കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദിനെ മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്കാവില്ല; 2014 അല്ല 2017, കാരണം ഇതാണ്... ഒടുവിലെ അടിതട!!

പക്ഷേ 2014ലെ ഭൂരിപക്ഷം ഇത്തവണ കിട്ടില്ലെന്ന് ലീഗിനകത്ത് സംസാരമുണ്ട്. പുറമെ അവര്‍ ഭൂരിപക്ഷം രണ്ടു ലക്ഷം കവിയുമെന്ന് പറയുന്നുണ്ടെങ്കിലും യോഗങ്ങളിലെ ചര്‍ച്ച അതല്ല.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസനിച്ചതിന് പിന്നാലെ പാര്‍ട്ടികള്‍ ഓരോ വോട്ടും പെട്ടിയിലാക്കാനുള്ള തിരക്കിട്ട കൂടിയാലോചനകളില്‍. ഇടതുപക്ഷത്ത് വിജയപ്രതീക്ഷയില്ലെങ്കിലും ഭേദപ്പെട്ട വോട്ട് നേടുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മുസ്ലിം ലീഗിനാവട്ടെ, കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമില്ല.

പക്ഷേ 2014ലെ ഭൂരിപക്ഷം ഇത്തവണ കിട്ടില്ലെന്ന് ലീഗിനകത്ത് സംസാരമുണ്ട്. പുറമെ അവര്‍ ഭൂരിപക്ഷം രണ്ടു ലക്ഷം കവിയുമെന്ന് പറയുന്നുണ്ടെങ്കിലും യോഗങ്ങളിലെ ചര്‍ച്ച അതല്ല. 2014ലെ പ്രകടനം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് ആവില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കാരണം നിരവധിയാണ്.

സ്ഥാനാര്‍ഥി പോര

2014 ല്‍ ഇടതുസ്ഥാനാര്‍ഥി പികെ സൈനബയായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ജനകീയനും യുവരക്തവുമാണ് ഇത്തവണ ജനവിധി തേടുന്ന പിബി ഫൈസല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കാഴ്ചവച്ച മികച്ച പ്രകടനം തന്നെ ഉദാഹരണം.

ഫൈസല്‍ വോട്ട് പിടിക്കും

സൈനബയേക്കാളും വോട്ട് ഫൈസല്‍ പിടിക്കുമെന്ന് തന്നെയാണ് ഇടതുപാളയത്തിലെ വിലയിരുത്തല്‍. മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം കുഞ്ഞാലിക്കുട്ടി തന്നെയാണ് അഹമ്മദിന് പകരം നില്‍ക്കാന്‍ പറ്റുന്ന പൊതുസമ്മതനായ നേതാവ്. എന്നാല്‍ വോട്ട് കുറയും. അതിന് പ്രധാന കാരണം എതിരാളി മാറി എന്നതാണ്. മറ്റു ചില കാരണങ്ങളുമുണ്ട്.

മനസാക്ഷി വോട്ട് മൊത്തം കിട്ടില്ല

കഴിഞ്ഞതവണ 80000ത്തോളം വോട്ട് പിടിച്ച എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും ഇത്തവണ മല്‍സരിക്കുന്നില്ല. മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുമെന്നാണ് അവര്‍ അറിയിച്ചത്. എന്നാല്‍ അത് ലീഗിന് ലഭിക്കുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്.

എസ്ഡിപിഐ വോട്ട് ഏകദേശം

മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നവരാണ് ഭൂരിഭാഗം എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും. അതുകൊണ്ട് തന്നെ ഇവരുടെ പൂര്‍ണപിന്തുണ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കണം എന്നില്ല. എന്നാല്‍ ഇടതിനെ പിന്തുണയ്ക്കാന്‍ എസ്ഡിപിഐ തയ്യാറാവില്ല. അത് ചിലപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് ഗുണം ചെയ്‌തേക്കും.

എപി വോട്ട് ഇടതിന് തന്നെ

എപി വിഭാഗം സുന്നികളുടെ വോട്ട് ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. മുമ്പ് എപി വിഭാഗം വോട്ട് ചെയ്തത് ഇടതുപക്ഷത്തിന് തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പികെ സൈനബ സ്ഥാനാര്‍ഥിയായതിനാല്‍ എപി വിഭാഗത്തിന്റെ പൂര്‍ണ പിന്തുണ നേടാന്‍ ഇടതുപക്ഷത്തിന് സാധിച്ചിരുന്നില്ല. ഇത്തവണ അതല്ല സ്ഥിതി.

ബിജെപിക്കാര്‍ മറിക്കില്ല

ബിജെപിയും ആര്‍എസ്എസും ഇത്തവണ വോട്ട് മറിക്കാന്‍ സാധ്യതയില്ല. അവര്‍ പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ്. വോട്ട് ഒരു ലക്ഷം കടക്കണമെന്നാണ് അവരുടെ ലക്ഷ്യം. ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ പിടിക്കാനാണ് അവരുടെ തീവ്രശ്രമം.

പുതിയ വോട്ടര്‍മാര്‍ 1.14 ലക്ഷം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തിലുണ്ടായിരുന്നത് 1198444 വോട്ടര്‍മാരായിരുന്നു. ഇത്തവണ 1.14 ലക്ഷം വോട്ടര്‍മാര്‍ കൂടിയിട്ടുണ്ട്. ഇവര്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നുവോ അവര്‍ ജയിക്കുമെന്നതാണ് അവസ്ഥ. എന്നാല്‍ ഇവരെല്ലാവരും ഒരുപാര്‍ട്ടിക്ക് വോട്ട് ചെയ്യുകയുമില്ല. യുവ വോട്ടര്‍മാരുടെ നിലപാട് നിര്‍ണായകമാണ്. യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ട് തന്നെയായിരുന്നു ഇടതുപക്ഷം കരുക്കള്‍ നീക്കിയതും. എന്നാല്‍ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും യുവ വോട്ടര്‍മാര്‍ക്കിടയിലുണ്ടാക്കിയ സ്വാധീനം അത്ര ചെറുതല്ല.

മുന്നിട്ടു നിന്നത് മുസ്ലിം ലീഗ്

പ്രചാരണത്തില്‍ അവസാന ഘട്ടം വരെ മുന്നിട്ടു നിന്നത് മുസ്ലിം ലീഗ് തന്നെയാണ്. ആദ്യം പിന്നിലായിരുന്ന ഇടതുപക്ഷം അവസാന ഘട്ടത്തില്‍ മുന്നേറിയെങ്കിലും ലീഗിനെ കടത്തിവെട്ടി എന്നുപറയാനായിട്ടില്ല. ഇ അഹമ്മദിനേക്കാള്‍ ഭൂരിപക്ഷം, അതു മാത്രമാണ് ലീഗിന് മുന്നിലുള്ള ലക്ഷ്യം.

കഴിഞ്ഞ തവണത്തെ ചിത്രം

കഴിഞ്ഞ തവണ 194739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് മലപ്പുറത്ത് നിന്ന് ദില്ലിയിലേക്ക് വണ്ടി കയറിയത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 51.28 ശതമാനം അഹമ്മദ് നേടി. അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ സൈനബയ്ക്ക് ലഭിച്ചത് 28.47 ശതമാനം മാത്രം. ഈ ക്ഷീണം മാറ്റുകയാണ് പിബി ഫൈസലിന്റെ ചുമതല. എന്നാല്‍ പ്രചാരണത്തില്‍ മുന്നേറ്റം നടത്തിയത് അവര്‍ ജയിക്കുമെന്ന തരംഗം വരെയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറഞ്ഞാലും തങ്ങളുടെ വിജയമാണെന്ന് സിപിഎം നേതാക്കള്‍ പറയുന്നു.

മലപ്പുറത്ത് ആവേശം കൊട്ടിയിറങ്ങി

അതേസമയം, വേനല്‍ചൂട് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ആവാഹിച്ച മലപ്പുറം പുറമെ ഇപ്പോള്‍ ശാന്തമാണ്. ദേശീയ പ്രാദേശിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത പ്രചാരണത്തിന്റെ ചൂട് വോട്ടായി ആര്‍ക്ക് ഗുണം ചെയ്യുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. ബുധനാഴ്ച മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. 17നാണ് ഫലപ്രഖ്യാപനം.

ഫൈസലോ കുഞ്ഞാപ്പയോ

ഇ അഹമ്മദിന്റെ തട്ടകമായ മലപ്പുറത്ത് അദ്ദേഹത്തിന് പകരക്കാരനായി ഇനി ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ദിവസങ്ങള്‍ക്കം ഉത്തരം ലഭിക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയോ അല്ലെങ്കില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പിബി ഫൈസലോ. ജയത്തിനും അപ്പുറത്ത് മറ്റു പല ലക്ഷ്യങ്ങളുമാണ് ഇവിടെ പാര്‍ട്ടികള്‍ക്ക്.

English summary
Last moves of political parties in Malappuram. LDF candidate PB Faisal has been good perfomence in last phase of the campaign. but PK Kunjalikkutty have confident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X