• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പണ്ട് ബീഡിക്കുറ്റിയും കത്തിയും.. ഇന്നിച്ചിരി കളർ പൊടിയല്ലേ.. അവരാഘോഷിക്കട്ടെ സാറമ്മാരേ..

ഉത്തരേന്ത്യൻ ആഘോഷമാണെങ്കിലും നിറങ്ങളുടെ ആഘോഷമായ ഹോളിയോട് കേരളത്തിലെ യുവാക്കൾക്ക് പ്രത്യേക ഇഷ്ടമുണ്ട്. പ്രത്യേകിച്ച് കേരളത്തിലെ ക്യാംപസ്സുകൾക്ക്. അത് മതമോ ജാതിയോ നോക്കിയുള്ള ആഘോഷമല്ല താനും.

അടുത്തിടെ കോഴിക്കോട് ഫറൂഖ് കോളേജിലെ ഹോളി ആഘോഷം വലിയ വിവാദമാവുകയുണ്ടായി. ഹോളി ആഘോഷിച്ച വിദ്യാർത്ഥികളെ മുസ്ലീം മാനേജ്മെന്റ് ഭരിക്കുന്ന കോളേജിലെ അധ്യാപകർ ഓടിച്ചിട്ട് തല്ലി. വത്തക്ക പ്രസംഗത്തിലൂടെ കുപ്രസിദ്ധനായ അധ്യാപകൻ ഇതിവിടെ നടത്തിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വായിക്കേണ്ടതാണ് സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ഷംന കൊളക്കോടൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്:

അന്ന് താരം വാട്ടർ ബലൂൺ

അന്ന് താരം വാട്ടർ ബലൂൺ

എന്റെ പ്ലസ് ടു വിന്റെ കാലത്ത് വാട്ടർ ബലൂണായിരുന്നു താരം. സെന്റോഫിന്റന്ന് വെള്ളം നിറച്ച ഇത്തരം ബലൂൺ കൊണ്ടായിരുന്നു ക്ലാസിലെ ചിലരാഘോഷിച്ചത്. വെള്ളം നിറച്ച ബലൂൺ അതിശക്തിയിൽ ദേഹത്തേക്കെറിയുക. കൂട്ടുകാരി അനുമോൾ ബാബുവിന്റെ ദേഹത്തേക്കെറിഞ്ഞ ബലൂൺ ചെന്ന് കൊണ്ടത് ചെവിയിൽ. എറിയലിന്റെ ശക്തിയിലും ബലൂൺ ചെന്നുകൊണ്ട ആഘാതത്തിലും ബലൂൺ പൊട്ടി വെള്ളം ചെവിക്കുള്ളിൽ കയറി. ചെവിയടഞ്ഞ് തലവേദനിച്ച് കരഞ്ഞുകൊണ്ടാണവളാ അവസാന ദിനം സ്കൂളിൽ നിന്നും പടിയിറങ്ങിപ്പോയത്.അതേസമയം അതേ സ്ക്കൂളിൽ പഠിച്ച ജേഷ്ഠൻ വീട്ടിൽ വന്നത് ഉടുത്ത വെള്ളത്തുണിയിൽ നിറയെ കശുമാങ്ങയുടെ കറയുമായിട്ടാണ്. സ്ക്കൂളിന്റെ സൈഡിലെ തോട്ടത്തിലെ വാടി വീണ കശുമാമാങ്ങ ദേഹത്തെറിഞ്ഞായിരുന്നു അവരുടെ ആഹ്ളാദ പ്രകടനം.

സ്വാതന്ത്ര്യ പ്രഖ്യാപനം

സ്വാതന്ത്ര്യ പ്രഖ്യാപനം

ഇതേ ആഘോഷങ്ങൾ പിന്നീട് മിന്നിമിന്നിപ്പൊടി(ഗിൽറ്റ്)യിലേക്കും അത് പിന്നെ കളർ പൊടിയിലേക്കും വഴിമാറിയിട്ട് അധികം കാലമായിട്ടില്ല.പക്ഷെ പല ആഘോഷങ്ങളും സ്കൂളിലെ ശബ്ദത്തിനു പുറത്തെത്തുന്നതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? കൗമാരക്കാർ തങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കാൽവെപ്പെന്നോണമാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത് പലതിനേം വെല്ലുവിളിക്കുന്ന തരത്തിൽ. അവസാനത്തെ പരീക്ഷയുടെ അന്ന് ഹാൾ ടിക്കറ്റ് വലിച്ചു കീറിയും പുസ്തകം പിച്ചിച്ചീന്തിയും അവരവരുടെ ആഹ്ലാദം പ്രകടിപ്പിക്കുന്നത് നമ്മൾ കാണാറുണ്ട്. മൊത്തം പഠന വ്യവസ്ഥയോടുള്ള കടുത്ത വിയോജിപ്പ് പോലെയാണതെനിക്ക് തോന്നിയിട്ടുള്ളത്. അവർ പാലിച്ചു പോന്ന നിയമങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം കണക്കെയാണവരത് കണക്കാക്കുന്നത്.

ശ്വാസം വിടുന്നത് പോലെ

ശ്വാസം വിടുന്നത് പോലെ

വർഷം മുഴുവൻ അസൈൻമെന്റും എക്സാമുമായി കുടുങ്ങിക്കിടക്കുന്ന അവർ എല്ലാം കഴിഞ്ഞ് ശ്വാസം വിടുന്ന പോലെ. നമ്മുടെ വിദ്യാഭ്യാസ ഘടനക്ക് അതിൽ കാര്യമായ പങ്കുണ്ടെന്ന് പറയാതെ വയ്യ. ഒന്നുകൂടി വളർന്ന് ഡിഗ്രി തലത്തിലെത്തുമ്പോൾ കുട്ടികൾ ഒന്നുകൂടെ ഫ്രീയാവുന്നു. കുറച്ചു കൂടി വിശാലമായ ലോകമവർ കാണുന്നു. ചിന്തകൾക്കും പ്രവർത്തികൾക്കും അതിനനുസരിച്ച് മാറ്റം സംഭവിക്കുന്നു. നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും ഒന്നു കൂടെ കൂടെ ദൃഢമാവുമ്പോൾ വിട പറയലുകളും അത്രമേൽ ഊഷ്മളമാവുന്നത് നമ്മൾ കാണാറുണ്ട്. കണ്ണ് നിറഞ്ഞല്ലാതെ ഹൃദയം വിങ്ങിയല്ലാതെ നമ്മളാരും കോളേജിന്റെ പടിയിറങ്ങിയിട്ടില്ല. തങ്ങളുടെ ഇടങ്ങളും ഇഷ്ടങ്ങളും അധ്യാപകർക്കു കൂടി സ്വീകാര്യമാവുന്നത് കൊണ്ടാവാം അവരനുഭവിക്കുന സ്വാതന്ത്ര്യത്തിന്റെ നന്മയറിഞ്ഞിത്തരം വിടവാങ്ങലുകളുണ്ടാവുന്നത്.

ചായപ്പൊടി കൊണ്ടാഘോഷം

ചായപ്പൊടി കൊണ്ടാഘോഷം

പക്ഷെ ഇന്ന് കലാലയ ജീവിതത്തിലും ചിലയിടത്ത് ചട്ടക്കൂടുകളുണ്ടെന്ന് പറയാതെ വയ്യ. കാലത്തിനനുസരിച്ച മാറ്റം എക്കാലവും വിടവാങ്ങലുകളിലും വന്നിട്ടുണ്ട്. ചിലയിടത്ത് സെന്റോഫ് പരിപാടികൾക്ക് പെർമിഷൻ കൊടുക്കാറില്ല. പിള്ളേര് കേറി അലമ്പാക്കുമെന്നുറപ്പാണെന്ന് പറയും ചില അധ്യാപകർ. ബെഞ്ചും ഡസ്ക്കും ചവിട്ടിപ്പൊട്ടിച്ചും ആഘോഷിച്ച (പ്രതികാരം തീർത്ത ) പിള്ളേരുണ്ടിവിടെ, അവസാനം സർട്ടിഫിക്കറ്റിന്റെ കൂടെ നുറു രൂപയും ചേർത്ത് വാങ്ങി പരിഹാരമുണ്ടാക്കി.) കാരണം അമ്മാതിരി സ്വഭാവമായിരിക്കും പിള്ളേരോട് ചില അധ്യാപകർ കാണിച്ചിട്ടുണ്ടാവുക. ഒന്നാലോചിച്ചു നോക്കൂ, സ്കൂൾ അധികൃതർ കുട്ടികൾക്ക് ആഘോഷിക്കാൻ ഒരു സമയവും ദിവസവും അതിനായി താൽപര്യമുള്ള അധ്യാപകരെയും അനുവദിക്കുന്നു, അന്നേ ദിവസം സ്ക്കൂൾ കോമ്പൗണ്ടിനുള്ളിൽ വെച്ചവർ ഇപ്പറഞ്ഞ കളർ പൊടിയോ എന്ത് ചായപ്പൊടി കൊണ്ടെങ്കിലും ആഘോഷിക്കുന്നു.

അധ്യാപകർ ശത്രുക്കളെ പോലെ

അധ്യാപകർ ശത്രുക്കളെ പോലെ

ഒരുപക്ഷെ സംഗതി ഇങ്ങനെ നടന്നെങ്കിൽ കുട്ടികൾ ഒരിക്കലും ഒരു പരിധി വരെ അതിരുകടന്ന് പെരുമാറില്ല ഉറപ്പ്. കുട്ടികളുടെ കൂടെ അവരിൽ ഒരാളായി കാര്യങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന അധ്യാപകരുണ്ടെങ്കിൽ ഒരിക്കലും കുട്ടികൾ അക്രമാസക്തരായ രീതിയിൽ തെരുവിലിറങ്ങി ആഘോഷിക്കില്ല. അധ്യാപകരേം ചേർത്ത് സ്കൂൾ പരിസരത്ത് വെച്ചു തന്നെ തങ്ങളുടെ വിടവാങ്ങൽ വേള ആഘോഷിക്കാൻ താൽപര്യമില്ലാത്ത ആരാണുള്ളത്. എനിക്ക് തോന്നിയിട്ടുള്ളതെന്തെന്നാൽ, പലപ്പോഴും പല അധ്യാപകരും കുട്ടികളെ ശത്രുവിനെയെന്നോണമാണ് കാണാറുള്ളത്.ഏറ്റവും കൂടുതൽ ego യുള്ള കൂട്ടർ അധ്യാപകരാണെന്ന് കേട്ടിട്ടുണ്ട്. പല സ്റ്റാഫ്റൂം കഥകളും കേട്ടിട്ടുണ്ട്.'നീ നന്നാവില്ല' എന്നൊരൊറ്റ വാക്കു കൊണ്ട് തീർന്നു പോയ എത്ര കുട്ടി മനസുകളുണ്ട്.ഇത്തരം ആളുകളോട് സമാനമായവരാണ് നാട്ടുകാരിൽ ചിലർ. സ്ക്കൂൾ കുട്ടികളെ സംശയത്തോടെയല്ലാതെ നോക്കിക്കാണാറില്ല അവരധികവും. പിന്നെങ്ങനെ അവരുടെ ആഘോഷ പരിപാടിയെ രീതിയിൽ സമീപിക്കും?

അവരാഘോഷിക്കട്ടെ സാറമ്മാരേ

അവരാഘോഷിക്കട്ടെ സാറമ്മാരേ

അപ്പോഴൊക്കെയാണ് ഇക്കൂട്ടരുടെയുള്ളിലെ കുടില വിരോധി സടകുടഞ്ഞെഴുന്നേൽക്കുന്നത്. ഏറ്റവും തമാശയെന്തെന്നാൽ രാഷ്ട്രീയ വിജയങ്ങളുടെ പേരിൽ കൊട്ടും പാട്ടും വർണ്ണപ്പൊടി, ഉച്ചഭാഷിണി പ്രയോഗങ്ങളും റാലികളും സംഘടിപ്പിച്ച് വഴിമുടക്കി പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നവരാണ് ഇപ്പറഞ്ഞ നാട്ടുകാരിലെ അധികം പേരും, സകല ആഘോഷങ്ങളും പഠന കാലത്ത് തിമിർത്താഘോഷിച്ചവരാണ് ആ അധ്യാപക കൂട്ടത്തിലധികവുമെന്നാണ്. രാത്രികാലങ്ങളിലെ ഉച്ചഭാഷിണി പ്രയോഗത്തെയും ഇതേ തൊഴുത്തിൽ തന്നെ കെട്ടാം. ഇത്തരത്തിൽ നൂറുകണക്കിന് ജനദ്രോഹ പരിപാടികൾ കണ്ണിനു മുന്നിൽ നടന്നാലും ഒരാളും മുന്നോട്ടു വരാറില്ല പ്രതികരിക്കാൻ. പണ്ടുകാലത്ത് ബീഡിക്കുറ്റിയും കത്തിയും കൊണ്ടൊക്കെയാണ് പിള്ളേർ സ്ക്കൂളിൽ വന്നിരുന്നതെങ്കിൽ ഇന്നവർ നന്നായി പഠിച്ച് അവസാന ദിനം ഇച്ചിരി കളർ പൊടി കൊണ്ടുവന്നെങ്കിൽ അവരാഘോഷിക്കട്ടെ സാറന്മാരേ..

അതിര് കടക്കാത്ത ആവേശത്തിന്

അതിര് കടക്കാത്ത ആവേശത്തിന്

അതിനവർക്കൊരു സ്ഥലമോ അദ്ധ്യാപകരുടെ സൗഹൃദപരമായ ഒരു മേൽനോട്ടമോ ഉണ്ടായാൽ മതി, അവരതിരു കടക്കാതെ ആഘോഷിച്ചോളും. കൗമാരത്തിന്റെ സ്വാധീനത്തിൽ ജനിക്കുന്ന നെഗറ്റീവ് ചിന്തകളുടെ കൂമ്പാരത്തിൽ നിന്ന് നിങ്ങൾക്കവരെ പുറത്തെടുക്കാനായാൽ അതാണ് ഒരദ്ധ്യാപകന്റെ വിജയം, അങ്ങനെയെങ്കിൽ അവർ നിങ്ങളോടനുസരണ കാട്ടും. അങ്ങനെ ആഘോഷങ്ങളിൽ നിങ്ങളവരെ ചേർത്തു പിടിച്ചാൽ ആ ഒരൊറ്റ ദിനം മതിയാവും നിങ്ങളെയവർക്ക് മിസ് ചെയ്യാൻ. തെറ്റിലേക്ക് പോവുന്ന കുഞ്ഞുങ്ങളെ അടിച്ചാക്ഷേപിക്കാതെ അതിന്റെ മൂലകാരണം കണ്ടെത്തി പരിഹരിച്ചാൽ ഏത് കുഞ്ഞും ഗുരുവിനോടടുക്കും തീർച്ച.

സ്നേഹത്തിന്റെ നിറം നൽകാം..

സ്നേഹത്തിന്റെ നിറം നൽകാം..

കണ്ടമാനം സൂപ്പർ ഐഡിയയുള്ള പിള്ളേരാണ്, ഒന്ന് വഴി നടത്തുകയേ വേണ്ടൂ.. ആഘോഷങ്ങളപ്പോൾ നിങ്ങളുടേതു മാവും. അതേ സമയം തങ്ങളെ മനസിലാക്കുന്ന ചിലരെങ്കിലും ആ കൂട്ടത്തിലുണ്ടെന്ന് കുട്ടികളും മനസിലാക്കണം. നിങ്ങളെ കണ്ണടച്ചെതിർക്കുന്ന കൂട്ടത്തിൽ നിങ്ങളെ അറിയുന്ന,നിങ്ങൾക്ക് വേണ്ടി സ്റ്റാഫ് റൂമുകളിൽ ശബ്ദിച്ച് ഒറ്റയാളാവുന്ന, നിങ്ങളുടെ വിജയത്തിൽ സന്തോഷിക്കുന്ന ഒരു പറ്റം നന്മ നിറഞ്ഞ അധ്യാപകരുണ്ടെന്നും നിങ്ങൾ തിരിച്ചറിയണം. വീഴ്ചകളിൽ ചേർത്തു പിടിച്ച് നന്മയുടെ അറിവ് പകർന്ന് വിദ്യാഭ്യാസ ജീവിതം ധന്യമാക്കിയ ഒരു പറ്റം അധ്യാപകരെ സന്തോഷത്തോട് കൂടി ഓർക്കട്ടെ.. ആഘോഷങ്ങൾ സന്തോഷത്തിന്റേതാണ്.. നമുക്കതിന് സ്നേഹത്തിന്റെ നിറം നൽകാം..

ഫേസ്ബുക്ക് പോസ്റ്റ്

ഷംന കൊളക്കോടന്റെ ഫേസ്ബുക്ക് പോസ്ററ്

ദമ്പതികളെപ്പോലെ താമസം.. വീടിനകത്ത് ലഹരിക്കച്ചവടം, ഇടപാടുകാർ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ!

കറുമ്പി.. ആദിവാസി.. അമ്മയ്ക്ക് എന്നെ വെളുപ്പിച്ച് പ്രസവിക്കാമായിരുന്നില്ലേ! വൈറലായി ഒരു കുറിപ്പ്

English summary
Shamna Kolakkodan's facebook post about celebrations in campus and schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more