
മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരില്‍ വാട്‌സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരില്‍ ക്രൈം നന്ദകുമാര്‍ അസഭ്യ വാക്കുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വായിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു.
ഇത് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ അഹമ്മദ് എന്നയാള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചതാണ് ഈ പോസ്റ്റ് എന്നാണ് പറയപ്പെടുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ തുക സാധാരണക്കാരന്റേത് ആണ് എന്നും അത് തിരിച്ചടയ്ക്കണം എന്നും ക്രൈ നന്ദകുമാര്‍ വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതോടൊപ്പം മോശം പരാമര്‍ശങ്ങളും ക്രൈം നന്ദകുമാര്‍ നടത്തിയിരുന്നു. ഇതില്‍ ആണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുന്‍പാണ് അശ്ലീല വീഡിയോ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചു എന്ന കേസില്‍ ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
എതിരാളികളുടെ വീട്ടില്വരെ പ്രചരണം നടത്തുന്ന ബിജെപിക്കാര്; ഗുജറാത്ത് വീണ്ടും മോദിക്ക് വഴിയൊരുക്കുമോ

അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ക്രൈം നന്ദകുമാര്‍ പ്രേരിപ്പിച്ചു എന്നും ഇത് നിരസിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്നും ആയിരുന്നു കാക്കാനാട് സ്വദേശിയായ യുവതിയുടെ പരാതി. സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്നും അശ്ലീല ദൃശ്യങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറാവാത്തത് കൊണ്ട് ജീവനക്കാരിയെ അധിക്ഷേപിച്ചെന്നും ആയിരുന്നു ക്രൈം നന്ദകുമാറിന് എതിരായ കേസ്.

ഈ കേസില്‍ ക്രൈം നന്ദകുമാറിന് ഹൈക്കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരി ആയിരുന്നു പരാതി നല്‍കിയിരുന്നത്. മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറാവാത്തത് കൊണ്ട് തന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ജീവനക്കാരി പരാതി നല്‍കിയിരുന്നത്.

അതേസമയം തനിക്ക് എതിരായ കേസിന് പിന്നില്‍ ഗൂഢാലോചന ഉണ്ട് എന്നായിരുന്നു ഇതില്‍ ക്രൈം നന്ദകുമാര്‍ പറഞ്ഞിരുന്നത്. ഇതില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ ക്രൈം നന്ദകുമാര്‍ പരാതിയും നല്‍കിയിരുന്നു. തനിക്ക് എതിരെ കള്ള കേസ് എടുക്കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തി എന്നും പോലീസിനെ സ്വാധീനിച്ചെന്നും ആയിരുന്നു ക്രൈം നന്ദകുമാറിന്റെ പരാതി.