
ജയിലില്‍ കഴിയുന്ന അമ്പതോളം മോഷ്ടാക്കളെ ജാമ്യത്തിലിറക്കി മോഷണമുതലില്‍ പങ്കുപറ്റുന്ന കോഴിക്കോട് സ്വദേശി പിടിയില്‍
മലപ്പുറം: ജയിലില്‍ കഴിയുന്ന അമ്പതോളം ക്രിമിനലുകളെ ജാമ്യത്തിലിറിക്കി മോഷണമുതല്‍ വില്‍പന നടത്തി പങ്കുപറ്റുന്ന റാക്കറ്റിലെ പ്രമുഖന്‍ പിടിയില്‍. കോഴിക്കോട് ഫറോക്കിനടുത്ത് മണ്ണൂര്‍ വളവ് , പൂച്ചേരി കുന്ന് കാര്‍ത്തികയില്‍ ശിവദാസന്‍ (58 ) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 25ന് രാത്രി നിലമ്പൂര്‍ ജില്ലാ ആശുപത്രിക്കു സമീപമുള്ള ആശ ജയരാജിന്റെ വീട്ടില്‍ നിന്നും കവര്‍ന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കാനുള്ള അന്വേഷണത്തിലാണ് മോഷണ മുതല്‍ വില്‍പ്പനനടത്തുന്ന ശിവദാസന്‍ വലയിലായത്.
നിലമ്പൂര്‍ കവര്‍ച്ചയില്‍പിടിയിലായ കുപ്രസിദ്ധ മോഷ്ടാക്കളായ കാര്‍ലോസ് അനില്‍കുമാര്‍, സുഡാനി ഹമീദ് എന്നിവരില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് അന്വേഷണം ശിവദാസനില്‍ എത്തിച്ചത്. ഇവര്‍ മോഷ്ടിച്ചെടുക്കുന്ന സ്വര്‍ണമടക്കമുള്ളവ വില്‍പന നടത്തുന്നത് ശിവദാസന്‍ വഴിയാണ്. കോഴിക്കോട് പാളയം റോഡ് , രാമനാട്ടുകര , മണ്ണൂര്‍ വളവ്, മലപ്പുറം ജില്ലയിലെ താഴേ ചേളാരി എന്നിവിടങ്ങളില്‍ വില്‍പന നടത്തുകയും മുത്തൂറ്റ് ബാങ്കില്‍ പണയംവെക്കുകയും ചെയ്തിരുന്നു. ഭൂരിഭാഗം മോഷണമുതലും കണ്ടെടുത്തു. 220 ഗ്രാം സ്വര്‍ണം, മൂന്ന് വാച്ചും ഒരു ടാബ്ലറ്റും കണ്ടെടുത്തു.
മലപ്പുറം , പാലക്കാട് , കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലെ അന്‍പതോളം കുപ്രസിദ്ധ കുറ്റവാളികളെ ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചത് ശിവദാസന്‍ ആണെന്ന് പോലീസ് പറഞ്ഞു. ജയിലാകുന്ന ക്രിമലുകളെ ജാമ്യത്തിലിറങ്ങാന്‍ സഹായിക്കുന്നതിന് പ്രത്യുപകാരമായി പണവും കൈപ്പറ്റും. തുടര്‍ന്ന് ഇവരുടെ മോഷണമുതലില്‍ വിഹിതവും വില്‍പന നടത്തുമ്പോള്‍ കമ്മീഷനും ലഭിക്കും. മോഷണക്കേസിനു പുറമെ പീഡനക്കേസ് പ്രതികള്‍ക്കടക്കം ജാമ്യം നേടിക്കൊടുത്തിട്ടുണ്ട്.
ശിവദാസനെ നിലമ്പൂര്‍ കോടതി റിമാണ്ട് ചെയ്തു . പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം ബിജു , ഷാഡോ ടീം അംഗങ്ങളായ എ.എസ്.ഐ ശശികുമാര്‍ , പ്രദീപ് കരുളായി , എന്‍ ടി മോഹനകൃഷ്ണന്‍ , ശ്രീകുമാര്‍ . ടി , കൃഷ്ണകുമാര്‍ മനോജ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ശിവദാസനെ വലയിലാക്കിയത്.