പ്രളയത്തിൽ അടിഞ്ഞ മണൽ കടത്തുന്നുവെന്ന് ആരോപണം:പുഴ ശുചീകരണം തടഞ്ഞ് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ്
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മണൽവാരലുമായി ബന്ധപ്പെട്ട് സിപിഎം-കോൺഗ്രസ് തർക്കം മുറുകുന്നു. ചെളിനീക്കുന്നതിന്റെ ഭാഗമായി നടത്തുന്ന മണൽ വാരലുമായി ബന്ധപ്പെട്ട് കോടികളുടെ വെട്ടിപ്പ് നടത്തുന്നുവെന്നാണ് കോൺഗ്രസ് ആരോപണം. പ്രളയത്തെത്തുടര്‍ന്ന് ജില്ലയിലെ നാലു പുഴകളില്‍ അടിഞ്ഞ ചെളിയും മരങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കംചെയ്യണമെന്ന നിര്ദേശത്തെുടര്ന്നുള്ള പ്രവൃത്തി ചിലയിടങ്ങളില്‍ വിവാദത്തിന് തിരികൊളുത്തുയിരിക്കുകയാണ്. ചെളിയും അവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യാനെന്ന പേരില്‍ മണല്‍ക്കൊള്ള നടത്തുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും പുഴയോരവാസികളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പുഴ ശുചീകരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി പൊതുമേഖലാസ്ഥാപനമായ ക്ലേയ്സ് ആന്‍ഡ് സിറാമിക്സിനെയാണ് ശുചീകരണത്തിനായി ചുമതലപ്പെടുത്തിയത്. ഇവര്‍ ടെന്‍ഡര്‍ നടപടികളോ മറ്റോ ഇല്ലാതെ സ്വകാര്യ സംരംഭകര്‍ക്കാണ് ശുചീകരണത്തിന് അനുമതി നല്‍കിയത്. ഇതിന്റെ മറവില്‍ പുഴകളില്‍ അടിഞ്ഞുകിടക്കുന്ന കോടിക്കണക്കിന് രൂപയുടെ മണല്‍ സ്വകാര്യവ്യക്തികള്‍ കടത്തുന്നുവെന്നാണ് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിക്കുന്നത്.

ജില്ലയിലെ അഞ്ചരക്കണ്ടി, കുപ്പം, ബാവലി, വളപട്ടണം എന്നീ പുഴകളില്‍നിന്നാണ് ചെളിയും കല്ലുകളും മറ്റ് അവശിഷ്ടങ്ങളും നീക്കംചെയ്യാനുള്ള നടപടികള്‍ തുടങ്ങിയത്. കാലവര്‍ഷത്തിനുമുമ്പ് ഇത് പൂര്‍ത്തിയാക്കാനാണ് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ ബാരാപോള്‍ പുഴയുടെ ഭാഗമായ വളവുപാറയില്‍ മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പര്ലോറികളുമായി സ്വകാര്യസംരംഭകര്‍ എത്തിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സംഭവം വിവാദമായതോടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യാമെന്നേറ്റ സണ്ണി ജോസഫ് എംഎല്‍എ ഇതില്‍നിന്നു പിന്മാറി. തുടര്‍ന്ന് നാട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന് ഉദ്ഘാടനം ചെയ്തു. അല്പസമയത്തിനുശേഷം അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്റെയും ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസിന്റെയും നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും സംഘടിച്ചു. വ്യക്തമായ വ്യവസ്ഥകളില്ലാതെ പ്രവൃത്തി നടത്തേണ്ടെന്നുപറഞ്ഞ് പുഴയില്‍ ഇറക്കിയ നാല് മണ്ണുമാന്തി യന്ത്രങ്ങളും പത്ത് ടിപ്പറുകളും തിരിച്ചയച്ചു. ഇക്കാര്യത്തില്‍ വ്യക്തമായ വ്യവസ്ഥയുണ്ടാക്കിയിട്ട് പണി തുടര്‍ന്നാല്‍ മതിയെന്നാണ് ഇവരുടെ നിലപാട്.
പ്രവൃത്തി നടത്തിപ്പിന് സബ് കളക്ടര്‍ ചെയര്‍മാനും തഹസില്‍ദാര്‍ കണ്‍വീനറും പുഴയോരത്തെ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിയും മറ്റും ഉള്‍പ്പെട്ട മോണിറ്ററിംഗ് സമിതി രൂപീകരിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇതൊന്നും പാലിച്ചിട്ടില്ലെന്ന് അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ പറഞ്ഞു. പുഴയില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കംചെയ്യേണ്ടത് അത്യാവശ്യമാണെങ്കിലും ഇക്കാര്യത്തില്‍ വ്യവസ്ഥ വേണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.
സംഭവം വിവാദമായതോടെ പ്രവൃത്തി തടസപ്പെടുത്തിയ കാര്യം ജില്ലാ കളക്ടറെ അറിയിക്കുമെന്ന് ക്ലേയ്സ് ആന്‍ഡ് സി.റാമിക്സ് ചെയര്മാന് ടികെ ഗോവിന്ദന് പറഞ്ഞു. പുഴയില്‍നിന്ന് ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കംചെയ്യുന്നതിന് സര്‍ക്കാര്‍ പണമൊന്നും അനുവദിച്ചിട്ടില്ല. ഇവ നീക്കംചെയ്യുമ്പോള്‍ കിട്ടുന്ന മണലും മറ്റുള്ള എന്തും ഇതിനുള്ള ചെലവായി ഉപയോഗപ്പെടുത്താമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications