ലഗേജ് പരിശോധിക്കാന്‍ സമ്മതിച്ചില്ല; യുഎഇ വിമാനം സോമാലിയയില്‍ തടഞ്ഞുവച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

മൊഗാദിഷു: യുഎഇ സൈനിക പരിശീലകരുമായി സോമാലിയയില്‍ നിന്ന് പുറപ്പെടാനിരുന്ന വിമാനം അധികൃതര്‍ തടഞ്ഞുവച്ചു. പരീശീലകരുടെ ലഗേജുകള്‍ പരിശോധിക്കാന്‍ വിമാനത്താവള അധികൃതരെ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. സോമാലിയയിലെ അര്‍ധ സ്വയംഭരണ പ്രദേശമായ പുണ്‍ട്‌ലാന്റിലെ ബൊസാസോ വിമാനത്താവളത്തിലാണ് സംഭവം. പ്രതിസന്ധി പരിഹരിക്കാന്‍ ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തോട് യു.എ.ഇ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

uae

കഴിഞ്ഞ ദിവസം യു.എ.ഇയുടെ വിമാനത്തിലെത്തിയ 10 ലക്ഷം ഡോളര്‍ സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. യു.എ.ഇ തലസ്ഥാനമായ അബൂദബിയില്‍ നിന്നെത്തിയ റോയല്‍ ജെറ്റ് വിമാനത്തില്‍ നിന്നായിരുന്നു പണം അടങ്ങിയ ബാഗ് പിടികൂടിയത്. വിമാനത്തില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്ന മൂന്ന് ബാഗുകളിലായിരുന്നു പണം. ഈ ബാഗുകള്‍ വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് വിട്ടുനല്‍കാന്‍ സോമാലിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയായിരുന്നു. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും എവിടേക്കാണ് അത് കൊണ്ടുപോകുന്നതെന്നതിനെ കുറിച്ചും അന്വേഷണം നടത്തിവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, സോമാലി സൈനികരുടെ പരിശീലനം ലക്ഷ്യമിട്ടാണ് പണം എത്തിച്ചതൊണ് യു.എ.ഇ അധികൃതരുടെ വിശദീകരണം.

അടുത്തകാലത്തായി യു.എ.ഇയും സോമാലിയയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍ ഉപരോധത്തെ പിന്തുണയ്ക്കാന്‍ സോമാലിയ വിസമ്മതിച്ചതാണത്രെ കാരണം. ഇക്കാര്യത്തില്‍ സൗദിയും യു.എ.ഇയും ചേര്‍ന്ന് രാജ്യത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. എന്നാല്‍ ഉപരോധത്തിന്റെ കാര്യത്തില്‍ നിഷ്പക്ഷ സമീപനമാണ് രാജ്യത്തിന്റേതെന്നാണ് സോമാലിയന്‍ അധികൃതരുടെ നിലപാട്.

അതിനു പുറമെ, സോമാലിയയിലെ വിമത നിയന്ത്രണത്തിലുള്ള വടക്കന്‍ പ്രദേശമായ സോമാലിലാന്റുമായി ബോര്‍ബെറ പോര്‍ട്ടിന്റെ നടത്തിപ്പില്‍ കഴിഞ്ഞ മാസം യു.എ.ഇ കരാറുണ്ടാക്കിയത് സോമാലിയന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. ഔദ്യോഗിക ഭരണകൂടത്തിന് പുറത്ത് വിമതരുമായുണ്ടാക്കിയ കരാര്‍ നിലനില്‍ക്കില്ലെന്നാണ് സോമാലിയയുടെ നിലപാട്. ഇതിനെതിരേ യു.എന്‍ ഇടപടണമെന്ന് സോമാലിയ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ലഗേജുകള്‍ പരിശോധിക്കാതെ വിമാനം പുറപ്പെടാന്‍ അനുവദിക്കില്ലെന്ന സോമാലിയന്‍ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ, നിലവിലെ സോമാലിയന്‍ സര്‍ക്കാര്‍ സുഹൃദ്രാജ്യമായ യു.എ.ഇയുമായി അനാവശ്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും നിര്‍ണായക ഘട്ടങ്ങളില്‍ സോമാലിയയെ സഹായിച്ച രാജ്യമാണ് യു.എ.ഇയെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
UAE plane blocked from leaving Somalia's Puntland region

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്