'ഊബർ ഈറ്റ്സിന് ബഹിരാകാശത്തുമുണ്ടെടോ പിടി';ബഹിരാകാശത്തേക്ക് ഭക്ഷണമെത്തിച്ച് കമ്പനി
ദില്ലി; ബഹിരാകാശത്തും ഭക്ഷണം വിതരണം ചെയ്ത് ലോകത്തെ ഞെട്ടിച്ച് ഊബർ ഈറ്റ്സ്. ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ് ഊബര്‍ ഈറ്റ്‌സ് ഭക്ഷണം എത്തിച്ചത്. ഒമ്പത് മണിക്കൂർ റോക്കറ്റ് യാത്രയ്ക്ക് ശേഷമാണ് ബഹിരാകാശ സഞ്ചാരികൾക്കായി ഭക്ഷണപ്പൊതികൾ ഐഎസ്എസിൽ എത്തിച്ചതെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.
ഡിസംബര്‍ 11ന് രാവിലെ 9.40നാണ് ഊബര്‍ ഈറ്റ്‌സിന്റെ ഭക്ഷണം യുസാക മെസാവ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചത്. എന്താണ് ഭക്ഷണം എന്നല്ലേ?മധുരമുള്ള സോസിൽ പാകം ചെയ്ത ബീഫ് ബൗൾ, മിസോയിൽ വേവിച്ച അയല, മുളകളുള്ള ചിക്കൻ, വരട്ടിയ പന്നിയിറച്ചി എന്നിവ അടങ്ങിയ റെഡി-ടു ഈറ്റ് ടിന്നിലടച്ച ഭക്ഷണമായിരുന്നു യുസാക മെസാവ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചത്.ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ISS സന്ദർശിക്കുന്ന ബഹിരാകാശ വിനോദസഞ്ചാരിയാണ് യുസാക മെസാവ. 2023-ൽ ചന്ദ്രനുചുറ്റും സ്‌പേസ് എക്‌സിന്റെ ഷെഡ്യൂൾ ചെയ്ത ടൂറിസ്റ്റ് ഫ്‌ലൈറ്റിന്റെ എല്ലാ ടിക്കറ്റുകളും വാങ്ങിയതിന്റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ച ജപ്പാനീസ് കോടീശ്വരനാണ് അദ്ദേഹം. ബഹിരാകാശത്ത് ഭക്ഷണം എത്തിക്കാൻ സാധിച്ചതിൽ തങ്ങൾക്ക് ഏറെ സന്തോഷം ഉണ്ടെന്നും ഊബർ ഈറ്റ്സിനെ സംബന്ധിച്ച് ഇത് വലിയൊരു ഡെലിവറി ആണെന്നും ഊബർ സി ഇ ഒ ഡാറ കോസ്റോവ്ഷി പറഞ്ഞു.