മരടിലെ ഫ്ലാറ്റ് പൊളിക്കൽ; അടിസ്ഥാന ചട്ടങ്ങൾ പാലിക്കുന്നില്ല,പൊടിയിൽ മുങ്ങി പ്രദേശം, പ്രതിഷേധം രൂക്ഷം
കൊച്ചി: സുപ്രീംകോടതി നിർദേശ പ്രകാരം പൊളിച്ചു മാറ്റുന്ന മരടിലെ ഫ്ലാറ്റിനടത്തുള്ള പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത്. കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന ചട്ടങ്ങള്‍പോലും പാലിക്കാതെയാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ആദ്യം പൊളിക്കാന്‍ തുടങ്ങിയ നെട്ടൂരിലെ ജെയിന്‍ കോറല്‍ കോവിലെ പ്രദേശവാസികള്‍ ദുരിതത്തിലാണെന്നും പ്രദേശത്ത് മൂന്നുകിലോമീറ്ററോളം ചുറ്റളവില്‍ പൊടി പടര്‍ന്നതായും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
താഹ മാവോയിസ്റ്റ് കേഡർ; ബന്ധം തടങ്ങുന്നത് കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയെന്ന് പോലീസ്!
പൊളിക്കുമ്പോൾ ഉച്ചത്തിലുള്ള ഡ്രില്ലിങ്ങും പ്രദേശവാസികള്‍ക്ക് അസഹനീയമാണെന്ന ആരോപണവും ഉയരുന്നുണ്ട്. മുംബൈയില്‍ നിന്നുള്ള എഡിഫസ് കമ്പനിയാണ് ജെയിന്‍ കോറല്‍ പൊളിച്ചുകൊണ്ടിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം മാത്രമേ ഫ്‌ളാറ്റ് പൊളിക്കല്‍ ആരംഭിക്കുകയുള്ളുവെന്ന് നേരത്തെ ആര്‍ഡിഒയും എംഎല്‍എയും നഗരസഭാധ്യക്ഷയും പങ്കെടുത്ത യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പുതിയ ആരോപണങ്ങൾ ഉയരുന്നത്.

പ്രദേശം പൊടിയിൽ മുങ്ങി
പൊളിക്കുന്നതിൽ ഏറ്റവും വലിയ ഫ്ലാറ്റാണ് ജോയിൽ കോറൽ കോവ്. ഹോളിഫെയ്ത്ത് എച്ച് ടു ഒ, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് ഇനി പൊളിക്കാനുള്ള ഫ്‌ളാറ്റുകള്‍. ജെയിന്‍ കോറല്‍ കോവില്‍ ചുമരുകള്‍ നീക്കം ചെയ്യുന്ന ഘട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. പത്ത് ശതമാനം പോലും പൊളിച്ച് നീക്കപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ തന്നെ പ്രദേശമാകെ പൊടിയിൽ മുങ്ങിയതായാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

സുരക്ഷ ക്രമീകരണങ്ങൾ ഇല്ല?
കാവൽ നിൽക്കുന്ന പോലീസുകാർക്കോ ജോലിചെയ്യുന്നവർക്കോ സുരക്ഷ മുൻ കരുതലുകൾ ഒന്നും തന്നെ എടുത്തിട്ടില്ലെന്നും മനോരമ ആരോപിക്കുന്നു. ജയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയത്തിലെ പാർക്കിങ് കേന്ദ്രം ഇടിച്ചു നിരത്തി. ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രധാന കെട്ടിടത്തോടു ചേർന്നുള്ളതാണ് ഈ പാർക്കിങ് കേന്ദ്രം. ഡിമോളിഷൻ എക്സ്കവേറ്ററുകളുപയോഗിച്ചാണ് പൊളിക്കുന്നത്. കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഇരുമ്പു കമ്പികൾ വേർതിരിച്ചു മാറ്റിയിട്ടുണ്ട് .

ദ്വാരങ്ങൾ ഇടുന്ന ജോലി ഇന്ന് ആരംഭിക്കും
ഫ്ലാറ്റുകളിലെ വാതിലുകളും ജനലുകളും നീക്കുന്നതും ഉള്ളിലെ ചുമരുകൾ പൊളിക്കുന്നതുമുൾപ്പെടെയുള്ള ജോലികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. സ്ഫോടക വസ്തുക്കൾ നിറയ്ക്കാനായി ദ്വാരങ്ങളിടുന്ന ജോലി ഇന്ന് ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു. ചെന്നൈ കേന്ദ്രമായ വിജയ് സ്റ്റീലാണ് ആൽഫ സെറിനിലെ ഇരട്ട ടവറുകൾ പൊളിക്കുക. നഗരസഭയുമായുണ്ടാക്കിയ കരാർ പ്രകാരം ഫ്ലാറ്റുകളിലെ പുനരുപയോഗിക്കാവുന്ന വസ്തുക്കളായ വാതിൽ, ജനൽ, ഇരുമ്പു കമ്പികൾ, ഗ്ലാസ്, കട്ടകൾ എന്നിവയെല്ലാം പൊളിക്കുന്ന കമ്പനികൾക്ക് ഏറ്റെടുക്കാം.

7 ഫ്ലാറ്റ് ഉടമകൾക്ക് കൂടി 25 ലക്ഷം
എസി, ഫർണിച്ചർ, കബോർഡുകൾ തുടങ്ങിയവ നാളെ നീക്കം ചെയ്യാൻ ഫ്ലാറ്റ് ഉടമകൾക്കു ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി അനുമതി നൽകിയിട്ടുണ്ട്. സമിതി മുൻപാകെ അപേക്ഷ നൽകിയ ഫ്ലാറ്റ് ഉടമകൾക്കാണു സാധനങ്ങൾ നീക്കം ചെയ്യാനാവുക. ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള സ്ഫോടക പദ്ധതികൾ സംബന്ധിച്ച ചർച്ചകൾ 11ന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ നടക്കും. അതേസമയം മരടിൽ 7 ഫ്ലാറ്റ് ഉടമകൾക്കു കൂടി ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ വീതം നൽകാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ അധ്യക്ഷനായ മേൽനോട്ട സമിതി നിർദേശം നൽകിയിട്ടുണ്ട്.

252 അപേക്ഷകൾ
252 അപേക്ഷകളാണു സമിതിക്കു മുന്നിൽ വന്നിരുന്നത്. ഇതിൽ 232 പരാതിക്കാർക്കു നഷ്ടപരിഹാരം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ബാക്കി 20 കേസ് കൂടുതൽ വാദം കേൾക്കാൻ മാറ്റിവച്ചു. ഇവയിൽ 7 കേസിൽ രേഖകളും വിശദീകരണങ്ങളും തേടിയിട്ടുണ്ട്. 9 എണ്ണത്തിൽ കൈമാറ്റ രേഖകളോ മറ്റു രേഖകളോ ഹാജരാക്കാൻ പരാതിക്കാർക്കു കഴിഞ്ഞിട്ടില്ല. 4 കേസ് ബിൽഡർമാരുടേതും കുടുംബാംഗങ്ങളുടേതുമാണ്. ഇവയിൽ ബന്ധപ്പെട്ടവർ ഹിയറിങ്ങിനു ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.