കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എലിന് മുന്നില്‍ അനന്ത സാധ്യതകള്‍! കാന്തപുരത്തിന്റെ ഇടപെടല്‍ തുറന്നിട്ട വഴി... പക്ഷേ, സാധ്യമാകുമോ?

Google Oneindia Malayalam News

കോഴിക്കോട്: ഐഎന്‍എല്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ വര്‍ഷമായിരിക്കും 2021. നീണ്ട 25 വര്‍ഷത്തിന്റെ കാത്തിരിപ്പിന് ശേഷം എല്‍ഡിഎഫില്‍ അംഗമാന്‍ കഴിഞ്ഞു, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിച്ചു, മന്ത്രിസ്ഥാനവും കിട്ടി.

സമവായത്തിന് പിറകെ ഐഎൻഎലിൽ പ്രകോപനം; ഇത് മന്ത്രി അഹമ്മദ് ദേവർകോവിൽ വക... അണികളിൽ വൻ പ്രതിഷേധംസമവായത്തിന് പിറകെ ഐഎൻഎലിൽ പ്രകോപനം; ഇത് മന്ത്രി അഹമ്മദ് ദേവർകോവിൽ വക... അണികളിൽ വൻ പ്രതിഷേധം

ആ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എങ്ങനെ ഇന്നത്തെ കോണ്‍ഗ്രസ് ആയി... 415 ല്‍ നിന്ന് 52 ലേക്ക്!ആ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എങ്ങനെ ഇന്നത്തെ കോണ്‍ഗ്രസ് ആയി... 415 ല്‍ നിന്ന് 52 ലേക്ക്!

1994 ല്‍ മുസ്ലീം ലീഗില്‍ നിന്ന് ഇറങ്ങിവന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ട് ഐഎന്‍എല്‍ രൂപീകരിക്കുമ്പോള്‍, വലിയ സാധ്യതകളും പ്രതീക്ഷകളും മുന്നിലുണ്ടായിരുന്നു. സെക്യുലര്‍ സ്വഭാവത്തില്‍, മുസ്ലീം ലീഗിന് ബദല്‍ ആയി ഒരു രാഷ്ട്രീയ സംവിധാനം തന്നെ ആയിരുന്നു ലക്ഷ്യം. പക്ഷേ, ആ ലക്ഷ്യത്തിലേക്കെത്താന്‍ ഐഎന്‍എലിന് കഴിഞ്ഞില്ല. ഒരുപക്ഷേ, തമിഴ്‌നാട്ടില്‍ മാത്രമാണ് ഒരു ഘട്ടത്തില്‍ മികച്ച വിജയങ്ങള്‍ നേടാന്‍ ആയത്.

1

കേരളത്തില്‍ ഐഎന്‍എലിന്റെ വളര്‍ച്ചയ്ക്ക് എല്ലാ തരത്തിലും ഉള്ള അനുകൂല സാഹചര്യമായിരുന്നു 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞ് വന്നത്. ഐഎന്‍എലിനേക്കാള്‍ പ്രബലരായ പലരും മുന്നണിയില്‍ ഉണ്ടായപ്പോഴും, ആദ്യ ഘട്ടത്തില്‍ തന്നെ മന്ത്രിസ്ഥാനം ലഭിച്ചു എന്നത് വലിയ കാര്യം തന്നെ ആയിരുന്നു. ഐഎന്‍എലിനെ സിപിഎം പ്രാധാന്യത്തോടെ പരിഗണിക്കുന്നു എന്നത് മുന്നണി രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകവും ആയിരുന്നു.

2

തുടര്‍ച്ചയായി രണ്ടാം തവണയും മുസ്ലീം ലീഗ് ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു എന്നതായിരുന്നു ഐഎന്‍എലിനെ സംബന്ധിച്ച് വളരാന്‍ അനുകൂലമായ മറ്റൊരു സാഹചര്യം. അധികാരമില്ലാത്ത മുസ്ലീം ലീഗില്‍ പടലപ്പണക്കങ്ങള്‍ രൂക്ഷമാകുമ്പോള്‍, അത് മറ്റൊരു വിധത്തില്‍ ഗുണകരമാവുക ഐഎന്‍എലിന് തന്നെ ആയിരുന്നു. ഇത്തരമൊരു സാധ്യത സിപിഎമ്മും മുന്നില്‍ കണ്ടിരുന്നു എന്ന് വേണം കരുതാന്‍. എന്നാല്‍ കാര്യങ്ങള്‍ ആ വഴിയ്ക്കല്ല പോയത് എന്ന് മാത്രം.

3

മുസ്ലീം ലീഗിനുള്ളില്‍ വലിയ പ്രതിസന്ധികള്‍ ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. പികെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തം പലകോണുകളില്‍ നിന്ന് പരസ്യമായും രഹസ്യമായും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടും ഇരിക്കുന്നു. ലീഗിന്റെ സംഘടനാ സംവിധാനം തന്നെ അലങ്കോലപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്നത്. ലീഗിനുള്ളില്‍ അതൃപ്തര്‍ക്ക് പുറത്തേക്കുള്ള വഴി എന്ന രീതിയില്‍ പോലും പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള പാര്‍ട്ടിയായിരുന്നു ഐഎന്‍എല്‍. അത്തരത്തില്‍ ചില നീക്കങ്ങളുടെ സൂചനകളും ഉണ്ടായിരുന്നു.

4

എന്നാല്‍ പാര്‍ട്ടിയ്ക്ക് വളരാനുള്ള സാഹചര്യം ഒരുങ്ങിയപ്പോള്‍ ആണ് ഐഎന്‍എലിനുള്ളില്‍ അന്ത:ഛിദ്രം രൂക്ഷമായത്. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് പോലും ഒരു വിഭാഗം പിന്‍മാറുന്ന ഘട്ടവും ഇതിനിടെ ദൃശ്യമായി. പാര്‍ട്ടിയ്ക്കുള്ളിലെ തര്‍ക്കം പൊട്ടിത്തെറിയാവുകയും അത് പരസ്യ സംഘര്‍ഷത്തിലേക്ക് നയിക്കപ്പെടുകയും ചെയ്തു. ഐഎന്‍എലിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മുസ്ലീം ലീഗിന്റെ ഇടപെടലുകളുണ്ടെന്ന് പോലും ആക്ഷേപം ഉയര്‍ന്നു. ഐഎന്‍എലിന്റെ തകര്‍ച്ച ഈ ഘട്ടത്തില്‍ ഏറ്റവും അധികം ആഗ്രഹിക്കുന്നത് മുസ്ലീം ലീഗ് ആണ് എന്ന ബോധ്യത്തില്‍ തന്നെ ആയിരുന്നു ഇത്തരം ഒരു ആരോപണം ഉയര്‍ന്നു വന്നത്.

5

എന്തായാലും ഐഎന്‍എലിലെ പ്രശ്‌നങ്ങള്‍ നേതൃതലത്തില്‍ ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഏറെ ശ്രമകരമായിരുന്നു അത് എങ്കിലും, താത്കാലികമായെങ്കിലും പാര്‍ട്ടിയില്‍ പിളര്‍പ്പില്ല എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ആയിട്ടുണ്ട്. അതില്‍ നിര്‍ണായകമായത് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ശക്തമായ ഇടപെടല്‍ തന്നെ ആയിരുന്നു. ആദ്യം മകന്‍ അബ്ദുള്‍ ഹക്കീം അസ്ഹരിയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നയിച്ചതെങ്കില്‍, പിന്നീട് കാന്തപുരം തന്നെ അത് ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു.

6

ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കുള്ളിലെ പിളര്‍പ്പൊഴിവാക്കാന്‍ കാന്തപുരത്തിന് സാധിച്ചു എന്നത് ഒരു ചെറിയ കാര്യമായി കാണാന്‍ ആവില്ല. കേരളത്തിലെ മുസ്ലീം പൊതുസമൂഹത്തിനിടയില്‍ കഴിഞ്ഞ കുറച്ചുകാലമായി മധ്യസ്ഥ സ്ഥാനം മുസ്ലീം ലീഗിനോ പാണക്കാട് കുടുംബത്തിനോ ആയിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതൊരു പൊതുബോധമായി മാറുന്ന സാഹചര്യവും ഉണ്ടായിരുന്നു. അതാണ് ഐഎന്‍എല്‍ വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടലിലൂടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്.

7

കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തില്‍ ഒരു ഫിക്‌സഡ് ഡെപ്പോസിറ്റ് പോലെയാണ് കാന്തപുരം നയിക്കുന്ന എപി വിഭാഗം സുന്നികളുടെ വോട്ട്. മിക്കപ്പോഴും അത് ഇടതുപക്ഷത്തിന്, വിശിഷ്യാ സിപിഎമ്മിന് അനുകൂലമായിരുന്നു. അതുകൊണ്ട് തന്നെ കാന്തപുരം വിഭാഗത്തെ, എതിര്‍വിഭാഗം പരിഹസിച്ചുപോന്നിരുന്നത് 'അരിവാള്‍ സുന്നികള്‍' എന്നായിരുന്നു. ചിലപ്പോഴെല്ലാം സ്ഥാനാര്‍ത്ഥികള്‍ക്കനുസരിച്ചും മറ്റ് താത്പര്യങ്ങള്‍ക്കനുസരിച്ചും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും കാന്തപുരം വിഭാഗത്തിന്റെ വോട്ടുകള്‍ പോയിരുന്നു.

8

ഐഎന്‍എല്‍ വിഷയത്തില്‍ കാന്തപുരം ഇടപെട്ടതോടെ, മറ്റ് ചില രാഷ്ട്രീയ സാധ്യതകള്‍ കൂടിയാണ് തുറക്കുന്നത്. മുസ്ലീം ലീഗിന് എന്നും ഇകെ വിഭാഗം സമസ്തയുടെ മതപരമായ അടിത്തറയുണ്ടായിരുന്നു. മുജാഹിദ് വിഭാഗത്തേയും കൂടെ നിര്‍ത്തിപ്പോരുമ്പോഴും ലീഗിന്റെ ആശയ അടിത്തറ സമസ്തയില്‍ തന്നെ ആയിരുന്നു. ഐഎന്‍എലിന് ഇല്ലാതെ പോയതും അത്തരം ഒരു പിന്തുണ തന്നെ ആയിരുന്നു. ഐഎന്‍എല്‍ രൂപീകരണവേളയില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സ്വീകരിച്ച ശക്തമായ സെക്യുലര്‍ നിലപാടുകള്‍ കൂടി ഇതിന് കാരണമായിട്ടുണ്ടാകാം.

9

ഇക്കാലമത്രയും വോട്ടുബാങ്കുകളുടെ പിന്‍ബലമില്ലാതെ ആയിരുന്നു ഐഎന്‍എല്‍ തിരഞ്ഞെടുപ്പുകളെ നേരിട്ടത്. അതുകൊണ്ട് തന്നെ സിപിഎം നല്‍കുന്ന സീറ്റുകളില്‍ മത്സരിക്കുക എന്നത് മാത്രമായിരുന്നു വഴി. എന്നാല്‍ കാന്തപുരം വിഭാഗം സുന്നികളുടെ ആശയ പിന്തുണ ഐഎന്‍എലിന് ലഭിച്ചാല്‍ സാഹചര്യങ്ങള്‍ മാറി മറിയും. കൃത്യമായ പ്രാതിനിധ്യവും അതിനനുസരിച്ചുള്ള അധികാര സ്ഥാനങ്ങളും പാര്‍ട്ടിയ്ക്ക് കൈവരികയും ചെയ്യും. അതിന്റെ തുടര്‍ച്ചയെന്നോണം മുസ്ലീം ലീഗിന് ബദലായി ഇടതുപക്ഷത്ത് നിന്ന് ഒരു ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ന്നുവരാനുള്ള സാധ്യതയും തുറന്നുകിട്ടും.

Recommended Video

cmsvideo
കാസിം ഇരിക്കൂറിനെതിരെ പരസ്യമായി ആഞ്ഞടിച്ച് അബ്ദുൽ വഹാബ്
10

എന്നാല്‍ ഇപ്പറഞ്ഞതെല്ലാം സാധ്യമാകണമെങ്കില്‍, ഐഎന്‍എലിലെ ഇപ്പോഴത്തെ സമവായം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്ളതാകണം. പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പിനുള്ള വഴിയൊരുങ്ങിയാല്‍, അത് ഐഎന്‍എലിന്റെ രാഷ്ട്രീയ അന്ത്യത്തിന് പോലും വഴിവച്ചേക്കാം. അതുകൊണ്ട് തന്നെ , സമവായ ധാരണകള്‍ക്ക് ശേഷവും പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുയരുന്ന കോലാഹലങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് രാഷ്ട്രീയ കേരളം. ഏറ്റവും ഒടുവില്‍, മന്ത്രി തന്നെ സമവായ ധാരണകള്‍ക്ക് തുരങ്കം വയ്ക്കുന്നു എന്നൊരു ആക്ഷേപവും ഐഎന്‍എലില്‍ നിന്നുയരുന്നുണ്ട്. കാന്തപുരം വിഭാഗവും ഈ സംഭവ വികാസങ്ങളെ ഗൗരവത്തോടെ തന്നെ വീക്ഷിക്കുന്നുണ്ട്. ഐഎന്‍എലിലെ ഒത്തുതീര്‍പ്പുകളുടെ ലംഘനം കാന്തപുരത്തിന്റെ പ്രതിച്ഛായയെ പോലും മങ്ങലേല്‍പിക്കും എന്ന സ്ഥിതിയിലേക്കും കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.

English summary
Involvement of Kanthapuram AP Aboobacker Musliyar in INL Reconcilation opens up a new political possibility for the Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X