കാറ്റലോണിയ സ്പെയിനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

  • Written By: Desk
Subscribe to Oneindia Malayalam

ബാഴ്സലോണ: സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കി കേന്ദ്രഭരണം ഏര്‍പ്പെടുത്താന്‍ സ്‌പെയിന്‍ ഭരണകൂടം നീക്കം നടത്തുന്നതിനിടയിലാണ് കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് കാറ്റലോണിയന്‍ പാര്‍ലമെന്റ് പ്രത്യേക പ്രമേയം പാസാക്കി. 135 അംഗ പാര്‍ലമെന്റില്‍ ഹാജരായ 70 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 10 പ്രതിപക്ഷ എം.പിമാര്‍ തീരുമാനത്തെ എതിര്‍ത്തു. രണ്ടു പേര്‍ വിട്ടുനിന്നു.

Catelonia 2

അതേസമയം, പ്രമേയം നിയമപരമായി നിലനില്‍ക്കില്ലെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി മറിയാനോ റജോയി വ്യക്തമാക്കി. കാറ്റലോണിയയില്‍ നിയമവാഴ്ചയും ജനാധിപത്യവും സ്ഥിരതയും കൈവരുത്തുന്നതിന് പ്രദേശത്തിന്റെ സ്വയംഭരണാവകാശം റദ്ദാക്കി കേന്ദ്രഭരണം ഏര്‍പ്പെടുത്തുമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇത് കാറ്റലോണിയ ഭരണത്തലവന്‍ കാര്‍ലസ് പുജമോണ്ട് തള്ളുകയുമുണ്ടായി. രാജ്യതാല്‍പര്യം സംരക്ഷിക്കാനെന്ന പേരില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്താനുള്ള സ്പാനിഷ് സര്‍ക്കാരിന്റെ നീക്കം ഭരണഘടന അട്ടിമറിക്കലാണെന്നു കാറ്റലോണിയ പാര്‍ലമെന്റ് സ്പീക്കര്‍ കാര്‍മെ ഫോര്‍കാഡെലും ആരോപിച്ചിരുന്നു.

Catalonia

കാറ്റലോണിയയില്‍ സ്വാതന്ത്ര്യ ഹിതപ്പരിശോധന നടത്തിയതോടെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഹിതപ്പരിശോധനയില്‍ പങ്കെടുത്ത 43 ശതമാനം വോട്ടര്‍മാരില്‍ 90 ശതമാനം പേരും സ്വാതന്ത്ര്യത്തെ പിന്തുണച്ചുവെന്ന് കാറ്റലോണിയന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നായിരുന്നു ഭരണഘടനാ കോടതിയുടെ തീരുമാനം.

സ്‌പെയിന്‍ ഭരണകൂടത്തിന്റെ നീക്കത്തെ നിസ്സഹകരണ സമരത്തിലൂടെ നേരിടാനായിരുന്നു കാറ്റലോണിയയുടെ ആലോചന. കേന്ദ്രഭരണത്തിനുള്ള മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നല്‍കാന്‍ സ്‌പെയിന്‍ സെനറ്റ് കൂടാനിരിക്കെയാണു കാറ്റലോണിയ പാര്‍ലമെന്റ് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.

പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശാന്തത കൈവിടരുതെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു. കാറ്റലോണിയന്‍ പാര്‍ലമെന്റ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ഉടന്‍ അസാധാരണ യോഗം ചേര്‍ന്ന സ്‌പെയിന്‍ സെനറ്റ് കാറ്റലോണിയയെ സ്‌പെയിനിന്റെ നേരിട്ടുള്ള ഭരണത്തില്‍ കൊണ്ടുവരുന്നതിന് ഭരണകൂടത്തിന് അനുമതി നല്‍കി.

214 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 47 പേര്‍ ഇതിനെ എതിര്‍ത്തു. ഉടന്‍ മന്ത്രിസഭ ചേര്‍ന്ന് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് പ്രധാനമന്ത്രിയുടെ അടുത്ത നീക്കം. കാറ്റലോണിയന്‍ ഭരണകൂടത്തെ പിരിച്ചുവിട്ട് സുരക്ഷാ സേനയുടെയും ധനകാര്യസ്ഥാപനങ്ങളുടെയും പൊതുമേഖലാ മാധ്യമങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാനാവും സ്‌പെയിന്‍ ശ്രമിക്കുക.

English summary
Catalonia's parliament today voted to declare independence from Spain and proclaim a republic, just as Madrid is poised to impose direct rule on the semi-autonomous region to stop it in its tracks

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്