മലപ്പുറം ആവേശം കടല്‍ കടന്നു; ദുബായിലും കുഞ്ഞാപ്പക്ക് വേണ്ടി പ്രചാരണം, പറന്നെത്തും പ്രവാസികള്‍

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ആവേശം കടല്‍ കടന്നു. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും പ്രചാരണം കൊഴുക്കുകയാണ്. വോട്ട് ചെയ്യാനായി നിരവധി പ്രവാസികള്‍ നാട്ടിലെത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

മലപ്പുറത്തുകാര്‍ക്ക് തിരഞ്ഞെടുപ്പ് ഒരു ഫുട്‌ബോള്‍ ലഹരിയാണ്. കൈയടിക്കാനും പോരടിക്കാനും ആവേശം നല്‍കാനും എന്നും മുന്നില്‍ നില്‍ക്കുന്നവര്‍. തിരഞ്ഞെടുപ്പിന് കേളിക്കൊട്ട് ഉയര്‍ന്നപ്പോള്‍ തന്നെ ഏപ്രിലില്‍ നാട്ടിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് മണ്ഡലത്തിലെ പ്രവാസി വോട്ടര്‍മാര്‍.

 കെഎംസിസിയും പ്രവാസി സംഘവും

മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെയും സിപിഎമ്മിന്റെ കേരള പ്രവാസി സംഘത്തിന്റെയും നേതൃത്വത്തിലാണ് യുഎഇയില്‍ പ്രചാരണം നടക്കുന്നത്. പ്രവാസികള്‍ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് തിരിക്കുന്നതും ഇവര്‍ നല്‍കുന്ന ടിക്കറ്റിലാണ്.

എന്തു വില കൊടുത്തും വോട്ട് നേടും

എന്തുവിലകൊടുത്തും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടത്തുക എന്നതാണ് മുസ്ലിം ലീഗിന്റെ മുന്നിലുള്ള ലക്ഷ്യം. അതിന് എന്തു ചെലവ് വന്നാലും സഹിക്കുമെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. അന്തരിച്ച ഇ അഹമ്മദ് സിപിഎം സ്ഥാനാര്‍ഥിക്കെതിരേ 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2014ല്‍ ജയിച്ചത്.

ഭാരവാഹികള്‍ ഏപ്രില്‍ ആദ്യവാരം

കെഎംസിസിയുടെ ഭാരവാഹികള്‍ ഏപ്രില്‍ ആദ്യവാരമാണ് നാട്ടിലെത്തുക. 60 പേരടങ്ങുന്ന സംഘമാണ് ആദ്യമെത്തുന്നത്. ബാക്കിയുള്ളവര്‍ തൊട്ടുപിന്നാലെ എത്തുമെന്ന് കെഎംസിസി വൃത്തങ്ങള്‍ അറിയിയച്ചു.

നേതാക്കള്‍ പറയുന്നു

ദുബായ് കെഎംസിസി അധ്യക്ഷന്‍ പികെ അന്‍വര്‍ നഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏപ്രില്‍ ആദ്യത്തിമെത്തുന്നത്. സിപിഎമ്മിന് വോട്ട് ചെയ്യാന്‍ പ്രവാസികളെത്തുമെന്ന് കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് സികെ കൃഷ്ണകുമാര്‍ അറിയിച്ചു.

ദുബായില്‍ പ്രചാരണം നടത്തുന്നു

കെഎംസിസി ദുബായ് കമ്മിറ്റി കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ദുബായില്‍ പ്രചാരണം നടത്തുന്നുണ്ട്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ പ്രവര്‍ത്തകര്‍ വളരെ ആവേശത്തിലാണ് ഗള്‍ഫില്‍. ദുബായിലെ തൊഴിലാളി ക്യാംപുകളിലും മാര്‍ക്കറ്റുകളിലും കെഎംസിസി നേതാക്കള്‍ സന്ദര്‍ശിച്ചു.

നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് പ്രവാസികളെ വോട്ട് ചെയ്യാന്‍ നാട്ടിലെത്തിക്കുന്നതിന് തീരുമാനിച്ചത്. ദുബായില്‍ ചേര്‍ന്ന യോഗത്തില്‍ ചിലര്‍ക്ക് പ്രത്യേക പ്രചാരണ ചുമതലകളും നല്‍കി. നാട്ടിലെത്തിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു.

ടിക്കറ്റ് കിട്ടുന്നവരെല്ലാം വോട്ട് ചെയ്യുമോ?

ചെലവില്ലാതെ നാട്ടിലെത്താനുള്ള അവസരമായി ഇതിനെ കാണുന്ന പ്രവാസികളുമുണ്ട്. അവര്‍ ഈ അവസരം മുതലെടുക്കും. ടിക്കറ്റ് നല്‍കുന്നവര്‍ കുഞ്ഞാലിക്കുട്ടിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് ഉറപ്പാക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫൈസലിന് വേണ്ടി സിപിഎമ്മും സമാനമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

ഫോണ്‍ ചെയ്തു വോട്ട് അഭ്യര്‍ഥന

നാട്ടില്‍ സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടര്‍മാരെ ഫോണില്‍ ബന്ധപ്പെടാന്‍ പ്രവര്‍ത്തകരോട് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ വോട്ട് കുഞ്ഞാലിക്കുട്ടിക്ക് തന്നെ ചെയ്യണമെന്ന് ഗള്‍ഫില്‍ നിന്നു വിളിച്ചു പറയണമെന്നാണ് നിര്‍ദേശം. വോട്ട് ചെയ്യാനെത്തുന്ന പ്രവാസികള്‍ക്ക് ഇത്തവണ പ്രത്യേക വിമാനം ഏര്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് വിവരം.

ആവേശം കത്തിക്കയറുന്ന ഗള്‍ഫ്

പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തും തൊഴിലിടങ്ങളിലും തിരഞ്ഞെടുപ്പ് ആവേശം കത്തികയറുകയാണ്. പരസ്പര വാഗ്വാദങ്ങളാണ് മിക്ക താമസസ്ഥലത്തും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും കൊഴുക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയുള്ള പാട്ടുകള്‍ പരക്കുന്നുണ്ട്.

ഏപ്രില്‍ 17 നിര്‍ണായക ദിനം

ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. 17ന് ഫലം വരും. തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ് തിരിച്ചു കയറാന്‍ പാകത്തിലാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. എന്നാല്‍ പലര്‍ക്കും നാട്ടിലേക്ക് വരാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. അവര്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്യുന്നു. അവരോട് നാട്ടിലുള്ള ബന്ധുക്കളുടെ വോട്ട് ഉറപ്പാക്കണമെന്നാണ് നേതാക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

English summary
Malappuram byelection campaign in Gulf countries. More people from dubai to come for vote.
Please Wait while comments are loading...