011-12 വര്‍ഷം നടത്തിയ സര്‍വേ പ്രകാരം സ്ത്രീകള്‍ക്ക് ശരാശരി 105 രൂപ മുതല്‍ 123 രൂപ വരെയാണ് പുരുഷന്മാരെ അപേക്ഷിച്ച് ശരാശരി വേതനം. നീതി ആയോഗ് റിപ്പോര്‍ട്ടിലും സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സ്ത്രീകള്‍ ചെയ്യുന്ന പല ജോലികള്‍ക്കും കൃത്യമായ വേതനം ലഭിക്കുന്നില്ലെന്നും പറയുന്നു. തൊഴില്‍ സേനയില്‍ അവസരം ലഭിക്കുന്നത് കുറയാനുള്ള കാരണങ്ങളില്‍ പ്രധാനമായുള്ളത് ഗ്രാമീണ മേഖലയിലെ കുറഞ്ഞ തൊഴിലവസരം, ശമ്പളത്തിലെ അസമത്വം, കൂലി ലഭിക്കാത്ത സേവന ജോലികളോടുള്ള താത്പര്യ കുറവ്, പിന്നോക്കം നില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ ശാക്തീകരണം എന്നിവയാണ്.

മറ്റു പല കാര്യങ്ങളിലും സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ മോശമാണ്
അടുത്തിടെയുണ്ടായ പത്രവാര്‍ത്തകള്‍ പ്രകാരം തൊഴിലില്ലായ്മ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്. 2017-2018 കാലയളവില്‍ തൊഴിലില്ലായ്മ 6.1 ശതമാനമായി ഉയര്‍ന്നു. തൊഴിലാളികളില്‍ പുരുഷ പങ്കാളിത്തം 75.5% (2015-2016) നിന്ന് 76.8% (2016-2017) ആയി ഉയര്‍ന്നു, ഇതേ കാലയളവില്‍ സ്ത്രീ പങ്കാളിത്തം 27.4% ല്‍ നിന്നും 26.9% ആയി കുറഞ്ഞു. ഇതിനര്‍ത്ഥം തൊഴില്‍സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം 27% ആയി കുറഞ്ഞു എന്നാണ്. ജി 20 രാജ്യങ്ങളില്‍ സൗദി അറേബ്യയേക്കാള്‍ മികച്ചതും ബ്രിക്‌സ് രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കുമാണ് ഇന്ത്യയിലെ തൊഴില്‍ മേഖലയിലുള്ളത്. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ പ്രതിമാസം 18,000 രൂപ ശമ്പളമായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ 92 ശതമാനം സ്ത്രീകള്‍ പ്രതിമാസം 10,000 രൂപയില്‍ താഴെയാണ് പുരുഷന്മാരുടെ എണ്ണമാകട്ടെ 82 ശതമാനവും.

ശമ്പള രഹിത ജോലികള്‍
സ്ത്രീകളുടെ ശമ്പള രഹിത ജോലികളും വീട്ടുജോലികളും ഇതുവരെ ഒരു തൊഴിലായി കണക്കാക്കിയിട്ടില്ല അല്ലെങ്കില്‍ കണക്കാക്കുന്നില്ല. നിലവില്‍ 2011-2012-ലെ സ്ത്രീ തൊഴില്‍സേനാ പങ്കാളിത്തം 20.5% ആണ്. എന്‍എസ്എസ്ഒയുടെ നിര്‍വചനത്തില്‍ സ്ത്രീകളുടെ ശമ്പള രഹിത ജോലികളും വീട്ടുജോലിയും ഉള്‍പ്പെടുത്തിയാല്‍ 2011-12ലെ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം 20.5 ശതമാനത്തില്‍ നിന്ന് 81.7 ശതമാനമായി ഉയരും. അങ്ങനെയാണെങ്കില്‍ അത് പുരുഷന്മാരുടെ കണക്കിനെ മറികടക്കും.

ജാതിയും മതവും സ്ത്രീകളുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു?
ലിംഗം, ജാതി, വര്‍ഗം എന്നിവ തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. പട്ടിക ജാതിയിലെ സ്ത്രീകളാണ് നിര്‍മാണ മേഖലകളിലും മാലിന്യ ശേഖരണ ജോലികളിലും ഭൂരിഭാഗവുമുള്ളത്. മഹാദളിത്, ചാമാര്‍ എന്നീ വിഭാഗത്തിലെ സ്ത്രീകള്‍ ശിശു ജനനങ്ങളില്‍ സഹായിക്കുന്ന ജോലിയാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടിക ജാതിയില്‍ പെടാത്ത സ്ത്രീകള്‍ കൂടുതലായും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലാണ് തൊഴില്‍ ചെയ്യുന്നത്. മുസ്ലീം സ്ത്രീകളാകട്ടെ വീട്ടിനകത്തെ ജോലികളിലാണ് കൂടുതലും ഇടപെടുന്നത്. ഗ്രാമീണ സ്ത്രീകളില്‍ 75% കൃഷിയുമായി ബന്ധപ്പെട്ടവരാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ദളിത് സ്ത്രീകളുടെ തൊഴിലിനെ വല്ലാതെ ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കാര്‍ഷിക മേഖലയിലും സ്ത്രീകള്‍ക്ക് കുറഞ്ഞ കൂലി ലഭിക്കുന്ന കള പറിക്കല്‍, നനയ്ക്കല്‍, ഞാറ് പറിച്ചു നടല്‍ തുടങ്ങിയ ജോലികളാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.