കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 വയസ്സിനുള്ളില്‍ 3 കൊലകള്‍ നടത്തിയ ഇന്ത്യന്‍ ബാലന്‍; ടൊവിനോ പറയുന്ന കുട്ടിക്കുറ്റവാളികള്‍ -കുറിപ്പ്

Google Oneindia Malayalam News

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഫോറന്‍സിക് എന്ന സിനിമയില്‍ ഇന്ത്യയിലും വിദേശത്തുമുണ്ടായിരുന്ന നിരവധി കുട്ടി സീരിയല്‍ കില്ലറുകളെ കുറിച്ച് നായകനായ ടൊവിനോ പറയുന്നുണ്ട്. അതിൽ ടൊവിനോ ആദ്യം പറയുന്ന പേര് അമർജീത് സദാ എന്ന ഇന്ത്യൻ ബാലന്റേതാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂറഞ്ഞ സീരിയല്‍ കില്ലര്‍ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ബാലനാണ് അമര്‍ജിത്.

സിനിമയില്‍ ടൊവിനോ പരാമര്‍ശിക്കുന്ന സീരിയൽ കില്ലറുകളെക്കുറിച്ചും അവര്‍ നടത്തിയ കൃത്യങ്ങളെ കുറിച്ചും സുനില്‍ വെയ്ൻസ് എന്ന വ്യക്തി വിശദമായ ഒരു കുറുപ്പ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വലിയ പ്രചാരണമാണ് ഈ കുറിപ്പിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

"ഫോറൻസിക്"

"ഫോറൻസിക്" എന്ന സിനിമയിലെ നിർണായക കഥാ സന്ദർഭങ്ങളിലൊന്നിൽ നായകൻ ടോവിനോ തോമസ് ലോകത്തെ ഞെട്ടിച്ച കുപ്രസിദ്ധരായ കുട്ടിക്കുറ്റവാളികളെ കുറിച്ച് തന്റെ സഹപ്രവർത്തകരുടെ മുന്നിൽ പറയുന്നുണ്ട്. അതിൽ ടോവിനോ ആദ്യം പരാമർശിക്കുന്ന പേര് 'അമർജീത് സദാ' എന്ന ഇന്ത്യൻ ബാലന്റേതാണ്. ശേഷം മേരി ബെൽ, റോബർട്ട് തോംപ്‌സൺ എന്നിവരെയെല്ലാം എടുത്ത് പറയുന്നുണ്ട്. നിങ്ങളിൽ ചിലരെങ്കിലും ആദ്യമായിട്ടായിരിക്കും ഈ പേരുകളെല്ലാം കേൾക്കുന്നത്.

വർഷം 2007

വർഷം 2007

വർഷം 2007, ബീഹാറിലെ ഭഗവാൻപൂർ പോലീസ് സ്‌റ്റേഷനിലെ ടെലിഫോണിലേക്ക് പതിവില്ലാതെ നിരവധി കോളുകൾ വരുന്നു. ലോകത്തെയാകമാനം നടുക്കാൻ പോകുന്ന ഒരു കൊലപാതക പരമ്പരയുടെ അറിയിപ്പാണ് തങ്ങളെത്തേടി വരുന്നതെന്ന് അന്ന് ആ പോലീസ് സ്റ്റേഷനിൽ വ്യാപൃതരായ പോലീസുകാർ ആരും കരുതിക്കാണില്ല. ബിഹാറിലെ ഒരു ചെറിയ ഉൾനാടൻ ഗ്രാമത്തിൽ നിന്നായിരുന്നു ഫോൺകോളുകൾ ഇടതടവില്ലാതെ ആ പോലീസ് സ്റ്റേഷനിലേക്ക് ഫോൺകോളുകൾ പ്രവഹിച്ചത്. ഗ്രാമത്തിൽ നിന്ന് ഒരു കൊടിയ കൊലപാതകിയെ തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പോലീസ് തങ്ങളുടെ ഗ്രാമത്തിലേക്ക് വരണമെന്നും, അവനെ കൈ മാറാൻ വേണ്ടി തങ്ങൾ കാത്തു നിൽക്കുകയാണെന്നുമായിരുന്നു ഗ്രാമവാസികൾ ടെലിഫോൺ മുഖേനെ പോലീസുകാരെ അറിയിച്ചത്.

അമർജീത് സദാ

അമർജീത് സദാ

പോലീസുകാർ ഉടൻ തന്നെ സംഭവ സ്ഥലത്ത് പാഞ്ഞെത്തി. അവിടെ നിന്നാണ് ഇന്ത്യയെ നടുക്കിയ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറുടെ കഥ പുറം ലോകം അറിയുന്നത്. സംഭവ സ്ഥലത്ത് എത്തിയ പോലീസുകാർക്ക് കൊലപാതകിയെന്ന് പറഞ്ഞ് നാട്ടുകാർ കൈമാറിയത് കേവലം 8 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറിയ ബാലനെയാണ്. അവന്റെ പേര് അമർജീത് സദാ (ചിലയിടങ്ങളിൽ അമർദീപ് സദാ എന്നും കാണാം) നാട്ടുകാർ അവനെ പോലീസിന് കൈമാറിയ സമയത്തും അവൻ പോലീസിനെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ടു നിൽക്കുകയായിരുന്നു.1998-ൽ ആയിരുന്നു അമർജീത് സദാ എന്ന ആ ബാലന്റെ ജനനം, ബിഹാറിലെ ബെഗുസരയ് ജില്ലയിൽ. പിന്നീട് അവന്റെ കുടുംബം മുസ്‌റഹി എന്ന സ്ഥലത്തേക്ക് താമസം മാറി. അവന്റേത് തീർത്തും ഒരു ദരിദ്ര കുടുംബമായിരുന്നു, അച്ഛൻ ഒരു സാധാരണ കർഷകനായിരുന്നു.

വിറച്ചു പോയ പോലീസുകാര്‍

വിറച്ചു പോയ പോലീസുകാര്‍

ഇത്രയും ചെറിയൊരു പയ്യൻ എങ്ങനെ ഇത്രയും കൊലപാതകങ്ങൾ നടത്താനാണ് എന്ന് പറഞ്ഞ് പോലീസുകാർ ആദ്യം നാട്ടുകാരോട് ദേഷ്യപ്പെടുകയാണുണ്ടായത്. എന്നാൽ നാട്ടുകാരിൽ നിന്ന് സംഭവങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ പോലീസുകാർ അക്ഷരാർത്ഥത്തിൽ വിറച്ചു പോയി. കുട്ടിത്തം വിട്ടു മാറാത്ത ആ ബാലനാണ് നാട്ടിലെ കൊലപാതക പരമ്പരകളുടെയെല്ലാം അമരക്കാരൻ എന്ന നടുക്കുന്ന സത്യം പോലീസുകാരെ ഏറെ അമ്പരപ്പിച്ചു. താൻ എങ്ങനെയാണ് കൊല നടത്തിയതെന്ന് യാതൊരു പേടിയും കൂസലുമില്ലാതെ ആ ബാലൻ പോലീസുകാർക്ക് വിവരിച്ചു കൊടുത്തു. അവന്റെ വെളിപ്പെടുത്തൽ കേട്ട പോലീസുകാർ അക്ഷരാർത്ഥത്തിൽ തരിച്ചു പോയി.

 ക്രൂരമായി കൊന്നു കളഞ്ഞത്

ക്രൂരമായി കൊന്നു കളഞ്ഞത്

ഏറ്റവും ഭയപ്പെടുത്തുന്ന സംഗതി എന്തെന്നാൽ അമർജീത്ത് സദാ എന്ന ആ ബാലൻ, ക്രൂരമായി കൊന്നു കളഞ്ഞത് വെറും ആറു മാസം മാത്രം പ്രായമുള്ള ഒരു പെൺ കുഞ്ഞിനെയാണ്. ഗ്രാമത്തിലെ ചുങ് ചുങ് ദേവി എന്ന സ്ത്രീ തന്റെ ആറു മാസം മാത്രം പ്രായമുള്ള ഏക മകൾ ഖുശ്ബുവിനെ അവിടെയുള്ള ഒരു പ്രൈമറി സ്‌കൂളിൽ ഉറക്കിക്കിടത്തിയ ശേഷം വീട്ടുജോലികൾ ചെയ്യാനായി തിരിച്ചു പോയപ്പോഴായിരുന്നു ആ ദാരുണ സംഭവം അരങ്ങേറിയത്. ജോലി ചെയ്ത് മടങ്ങി വന്നപ്പോൾ തന്റെ കുഞ്ഞിനെ ആ അമ്മക്ക് അവിടെ കാണാൻ സാധിച്ചില്ല. ആ പിഞ്ചു കുഞ്ഞ് അതിനോടകം അമർജീത്തിന്റെ കൈപ്പിടികളിൽ അമർന്നു കഴിഞ്ഞിരുന്നു. അവൻ ഒരു ദയാദാക്ഷണ്യവും കൂടാതെ നിഷ്ഠൂരമായി ആ കുഞ്ഞിനെ കൊന്നു കളഞ്ഞു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഒരു മടിയും കൂടാതെ അവൻ സംഭവിച്ച കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ വിവരിച്ചു കൊടുത്തു.

സ്വന്തം അനുജത്തിയേയും

സ്വന്തം അനുജത്തിയേയും

എന്നാൽ നാട്ടുകാരെ മുഴുവൻ ഞെട്ടിച്ച സംഭവ കഥകളാണ് അതിന് ശേഷം പുറത്ത് വന്നത്. ഇത് അവന്റെ ആദ്യത്തെ കൊലപാതകമല്ല പോലും, ഇതിന് മുമ്പും അവൻ രണ്ട് കുഞ്ഞുങ്ങളെ ഇത് പോലെ കൊന്നു തള്ളിയിട്ടുണ്ടെത്രെ..!! അവൻ കൊന്നു തള്ളിയ രണ്ട് കുരുന്നുകളും 6 മാസത്തിനും ഒരു വയസ്സിനും ഇടയിൽ മാത്രം പ്രായമുള്ളവരായിരുന്നു. തന്റെ ആദ്യ കൊലപാതകം നടത്തുമ്പോൾ അവന് പ്രായം വെറും 7 വയസ്സ് മാത്രം. എന്നാൽ നാട്ടുകാർ ഞെട്ടാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അവൻ കൊന്നു കളഞ്ഞതിൽ ഒരാൾ മറ്റാരുമല്ലായിരുന്നു, അവന്റെ ഒരു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം അനുജത്തി തന്നെ ആയിരുന്നു..!! അമ്മയുടെ മടിയിൽ സുഖനിദ്രയിൽ മുഴുകിക്കിടന്നിരുന്ന ആ പൈതലിനെ എടുത്ത് കൊണ്ട് പോകുമ്പോൾ അവന്റെ അമ്മ ഒരിക്കലും കരുതിക്കാണില്ല, അതവരുടെ കുഞ്ഞിന്റെ മരണത്തിലേക്കുള്ള മടക്കയാത്രയാണെന്ന്.

അടുത്ത ഇര

അടുത്ത ഇര

കുഞ്ഞുമായി ഒരൊഴിഞ്ഞ വയലിലേക്ക് ചെന്ന അമർജീത് പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നത്, അനുജത്തിയില്ലാതെ ഒഴിഞ്ഞ കൈകളുമായിട്ടാണ്. വീട്ടുകാർ കുഞ്ഞെവിടെ എന്ന് ചോദിച്ചപ്പോൾ അവരെ അവൻ ആ വയലിലേക്ക് വിളിച്ചു കൊണ്ടുപോകുകയും അവിടെ കരിയിലയും പുല്ലും കൊണ്ട് മൂടിക്കിടത്തിയ തന്റെ സഹോദരിയുടെ മൃതദേഹം കാണിച്ചു കൊടുക്കുകയുമാണ് ഉണ്ടായത്. അത് കൊണ്ടും അവനിലെ മൃഗം അടങ്ങിയിട്ടില്ലായിരുന്നു. അടുത്ത ഇരയേയും അവന് ലഭിച്ചു; അതും സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ. തന്റെ സ്വന്തം അമ്മാവന്റെ ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞാണ് അവന്റെ അടുത്ത ഇരയായി തീർന്നത്.

മൂടി വെച്ചു

മൂടി വെച്ചു

ഈ രണ്ട് കൊലപാതകങ്ങളും അമർജീത് തന്നെയാണ് നടത്തിയതെന്ന് കുടുംബാംഗങ്ങൾ എല്ലാവരും അറിഞ്ഞു. എന്നിട്ടും അമർജീത്തിനെ രക്ഷിക്കാനായി ഈ വിവരങ്ങളെല്ലാം കുടുംബാംഗങ്ങൾ മൂടി വയ്ക്കുകയാണ് ഉണ്ടായത്. അത് അവനുള്ളിലെ മൃഗീയ തൃഷ്ണകൾക്ക് കൂടുതൽ ശക്‌തിയും വീര്യവും പകർന്നു. ഏറ്റവുമൊടുവിൽ അവന്റെ പ്രതികാരാഗ്നിക്ക് പാത്രമായി തീർന്നത് ഖുശ്ബു എന്ന ആ പാവം പെൺകുഞ്ഞായിരുന്നു. നേരത്തെ തന്നെ അമർജീതിൽ പലവിധ സംശയങ്ങൾ ഉണ്ടായിരുന്ന നാട്ടുകാർക്ക് ഖുശ്ബുവിന്റെ മരണത്തോടെ അത് ഉറപ്പിക്കാനായി. അങ്ങനെയാണ് നാട്ടുകാർ പോലീസിനെ വിളിച്ചു വരുത്തിയത്. തുടർന്ന് അമർജീത്തിനെ പോലീസുകാർ സ്റ്റേഷനിൽ എത്തിച്ചു.

പുഞ്ചിരിക്കുക മാത്രം

പുഞ്ചിരിക്കുക മാത്രം

ശേഷം എന്തിനാണ് ഈ കൊലപാതകങ്ങളെല്ലാം ചെയ്തത് എന്ന് അവനോട് ചോദിച്ചു. എന്നാൽ അമർജീത് അപ്പോഴും പോലീസിനെ നോക്കി വെറുതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. ശേഷം പോലീസുകാരോട് തനിക്ക് വിശക്കുന്നുവെന്നും ബിസ്കറ്റ് വേണമെന്നും അവൻ ആവശ്യപ്പെട്ടു. ബിസ്ക്കറ്റ് നൽകിയ ശേഷം വീണ്ടും എങ്ങനെയാണ് ഈ കൊടും കൊലപാതകങ്ങളെല്ലാം ചെയ്‌തത് എന്ന് പോലീസുകാർ ആവർത്തിച്ചു ചോദിച്ചപ്പോൾ അവന്റെ ഉത്തരം ഇങ്ങനെയായിരുന്നു. താൻ ആ കുഞ്ഞുങ്ങളെയെല്ലാം ആളൊഴിഞ്ഞ ഒരു വയലിലേക്ക് കൊണ്ട് പോയെന്നും ശേഷം ആ കുഞ്ഞുങ്ങളുടെയെല്ലാം മുഖത്ത് ഒരു ഇഷ്ടിക ഉപയോഗിച്ച് ആഞ്ഞാഞ്ഞ് ഇടിക്കുകയും ഇത്തരത്തിൽ എല്ലാവരെയും കൊന്നു തള്ളിയെന്നുമാണ് അവൻ പോലീസുകാരോട് പറഞ്ഞത്. അമർജീതിന്റെ ഉത്തരം കേട്ട പൊലീസുകാർ ശരിക്കും സതംഭിച്ചു പോയി. അവരെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടായിരുന്നു. അത് കൊണ്ട് തന്നെ അവന്റെ മുഖത്തേക്ക് നോക്കാൻ പോലും അവരിൽ പലരും മടിച്ചു. ഒരു മനശാസ്ത്രജ്ഞൻ വരുന്നത് വരെ പോലീസുകാർ അക്ഷമയോടെ കാത്തിരുന്നു. അമർജീത് അപ്പോഴും പോലീസുകാരെ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു

ഡോക്ടർമാർ കണ്ടെത്തിയത്

ഡോക്ടർമാർ കണ്ടെത്തിയത്

മൈനർ ആയിരുന്നിട്ടും അമർജീത് സദാ എന്ന അവന്റെ യഥാർത്ഥ പേരും ഫോട്ടോയും പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് മന:പൂർവം തന്നെയായിരുന്നു. അതീവശ്രദ്ധ ചെലുത്തേണ്ട അത്യന്തം അപകടകാരിയായ ഒരു മാനസിക രോഗിയാണ് അമർജീത് എന്ന് അവനെ പരിശോധിച്ച മനശാസ്ത്രജ്ഞർ രേഖാമൂലം അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്തരമൊരു കരുതൽ നടപടി പോലീസുകാർ സ്വീകരിച്ചത്. വെറും 8 വയസ്സുള്ള ഒരു ബാലനാണ് കൊലപാതക പരമ്പരകൾ നടത്തിയതെങ്കിലും കൊലപാതകം, കൊലപാതകം തന്നെയാണെന്നും അത്തരത്തിൽ തന്നെയാണ് കേസ് മുന്നോട്ട് പോവുകയെന്നും പോലീസുകാർ മാധ്യമങ്ങളെ അറിയിച്ചു. അവന്റെ പ്രായം പരിഗണിച്ചാൽ തന്നെയും, അവന്റെ മാനസിക നിലയും മാനസികാവസ്ഥയും ഒരിക്കലും പരിഗണിക്കാൻ സാധിക്കുകയില്ലെന്നും അവർ പറഞ്ഞു. ജന്മനാലുള്ള സ്വഭാവ വൈകൃതമാണ് ഇത്തരത്തിലുള്ള കൊലപാതക പരമ്പരകൾ ചെയ്യാൻ അവന് പ്രേരകമാകുന്നതെന്നും മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ് ആണ് അമർജീത് എന്നും അവനെ ചികിത്സിച്ച ഡോക്ടർമാർ കണ്ടെത്തി.

കേസ് നടക്കുമ്പോള്‍

കേസ് നടക്കുമ്പോള്‍

എന്നാല്‍ അവന്‍റെ മാനസികവും ശാരീരികവുമായ എല്ലാം പ്രശ്നങ്ങളും മരുന്നുകളിലൂടെയും മറ്റ് ചികിത്സാ രീതികളിലൂടെയും പരിഹരിക്കാമെന്നായിരുന്നു അവനെ ചികിത്സിച്ച ഡോക്ടർമാരുടെ അഭിപ്രായം. പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാതെ അവനെ പുറത്തേക്കിറക്കി വിട്ടാൽ അത് അപകടകമാണെന്നും അവന്റെ മാനസികാവസ്ഥയിൽ ശരി തെറ്റുകൾ തിരിച്ചറിയാനുള്ള മാനസിക നില അവൻ ആർജ്ജിച്ചിട്ടില്ല എന്നും ഡോക്ടർമാർ പറഞ്ഞു. കേസ് നടക്കുന്നതിനിടെ ജഡ്ജിയുടെ മുൻപിൽ പോലും ചിരിച്ചു ഉദാസീനനായി നിലകൊണ്ട അമർജിത്തിന്റെ വാർത്തകൾക്ക് അക്കാലത്ത് വലിയ തോതിൽ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. ഇതിന് ശേഷം അമർജീത്തിനെ ഒരു ജുവനൈൽ ഹോമിലേക്ക് മാറ്റുകയാണ് ചെയ്‌തത്, അതും മറ്റ് കുട്ടികളോടൊന്നും യാതൊരുവിധ സമ്പർക്കവും സാധിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു അവിടെയുള്ള അവന്റെ വാസം. പിന്നീട് അവനെ കുറിച്ചുള്ള യാതൊരു വിധ വാർത്തകളും മാധ്യമങ്ങൾക്ക് ലഭിച്ചിട്ടില്ല. 18 വയസ്സ് പൂർത്തിയായ ശേഷം അവിടെ നിന്ന് പുറത്തിറങ്ങിയ അവൻ ഇപ്പോൾ ചിലപ്പോൾ എവിടെയെങ്കിലും സാധാരണ ജീവിതം നയിക്കുന്നുണ്ടാവും. അതുമല്ലെങ്കിൽ മറ്റൊരു പേരിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നയിച്ച് വേറെ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാവാം..!!

മേരിബെൽ

മേരിബെൽ

മേരിബെൽ-ന്റെ കഥയും ഏതാണ്ട് ഇത് പോലൊക്കെ തന്നെ.1957-ൽ ഒരു ലൈംഗിക തൊഴിലാളിയുടെ മകളായി ജനിച്ച മേരി ബെല്ലിനെ പല തവണ അവരുടെ അമ്മ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തീർത്തും അരക്ഷിതമായൊരു ബാല്യമായിരുന്നു മേരിയുടേത്. തന്റെ പതിനൊന്നാം പിറന്നാളിന് കൃത്യം ഒരു ദിവസം മുൻപാണ് മേരി നാലു വയസ്സുകാരനായ മാർട്ടിൻ ബ്രൗണിന്റെ കൈപിടിച്ച് ഇംഗ്ലണ്ടിലെ ന്യൂകാസിൽ നഗരത്തിലുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക്‌ നടന്നു കയറിയത്. അവിടെ വച്ച് അവൾ, ആ കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് അതിക്രൂരമായി കൊലപ്പെടുത്തി. മാർട്ടിന്റെ കൊലപാതകിയെ കണ്ടെത്താൻ ആദ്യ ദിവസങ്ങളിലൊന്നും പോലീസിന് കഴിഞ്ഞില്ല. ഒരിക്കൽ നഗരത്തിലുള്ള ഒരു നഴ്സറി സ്കൂളിൽ കൂട്ടുകാരികൾക്കൊപ്പമെത്തിയ മേരി ബെൽ താനാണ് കൊലപാതകിയെന്ന് പറ‍ഞ്ഞുള്ള ഏതാനും കടലാസുതുണ്ടുകൾ അവിടെ നിക്ഷേപിച്ച് കടന്നുകളഞ്ഞു. പോലീസ് ഇവരുടെ പ്രഖ്യാപനം അന്ന് കാര്യമായിട്ടെടുത്തില്ല. ഇത് മേരിക്ക് വലിയ പ്രോത്സാഹനമായി.

കോടതി വിധി

കോടതി വിധി

രണ്ടു മാസത്തിനു ശേഷം മൂന്നു വയസ്സുകാരൻ ബ്രയാൻ ഹോവിന്റെ കൊലപാതകത്തിലാണ് അത് ചെന്ന് കലാശിച്ചത്. മാർട്ടിൻ ബ്രൗണിന്റെ മൃതദേഹം കിട്ടിയ അതേ സ്ഥലത്ത്‌ നിന്നാണ് ബ്രയാൻ ഹോവിന്റ മൃതദേഹവും പോലീസിന് കണ്ടുകിട്ടിയത്. ഈ പിടിവള്ളി ഉപയോഗിച്ച് കേസ് അന്വേഷിച്ച പോലീസ് ഒടുവിൽ മേരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയ്ക്കൊടുവിൽ മേരി ബെല്ലിന് മികച്ച മാനസിക രോഗവിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി വിധിച്ച 12 വർഷത്തെ ജയിൽ ശിക്ഷയ്ക്കൊടുവിൽ 1980-ൽ മേരി പുറംലോകത്തെത്തി. മറ്റൊരു പേരിൽ അവർ പിന്നീട് സാധാരണ ജീവിതത്തിലേക്ക് കടന്നു.

വിറങ്ങലിച്ച ബ്രിട്ടണ്‍

വിറങ്ങലിച്ച ബ്രിട്ടണ്‍

റോബർട്ട് തോംപ്സണും ജോൺ വെനബിൾസും പ്രിയപ്പെട്ട സുഹൃത്തുക്കളായിരുന്നു. എന്നാൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അവർ ചെയ്ത കൊലപാതകം കേട്ട് ബ്രിട്ടൻ ശരിക്കും വിറങ്ങലിച്ചു പോയി. ജെയിംസ് ബൾജർ എന്ന രണ്ടു വയസ്സുകാരനെ ഇരുവരും ചേർന്ന് മൃഗീയമായി കൊലപ്പെടുത്തി. ഇംഗ്ലണ്ടിലെ മേഴ്സിസൈഡിലെ സ്കൂളിൽ നിന്ന് സ്ഥിരമായി ക്ലാസ് കട്ട് ചെയ്തു പുറത്തു പോവുമായിരുന്നു ജോണും റോബർട്ടും. അങ്ങനെ 1993 ഫെബ്രുവരി 12-ന് അവർ ചെന്നെത്തിയത് നഗരത്തിലെ വലിയൊരു ഷോപ്പിങ് കോംപ്ലക്സിലായിരുന്നു. കടകളിൽ നിന്ന് ചെറിയ മോഷണങ്ങൾ നടത്തിയശേഷം അവർ കോംപ്ലക്സിലെത്തിയ ചെറിയ കുട്ടികളെ നിരീക്ഷിക്കാൻ തുടങ്ങി.

വീട്ടിലേക്ക് കൊണ്ടു പോവുകയാണ്

വീട്ടിലേക്ക് കൊണ്ടു പോവുകയാണ്

അമ്മയുടെ അരികുപറ്റി ഷോപ്പിങ്ങിന് വന്ന ജെയിംസ് 'ബൾജർ' എന്ന ബാലനെ അങ്ങനെയാണ് അവർ കണ്ടെത്തുന്നത്. ബൾജറുടെ അമ്മയുടെ കണ്ണു തെറ്റിയ ഒരു ദുർബല നിമിഷത്തിൽ അവർ ജയിംസിനെയും കൊണ്ട് അതിവേഗം കടന്നു കളഞ്ഞു. ആൻഫീൽഡിലെ ഒരു പഴയ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കിയായിരുന്നു അവർ നടന്നു നീങ്ങിയത്. ചെറിയ കുട്ടിയുമായി ഇരുവരും നടക്കുന്നതു കണ്ട് സംശയം തോന്നി ചോദിച്ചവരോടൊക്കെ, അവൻ തങ്ങളുടെ ഇളയ സഹോദരനാണെന്നും വീട്ടിലേക്ക് കൊണ്ടു പോവുകയാണെന്നും ഇരുവരും മറുപടി നൽകി. ശേഷം റെയിൽവേ സ്റ്റേഷനടുത്തുള്ള സെമിത്തേരിക്കടുത്ത് വച്ച് വെനബിൾസും തോംപ്സണും ചേർന്ന് ബൾജറെ നിർത്താതെ ഉപദ്രവിക്കാൻ തുടങ്ങി.

അക്രമം

അക്രമം

ചായം നിറച്ച ടിന്നും ഇഷ്ടിക കഷ്ണങ്ങളും മുഖത്തേക്കെറിഞ്ഞായിരുന്നു തുടക്കം. പലവിധത്തിലുള്ള പീഡനങ്ങൾക്ക് ശേഷം 10 കിലോ ഭാരമുള്ള ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തുടരെത്തുടരെ മർദിച്ച് അതിക്രൂരമായി അവർ ബൾജറെ കൊലപ്പെടുത്തി. തുടർന്ന് അവനെ വിവസ്ത്രനാക്കിയ ശേഷം അവന്റെ മൃതശരീരം റെയിൽവേ ട്രാക്കിലുപേക്ഷിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങി. കുട്ടി ട്രെയിനിടിച്ച് മരിച്ചതാണെന്ന് വരുത്തി തീർക്കാനായിരുന്നു അവരുടെ ശ്രമം. രണ്ടു ദിവസത്തിനു ശേഷമാണ് ബർജറിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ശരീരം പരിശോധിച്ച ഫോറൻസിക് വിദഗ്ധർ ട്രെയിനിടിക്കുന്നതിനു മുൻപു തന്നെ കുട്ടി മരിച്ചിരുന്നെന്ന് ഉറപ്പിച്ചു പറഞ്ഞു. ഷോപ്പിങ് ക്ലോംപ്ലക്സിൽ നിന്ന് കുട്ടിയുമായി പുറത്തുപോവുന്ന അവ്യക്തമായ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് റോബർട്ട് തോംപ്സണെ അയൽവാസിയായ ഒരു സ്ത്രീ തിരിച്ചറിഞ്ഞതോടെ രണ്ടു കുട്ടികളും പെട്ടെന്ന് തന്നെ പിടിയിലായി.

ഫോറൻസിക് കണ്ടതിന് ശേഷം

ഫോറൻസിക് കണ്ടതിന് ശേഷം

ഏറെ കാലം ജുവനൈൽ ഹോമിൽ തടവിൽ കഴിഞ്ഞ ഇരുവരും പിന്നീട് പുതിയ പേരുമായി ജയിലിൽ നിന്ന് പുറത്തിറങ്ങി. പരോൾ നിയമങ്ങൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വെനബിൾസ് രണ്ടു തവണ കൂടി ജയിലിലായി. തോംപ്സൺ തന്റെ ഒരു പുതിയ വ്യക്തിത്വം സ്വീകരിച്ച് സാധാരണ ജീവിതം നയിക്കുന്നതായാണ് ഒടുവിൽ അറിയാൻ സാധിച്ചത്. ലോകത്തെ നടുക്കിയ കുട്ടികുറ്റവാളികളുടെ കഥ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. കുട്ടിക്കുറ്റവാളികളെ പറ്റി നാമൊരുപാട് കേട്ടിട്ടുണ്ട് എങ്കിലും ഒരു പക്ഷെ ഫോറൻസിക് എന്ന ചിത്രം കണ്ട ശേഷം ആയിരിക്കാം നമ്മളിൽ പലർക്കും സീരിയൽ കില്ലേഴ്സ് എന്നൊരു ഇമേജ് കുട്ടികളിലും കാണാവുന്ന സാധ്യതയെ പറ്റി ചിന്തിച്ചു കാണുക..!!

പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ കൊച്ചി പോര്‍ട്ടിലെത്തി; 19 ഗര്‍ഭിണികളടക്കം 698 യാത്രക്കാര്‍പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ കൊച്ചി പോര്‍ട്ടിലെത്തി; 19 ഗര്‍ഭിണികളടക്കം 698 യാത്രക്കാര്‍

English summary
Sunil Waynz about serial killers in forensic movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X