കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി പറഞ്ഞതാണ് കോണ്‍ഗ്രസ് നയം; അമ്പലത്തില്‍ പോകുന്നത് വര്‍ഗീയതയല്ലെന്ന് സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: എകെ ആന്റണിയുടെ പരാമര്‍ശത്തില്‍ വിവാദം ശക്തമാകുന്നതിനിടെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആന്റണി പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ നയം തന്നെയാണെന്ന് സുധാകരന്‍ വിശദീകരിച്ചു. ആരാധനാലയങ്ങളില്‍ പോകുന്നത് വര്‍ഗീയതയല്ല. ആരെയും ആചാരങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല.

ഇത് കോണ്‍ഗ്രസ് പിന്തുടര്‍ന്ന് വന്ന രാഷ്ട്രീയ ദര്‍ശനമാണെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.. കുറി തൊടുന്നവരെയും, അമ്പലത്തില്‍ പോകുന്നവരെയും മൃദുഹിന്ദുത്വം പറഞ്ഞ് മാറ്റി നിര്‍ത്തരുതെന്നായിരുന്നു ഏകെ ആന്റണിയുടെ പരാമര്‍ശം. ഇത് വലിയ ചര്‍ച്ചയായിരുന്നു.

1

ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണ്.

വര്‍ഗീയ ചിന്താഗതികള്‍ ഗ്രസിച്ച വിഷലിപ്തമായ മനസിനെയാണ് കോണ്‍ഗ്രസ് എന്നും ശക്തിയായി എതിര്‍ത്തിട്ടുള്ളത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.

മതസൗഹാര്‍ദ്ദം നിലനിര്‍ത്തി ഭാരതത്തിന്റെ മതേതരത്വവും അസ്ഥിത്വവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണിത്. അതുകൊണ്ട് തന്നെ ആചാരങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല.

മതേതരമൂല്യങ്ങളും ഉയര്‍ന്ന ജനാധിപത്യബോധവും കാത്തുസൂക്ഷിക്കുന്ന കോണ്‍ഗ്രസിന് ഒരു വര്‍ഗീയതയുമായി സമരസപ്പെട്ട് പോകാനാകില്ല.അതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്ന് സുധാകരന്‍ പറഞ്ഞു.

ഇഷ്ടമുള്ള ആചാര അനുഷ്ഠാനങ്ങള്‍ തിരഞ്ഞെടുക്കാനും അതില്‍ വിശ്വസിക്കാനും ഓരോ പൗരനും അവകാശമുണ്ട്. പള്ളികളിലും അമ്പലത്തിലും പോകുന്നത് കൊണ്ട് ആരും വര്‍ഗീയ വാദികളാവുന്നില്ല.

രാജ്യത്തിന്റെ അഖണ്ഡതയും വൈവിധ്യവും ഒരുപോലെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിന് ജാതി, മതം, ഭാഷ, വര്‍ഗം, വര്‍ണ്ണം, ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരില്‍ ജനങ്ങളെ വേര്‍തിരിച്ച് കാണാനാവില്ല. എന്നാല്‍ വിശ്വാസികള്‍ക്ക് വര്‍ഗീയ നിറം നല്‍കി അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ശൈലിയാണ് സിപിഎമ്മിനും ബിജെപിക്കുമുള്ളത്.

ഹിന്ദുമതത്തിന്റെ കുത്തക അവകാശപ്പെടുന്ന ബിജെപിക്ക് ആ മതം ഉള്‍ക്കൊള്ളുന്ന വിശാലമനസ്‌കത ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. എല്ലാവരെയും ഒരുപോലെ കാണുന്ന കോണ്‍ഗ്രസ് രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും പോറല്‍ ഏല്‍പ്പിക്കുന്ന വര്‍ഗീയതയെ എന്നും ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. ഇനിയുമത് തുടരും.

എകെ ആന്റണിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ പൊതുരാഷ്ട്രീയ ബോധത്തില്‍ നിന്നുള്ളതാണ്. കോണ്‍ഗ്രസിന്റെ മതേതര കാഴ്ചപ്പാടുകളോട് ചേര്‍ത്തുവെയ്ക്കാന്‍ കഴിയുന്ന നൂറുശതമാനം ശരിയുമാണത്.

കാലങ്ങളായി കോണ്‍ഗ്രസ് പിന്തുടര്‍ന്ന വന്ന രാഷ്ട്രീയ ദര്‍ശനത്തിന്റെ പുനഃപ്രഖ്യാപനമാണ് എകെ ആന്റണി നടത്തിയത്. വര്‍ഗീയത തൊട്ടുതീണ്ടാത്ത എല്ലാ മതേതര മനസ്സുകളെയും ഒപ്പം നിര്‍ത്തുന്നതാണ് കോണ്‍ഗ്രസ് സംസ്‌കാരം.

ഇന്ത്യന്‍ ഭരണഘടനയെ ഉള്‍ക്കൊള്ളുകയും ജനാധിപത്യത്തെ അംഗീകരിക്കുകയും ചെയ്യുന്ന മതേതരവാദികളായ ആരെയും കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും സുധാകരന്‍ കുറിച്ചു.

English summary
k sudhakaran supports antony's remarks on hindutva, he says congress supports all secular ideologies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X