കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലെ കിണര്‍ തൂണിലിടിച്ചശേഷം കിണര്‍ഭിത്തി തകര്‍ത്തു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുന്നംകുളം കക്കാട് ഫയര്‍സ്‌റ്റേഷനു സമീപം എതിരേവന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലെ കിണര്‍ തൂണിലിടിച്ചശേഷം കിണര്‍ഭിത്തി തകര്‍ത്ത് കിണറിനരികില്‍ നിന്നു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് ആറിനാണ് അപകടം. കുന്നംകുളത്തുനിന്ന് നിറയെ യാത്രക്കാരുമായി തിരുത്തിക്കാടുവഴി പഴഞ്ഞി ചിറയ്ക്കലിലേക്ക് പോയിരുന്ന ദേവിക ബസാണ് അപകടത്തില്‍പ്പെട്ടത്. കുന്നംകുളം കോടതി പരിസരംവഴി ഫയര്‍ സ്‌റ്റേഷനു മുന്‍വശത്തെ ഇറക്കം കഴിഞ്ഞ് വന്നിരുന്ന ബസ് മറ്റൊരു വളവ് എത്തുന്നതിനുമുമ്പ് എതിരേവന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ടത്. റോഡിന്റെ വളവിനോടു ചേര്‍ന്ന് ഇടതുവശത്തെ പൊതുകിണറിന്റെ കോണ്‍ക്രീറ്റ് തുടികാല്‍ ഇടിച്ച് തെറിപ്പിച്ച ശേഷം കിണറിനോടു ചേര്‍ന്നുള്ള ആള്‍മറയും തകര്‍ത്ത് മുന്നോട്ടുപോയാണ് ബസ് നിന്നത്.

thrissur

കിണറിന്റെ ആള്‍മറയിടിഞ്ഞ് ആ ഭാഗത്തെ മണ്ണടക്കം കിണറിലേക്ക് ഇടിഞ്ഞുവീണു. ബസിന്റെ മുന്‍ഭാഗത്തെ ഇടതുവശത്തെ ചക്രം ഇടിഞ്ഞ ഭാഗത്തുകൂടെ വേഗതയില്‍ മുന്നോട്ടുപോയതുകാരണം ബസ് കിണറ്റിലേക്ക് വീണില്ല. കിണര്‍ കടന്നാണ് ബസ് നില്‍ക്കുന്നത്. മുന്‍വശത്തെ വാതില്‍ ഭാഗം പൂര്‍ണമായും കിണറിന്റെ മധ്യഭാഗത്തായാണ് ബസ് നിന്നത്. പിന്‍വശത്തെ വാതില്‍ കിണറിനോടു ചേര്‍ന്നാണ് നില്‍ക്കുന്നത്.

ഡ്രൈവറുടെയും യാത്രക്കാരുടെയും മനോബലം കൊണ്ടുമാത്രമാണ് വന്‍ദുരന്തം ഒഴിവായത്. ബസ് അല്‍പ്പം ഇടത്തോട്ട് ചെരിഞ്ഞിരുന്നെങ്കില്‍ വന്‍ ദുരന്തമാണ് സംഭവിക്കുക. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടമറിഞ്ഞ് സമീപത്തെ ഫയര്‍സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. പരിഭ്രാന്തരായ ബസിലെ യാത്രക്കാരെ ഓരോരുത്തരെയും സാവകാശം പിറകുവശത്തെ വാതില്‍ വഴിയാണ് ഇറക്കിയത്. ബസിന്റെ ബാലന്‍സ് തെറ്റാതിരിക്കാന്‍ ശ്രദ്ധിച്ചാണ് യാത്രക്കാരെ ഇറക്കിയത്.

സംഭവമറിഞ്ഞ് കുന്നംകുളം അഡീഷണല്‍ എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസും നഗരസഭാ സെക്രട്ടറി കെ.കെ. മനോജും കൗണ്‍സിലര്‍മാരും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ഫയര്‍സ്‌റ്റേഷന്‍ വഴിയുള്ള വാഹന ഗതാഗതം മറ്റൊരു വഴിക്ക് തിരിച്ചുവിട്ടു. രാത്രിയോടെ അപകടസ്ഥലത്തുനിന്ന് ബസ് മാറ്റാനുള്ള ശ്രമമാരംഭിച്ചു.

English summary
Private Bus accident due to break down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X