കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റെക്കാർഡ് വൈദ്യുതി ഉൽപ്പാദനവുമായി ബാരാ പോൾ പദ്ധതി: കണ്ണുരിന് ചരിത്രനേട്ടം

Google Oneindia Malayalam News

ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ബാരാപോള്‍ ജലവൈദ്യുത പദ്ധതി ചരിത്രനേട്ടം കൈവരിച്ചു. വാര്‍ഷിക ഉല്‍പാദനമായ 36 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചതിന് പിന്നാലെ ബാരാപോളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പാദനമായ 40.52 ദശലക്ഷം യൂണിറ്റ് വൈദ്യുതി പവര്‍ഹൗസില്‍ ഉല്‍പാദിപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്.വാര്‍ഷിക ഉല്‍പാദനമായ 36എം.യു ഒക്ടോബര്‍ 13നാണ് പിന്നിട്ടത്. 2017-18 വര്‍ഷത്തില്‍ കൈവരിച്ച 40.51ദശലക്ഷം യൂണിറ്റ് ഉല്‍പാദനം മറികടന്നാണ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ജലം ലഭ്യമായതിനാല്‍ ഇപ്പോഴും എല്ലാ ജനറേറ്ററുകളും മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു വരികയാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അനീഷ് അരവിന്ദ് പറഞ്ഞു.

ph

ജനുവരി വരെ ഉല്‍പാദനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളുള്ള ബാരാപോളിന്റെ സ്ഥാപിതശേഷി 15 മെഗാവാട്ടാണ്. 2016 ഫെബ്രുവരി 29ന് രാജ്യത്തിന് സമര്‍പ്പിച്ച പദ്ധതിയില്‍ നിന്നും ഇതുവരെ ആകെ 150 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു കഴിഞ്ഞു.കര്‍ണ്ണാടകയിലെ കുടകില്‍ നിന്നും ഒഴുകി വരുന്ന ബാരാപോള്‍ പുഴയിലെ ജലം മൂന്നര കിലോമീറ്റര്‍ നീളമുള്ള കനാലിലൂടെ ബാരാപോള്‍ പവര്‍ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ജനുവരിയാകുമ്പോള്‍ പുഴയില്‍ ജലം പൂര്‍ണ്ണമായും കുറയും. എന്നാല്‍ പോലും ഇനിയുള്ള മൂന്ന് മാസം കൂടുതല്‍ ഉല്‍പാദനം നടക്കുമെന്ന പ്രതീക്ഷയിലാണെന്നും ചരിത്ര നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ ജീവനക്കാര്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും, കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി മേഖല പ്രതിസന്ധി നേരിട്ട കാലത്ത് മൂന്ന് ജനറേറ്ററുകളും ഫുള്‍ ലോഡില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കണക്കാക്കുന്നതായും അനീഷ് അരവിന്ദ് പറഞ്ഞു.

ഇടയ്ക്ക് ഒരു ജനറേറ്ററിന് അറ്റകുറ്റപണികള്‍ വന്നിരുന്നെങ്കിലും രാത്രിയും പകലുമായി സമയബന്ധിതമായി ജോലികള്‍ പൂര്‍ത്തിയാക്കി ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വേനല്‍ക്കാല അറ്റകുറ്റപ്പണികള്‍ക്ക് ശേഷം മേയ് 28ന് ഉല്‍പാദനം ആരംഭിച്ചിരുന്നു. ജൂണ്‍ മാസം മുതല്‍ പെയ്ത എല്ലാ മഴയും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതാണ് ഈ ചരിത്രനേട്ടത്തിലേക്ക് പദ്ധതിയെ എത്തിച്ചത്.2017ല്‍ മികച്ച ഉല്‍പാദനം നടന്നിരുന്നെങ്കിലും 2018ലെയും 2019ലെയും പ്രളയങ്ങള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു. 2018ലെ പ്രളയത്തിന് ശേഷം ജനറേറ്ററുകളുടെ റണ്ണര്‍ ഉള്‍പ്പടെയുള്ള പ്രധാന ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഉല്‍പാദനം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍

Recommended Video

cmsvideo
Power crisis in India; CMs write letter to Centre

തുടര്‍ന്ന് 2019ല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2020-21ന്റെ തുടക്കത്തിലും ഒട്ടനവധി പ്രശ്‌നങ്ങള്‍ ബാരാപോളിനെ പിന്തുടര്‍ന്നു. കറണ്ട് ട്രാന്‍സ്‌ഫോര്‍മറുകളും, പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോര്‍മറുകളും, സെര്‍വോ മോട്ടറുകളും കേടായി. അടിയന്തിര അറ്റകുറ്റപണികള്‍ക്ക് ശേഷം അന്ന് ഉല്‍പാദനം പുനരാരംഭിക്കുകയും 2020 ഒക്ടോബര്‍ മാസം പെയ്ത മഴ ഉപയോഗപ്പെടുത്തി കഴിഞ്ഞ വര്‍ഷം 29 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുകയും ചെയ്തതോടെ ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു.

പവര്‍ഹൗസിലെ സാങ്കേതിക വിഭാഗം ജോലികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡിന്റെ ഗ്യാരണ്ടി കാലയളവില്‍ ആയതിനാല്‍ ബാരാപോളിലെ മുഴുവന്‍ കറണ്ട് ട്രാന്‍സ്‌ഫോര്‍മറുകളും, പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്‌ഫോര്‍മറുകളും മാറ്റി നല്‍കാമെന്ന് കെബിഎല്‍ അറിയിക്കുകയും ഈ വര്‍ഷം ഉല്‍പാദനം ആരംഭിക്കുന്നതിന് മുന്‍പ് 2021 മേയ് 22ന് എല്ലാ സി.റ്റിയും പി.റ്റിയും മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.അറ്റകുറ്റപണികള്‍ക്ക് ശേഷം ഉല്‍പാദനം ആരംഭിക്കാന്‍ തുടങ്ങുമ്പോള്‍ സ്റ്റേഷനിലെ 5എംവിഎ ട്രാന്‍സ്‌ഫോര്‍മര്‍ കേടായത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. 5എംവിഎ ട്രാന്‍സ്‌ഫോര്‍മറിലൂടെയായിരുന്നു ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി എത്തിച്ചിരുന്നത്. തുടര്‍ന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ താല്‍ക്കാലിക സംവിധാനമുണ്ടാക്കി. വിതരണ വിഭാഗത്തിലെ വള്ളിത്തോട് സെക്ഷന്‍ ഓഫീസിന് കീഴിലെ 11കെ.വി ഫീഡര്‍ വഴി പവര്‍ഹൗസില്‍ വൈദ്യുതി എത്തിച്ച് മേയ് 28ന് ഉല്‍പാദനം ആരംഭിച്ചത്. ജൂണ്‍ മാസം ആദ്യം മറ്റൊരു സെര്‍വോ മോട്ടറും കേടായി. കിര്‍ലോസ്‌കറിന്റെ അഭ്യര്‍ത്ഥനപ്രകാരം ജീവനക്കാര്‍ തന്നെ അതിവേഗം ഉപകരണം ബാംഗ്ലൂരില്‍ എത്തിക്കുകയും റിപ്പയര്‍ ചെയ്തശേഷം തിരികെ എത്തിച്ച് ഘടിപ്പിക്കുകയും ചെയ്തു. ജൂണ്‍ മുതല്‍ ഇതുവരെ മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തനത്തില്‍ ആയിരുന്നതും ചരിത്രനേട്ടത്തിലേക്കുള്ള വഴിതെളിച്ചു.

ബാരാപോളിലെ ജീവനക്കാരില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ മാത്രമാണ് സ്ഥിരം ജീവനക്കാരന്‍. ബാക്കിയുള്ളവരെല്ലാം കരാര്‍ ജീവനക്കാരാണ്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉല്‍പാദന വിഭാഗത്തിന് 2020 ജനുവരിയില്‍ പദ്ധതി കൈമാറിയെങ്കിലും അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇപ്പോഴും നിര്‍മ്മാണ വിഭാഗത്തില്‍ നിന്നാണ്. കണ്ണൂര്‍ ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗറിന്റെ ഇലക്ട്രിക്കല്‍ വിഭാഗം നിര്‍മ്മാണ ചുമതലയും ബാരാപോളിലെ എ.ഇയായ അനീഷ് അരവിന്ദിനാണ്.കോഴിക്കോട് ജനറേഷന്‍ വിഭാഗത്തിന്റെ കീഴിലാണ് ബാരാപോള്‍. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും, മുഴുവന്‍ കരാര്‍ ജീവനക്കാരുടെയും, കിര്‍ലോസ്‌കറിന്റെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നതായും അനീഷ് അരവിന്ദ് പറഞ്ഞു. പഴശ്ശി - സാഗര്‍ പ്രോജക്ട് ഓഫീസിലെ ഉദ്യോഗസ്ഥരുടെയും വള്ളിത്തോട് സെക്ഷനിലെയും, ഇരിട്ടി സബ് സ്റ്റേഷനിലെയും ജീവനക്കാരുടെയും, ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും, ഇതരവകുപ്പുകളുടെയും സഹകരണവും വിസ്മരിക്കാന്‍ കഴിയുന്നതല്ല എന്നും എ.ഇ അറിയിച്ചു.

English summary
Bara Paul project with record power generation: A historic achievement for Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X