ലക്ഷ്മി നായരില്ലാതെ ലോ അക്കാദമി തുറന്നു; ക്യാമ്പസില്‍ നിന്നും ലക്ഷ്മി നായര്‍ പുറത്തേക്ക്???

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തേത്തുടര്‍ന്ന് ഒരു മാസത്തോളമായി അടഞ്ഞ് കിടന്ന ലോ അക്കാദമിയില്‍ ക്ലാസുകള്‍ ആരംഭിച്ചു. സമരം വിജയിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. ഇതിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളും വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ഒരുക്കിയിട്ടുണ്ട്. സമരത്തിന്റെ ആലസ്യത്തില്‍ നിന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

സമരത്തിന്റെ വിജയത്തേക്കുറിച്ച് വിദ്യാര്‍ത്ഥികളോട് വിവരിക്കാനായിരിക്കും വിദ്യാര്‍ത്ഥി സംഘടനകളുടെ ശ്രമം. വിദ്യാര്‍ത്ഥി ഐക്യം എന്ന നിലയിലുള്ള തങ്ങളുടെ അവസാനത്തെ ക്യാമ്പയിനായിരിക്കും കോളേജില്‍ നടക്കുക എന്ന് എഐഎസ്എഫ് അറിയിച്ചു. അതേ സമയം നേരത്തെ സമരം പിന്‍വലിച്ച എസ്എഫ്‌ഐയും തങ്ങളുടെ നിലപാട് വിദ്യാര്‍ത്ഥികളോട് വിശദീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ ലോ അക്കാദമിയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള റവന്യു നടപടികള്‍ തുടരും. അനധികൃതമായി ഭൂമി കയ്യേറി സ്ഥാപിച്ച പ്രധാന കവാടത്തിലെ ഗേറ്റും തൂണുകളും കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയിരുന്നു.

പുതിയ പ്രിന്‍സിപ്പാള്‍

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടായിരുന്നു ഒരു മാസത്തോളം നീണ്ടു നിന്ന വിദ്യാര്‍ത്ഥി സമരം ആരംഭിച്ചത്. ലക്ഷ്മി നായരെ മാറ്റാമെന്നുള്ള വ്യവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ പ്രിന്‍സിപ്പാള്‍ എത്തു. ദാമോദരന്‍ പോറ്റിക്ക് പ്രിന്‍സിപ്പാളിന്റെ ചുമതല ലഭിക്കാനാണ് സാധ്യത. പുതിയ പ്രിന്‍സിപ്പാളിനായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ക്വാര്‍ട്ടേഴ്‌സ് നഷ്ടമാകും

ലോ അക്കാദാമി ക്യാമ്പസില്‍ അധ്യാപകര്‍ക്കായി അനുവദിച്ചിരിക്കുന്ന ക്വാര്‍ട്ടേഴ്‌സ് ലക്ഷ്മി നായര്‍ക്ക് നഷ്ടമായേക്കും. പ്രിന്‍സിപ്പാള്‍ പദവിയും അധ്യാപിക എന്ന സ്ഥാനവും നഷ്ടപ്പെട്ട സാഹചര്യത്തിലാണിത്. ക്വാട്ടേഴ്‌സില്‍ നിന്നും ലക്ഷ്മി നായരേയും കുടുംബത്തേയും ഒഴിപ്പിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ റവന്യു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ബാങ്കും ഹോട്ടലും ഒഴിപ്പിക്കും

കോളേജ് സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഭൂമി ദുര്‍വിനിയോഗം ചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കോളേജ് ക്യാമ്പസില്‍ ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവ ഒഴിയണമെന്ന് കാണിച്ച് റവന്യു വകുപ്പ് നോട്ടീസ് നല്‍കി.

റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

ലോ അക്കാദമിയുടെ ഭൂമിയില്‍ അനധികൃത നിര്‍മാണങ്ങള്‍ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിരുന്നു. പരാതിയിന്‍മേല്‍ റവന്യു സെക്രട്ടറി നടത്തി അന്വേഷണത്തില്‍ ഇവ സത്യമാണെന്നും കണ്ടെത്തി. അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ക്യാമ്പസിനുള്ളിലെ റെസ്റ്റോറന്റും ബാങ്കും ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അച്യുതാനന്ദന്റെ പരാതി

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കാദമിയുടെ ഭൂമി സംബന്ധിച്ച ആരോപണങ്ങളില്‍ റവന്യു വകുപ്പ് അന്വേഷണം നടത്തിയത്. അക്കാദമിയുടെ ഭൂമി സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു വിഎസ് പാരതി നല്‍കിയത്.

ഗേറ്റും തൂണുകളും പൊളിച്ച് നീക്കി

കയ്യേറ്റ ഭൂമിയില്‍ നടത്തിയ നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാനുള്ള നടപടികള്‍ റവന്യു വകുപ്പ് തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ലോ അക്കാദമിയുടെ പ്രധാന കവാടത്തിലെ ഗേറ്റും തൂണുകളും പൊളിച്ച് നീക്കിയിരുന്നു. അനധികൃതമായി നിര്‍മിച്ച കവാടം പൊളിച്ച് നീക്കാനുള്ള സമയ പരിധി അവസാനിച്ചതിനേത്തുടര്‍ന്നയിരുന്നു നടപടി.

English summary
Law Academy classes resumed from Monday onwards. Damodaran Potty may be the new principal. Revenue department proceedures will be continue.
Please Wait while comments are loading...