റോഡ് നിർമ്മാണത്തിലും ക്രമക്കേട്! തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലൻസ്...
വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണത്തിൽ തോമസ് ചാണ്ടി ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
കോട്ടയം: റോഡ് നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ ശുപാർശ. കോട്ടയം വിജിലൻസ് എസ്പിയാണ് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. വിജിലൻസ് നിലപാട് വ്യാഴാഴ്ച കോടതിയെ അറിയിക്കും.
വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണത്തിൽ തോമസ് ചാണ്ടി ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ലേക്ക് പാലസ് റിസോർട്ടിന് കായൽ കൈയേറി റോഡ് നിർമ്മിച്ചതിന് അദ്ദേഹത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു ക്രമക്കേടിലും കേസെടുക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.

കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചത്. ആലപ്പുഴ ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിൽ തോമസ് ചാണ്ടി കായൽ കൈയേറിയെന്ന് കണ്ടെത്തിയിരുന്നു. വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും അദ്ദേഹത്തിനെതിരെ പരാമർശമുണ്ടായി. തുടർന്നാണ് എൻസിപിയുടെ മന്ത്രിയായിരുന്ന തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചത്.












Click it and Unblock the Notifications