• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രളയം - മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

  • By desk

വെള്ളപ്പൊക്കക്കെടുതി തുടരുകയും അണക്കെട്ടുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 

അടുത്ത നാലു ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്കും ദുരന്തനിവാരണ രംഗത്തുളള ഏജന്‍സികള്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും എല്ലാം മറന്ന് മുഴുകാന്‍ അദ്ദേഹം സന്നദ്ധസംഘടനകളോടും ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. 

image

കേരളത്തിലെ പല ജില്ലകളും ഗുരുതരമായ വെള്ളപ്പൊക്കം നേരിടുകയാണ്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പയിലെ വെള്ളപ്പൊക്കം കാരണം റാന്നി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങള്‍ വലിയ ഭീഷണി നേരിടുകയാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍, മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍ നിന്നും വെള്ളം തുറന്നുവിടുന്നതു കാരണം ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുന്നു. ആലുവ, പരവൂര്‍ തുടങ്ങി പെരിയാറിന്‍റെ കരയിലുളള പ്രദേശങ്ങളും വെള്ളപ്പൊക്കക്കെടുതി നേരിടുന്നു. ഇടമലയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ പരമാവധിയിലധികം വെള്ളം നില്‍ക്കുന്ന അവസ്ഥയിലാണ്. ഷോളയാര്‍, പെരിങ്ങല്‍കുത്ത് എന്നിവിടങ്ങളില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതു കാരണം ചാലക്കുടി പുഴയിലും വെള്ളം പൊങ്ങുകയാണ്. സംസ്ഥാനത്തെ 35 ജലസംഭരണികളില്‍ നിന്നും ഇപ്പോള്‍ വെള്ളം തുറന്നു വിട്ടുക്കൊണ്ടിരിക്കുകയാണ്. നീണ്ട കാലത്തിനു ശേഷമാണ് മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നു വിടുന്നത്. കുട്ടനാട്ടിലും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. 

image

വെള്ളപ്പൊക്കം കാരണം പമ്പ, ഭാരതപ്പുഴ, പെരിയാര്‍, ചാലിയാര്‍ തുടങ്ങിയ നദികളില്‍ നിന്നുളള ശുദ്ധജലവിതരണം തകരാറിലായിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് സെറ്റുകള്‍ പലതും കേടായി. ശുദ്ധീകരണ പ്ലാന്‍റുകള്‍ പലതും പ്രവര്‍ത്തനരഹിതമായി ഈ സാഹചര്യം നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

ജലവിതരണം തകരാറിലാവാത്ത സ്ഥലങ്ങളില്‍ നിന്ന് വെള്ളം ശേഖരിച്ച് വെളളം അവശ്യമുളള മേഖലകളില്‍ എത്തിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ടാങ്കുകളില്‍ വെളളം സംഭരിച്ച് ബോട്ടുകളില്‍ ജനങ്ങള്‍ക്ക് എത്തിക്കണം. വാട്ടര്‍ അതോറിറ്റിയുടെ സംവിധാനത്തിലൂടെ ലഭിക്കുന്ന വെള്ളത്തിന്‍റെ ഉപയോഗം പരിമിതപ്പെടുത്താന്‍ ജനങ്ങളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

image

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകള്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കിട്ടാവുന്നിടത്തുനിന്നെല്ലാം ബോട്ടുകള്‍ എത്തിച്ച് വെള്ളപ്പൊക്കം കൂടുതലുളള സ്ഥാലങ്ങളില്‍ ലഭ്യമാക്കണം. വെള്ളപ്പൊക്കഭീഷണി കണക്കിലെടുത്ത് തിരുവല്ലയിലേക്ക് നേവിയുടെയും ആര്‍മിയുടെയും വിഭാഗങ്ങളെ അയച്ചുകഴിഞ്ഞു. അത്യാവശ്യ സഹായത്തിന് അയല്‍ സംസ്ഥാനങ്ങളെ ബന്ധപ്പെടാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.  

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാരുമായും കേന്ദ്രവുമായും ബന്ധപ്പെടാന്‍ തീരുമാനിച്ചു. 

image

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വ്വീസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ കൊച്ചിയിലേക്കുളള ചെറിയ വിമാനങ്ങള്‍ കഴിവതും കൊച്ചിയിലെ നാവിക വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയുമോ എന്നറിയുന്നതിന് സിവില്‍ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചു. കൂടാതെ വിമാനങ്ങള്‍ മുംബൈയിലേക്കും മറ്റും തിരിച്ചുവിടുന്നതിനു പകരം കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ഉപയോഗിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെടും. കോഴിക്കോട്ടേക്കോ തിരുവനന്തപുരത്തേക്കോ തിരിച്ചുവിടുന്ന വിമാനങ്ങളില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാരെ അതത് സ്ഥലങ്ങളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

പല ജില്ലകളിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറക്കമൊഴിഞ്ഞാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അവരെ സഹായിക്കുന്നതിന് ആവശ്യമുളള ജില്ലകളിലേക്ക് സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതോടൊപ്പം സംസ്ഥാന കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും അയല്‍സംസ്ഥാനങ്ങളുമായി ബന്ധപ്പെടാനും കുടിവെള്ളം ലഭ്യമാക്കാനും തകരാറിലായ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പ്രവര്‍ത്തനക്ഷമമാക്കാനും മറ്റുമുളള ചുമതലകള്‍ക്ക് മുതര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും  തീരുമാനിച്ചു. 

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഫയര്‍ ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്‍, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജലവിഭവ വകുപ്പ് എം.ഡി. എ. കൗശിക്, ഇന്‍റലിജന്‍സ് എ.ഡി.ജി.പി. ടി.കെ. വിനോദ്കുമാര്‍, ഉത്തരമേഖലാ എ.ഡി.ജി.പി അനില്‍കാന്ത്, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
Flood; Urgent meeting by pinarayi vijayan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more