ആന്റണിയെ മലപ്പുറത്ത് കൊണ്ടുവന്ന് ജയിപ്പിച്ചതാണ് ലീഗിന്റെ മതേതരത്വം; ഫിറോസ് സാഹിബേ...

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്ന് ഇടതുപക്ഷ നേതാക്കള്‍ നടത്തിയ പ്രസ്താവനക്കെതിരേ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. രാഷ്ട്രീയമായി സംഘടിക്കുന്നതും ജനാധിപത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും വര്‍ഗീയതയാണോ എന്നാണ് ഫിറോസിന്റെ ചോദ്യം.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേടിയ വിജയത്തെ വര്‍ഗീയമായി ചിത്രീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരേയാണ് ഫിറോസിന്റെ പ്രതികരണം. പക്ഷേ അദ്ദേഹം മുസ്ലിം ലീഗിന്റെ മതേതരത്വം എടുത്തുപറയാന്‍ ചൂണ്ടിക്കാട്ടിയ കാര്യമാണ് വിചിത്രം.

മുസ്ലിം ലീഗിന്റെ മതേതരത്വം

ദേശീയതലത്തില്‍ പലപ്പോഴും തങ്ങളുടെ രാജ്യസ്‌നേഹമാണ് ബോധ്യപ്പെടുത്തേണ്ടതെങ്കില്‍ എകെ ആന്റണിയെ മലപ്പുറത്ത് കൊണ്ടുവന്ന് വിജയിപ്പിച്ച് മതേതരത്വം തെളിയിച്ച ചരിത്രമാണ് ഇവിടെ പറയേണ്ടി വരുന്നതെന്നാണ് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

അല്‍പ്പം ചരിത്രം

വിവാദത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് കരുണാകരന്‍ രാജിവയ്ക്കുകയും എകെ ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തപ്പോഴാണ് കോണ്‍ഗ്രസിന്റെ സഹായത്തിന് മുസ്ലിം ലീഗ് എത്തിയത്. തിരൂരങ്ങാടി എംഎല്‍എ ആയിരുന്ന അബ്ദുറബ്ബിനെ രാജിവയ്പ്പിച്ച് ആന്റണിക്ക് മല്‍സരിക്കാന്‍ ലീഗിന്റെ ഉറച്ച സീറ്റ് കൈമാറി. ആന്റണി അന്ന് ജയിക്കുകയും മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തം ഉറപ്പിക്കുകയും ചെയ്തു.

 മതേതരമാവാന്‍ തങ്ങളെന്ത് ചെയ്യണം

ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ മതേതരത്വം ഫിറോസ് പറയുന്നത്. രാഷ്ട്രീയമായി സംഘടിക്കുന്നത്, അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നത് എല്ലാം വര്‍ഗീയതയാണെങ്കില്‍ മതേതരമാവാന്‍ തങ്ങളെന്ത് ചെയ്യണമെന്നും ഫിറോസ് ചോദിക്കുന്നു. മതേതര മാപിനിയുമായി ഇറങ്ങിയവര്‍ ഇതിന് മറുപടി തരണമെന്നും ഫിറോസ് പറഞ്ഞുനിര്‍ത്തുന്നു.

മലപ്പുറത്തുകാര്‍ക്ക് മറ്റെന്തുണ്ട്

എകെ ആന്റണിയെ തിരൂരങ്ങാടിയില്‍ കൊണ്ട് വന്ന് വിജയിപ്പിച്ച ലീഗിന്റെ ചരിത്രമില്ലായിരുന്നെങ്കില്‍ മലപ്പുറത്തുകാര്‍ എന്ത് പറയുമായിരുന്നുവെന്നാണ് ഞാനാലോചിക്കുന്നതെന്നും ഫിറോസ് ഫേസ്ബുക്കില്‍ പറയുന്നു. മലപ്പുറത്ത് വര്‍ഗീയ ശക്തികളുടെ വിജയമാണെന്ന ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും പ്രതികരണമാണ് ഫിറോസിനെ ഫേസ്ബുക്കില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്.

 കോടിയേരി പറഞ്ഞത്

വര്‍ഗീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച വിജയമെന്നാണ് കോടിയേരി ബാലകൃഷ്ണനും ഇടതുസ്ഥാനാര്‍ഥി എംബി ഫൈസലും അഭിപ്രായപ്പെട്ടത്. മറ്റു ചില നേതാക്കളും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും മല്‍സരത്തില്‍ നിന്നു വിട്ടുനിന്ന് ലീഗിന് വോട്ടുചെയ്തുവെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.

English summary
Malappuram byelection result declared. Youth league leader PK Firos attacked Left leaders in facebook,
Please Wait while comments are loading...