ശബരീനാഥന്റേത് മാധ്യമശ്രദ്ധ നേടാനുള്ള ശ്രമം; ഷാഫി പറമ്പിലിന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി. കോട്ടയം ഡി സി സി അധ്യക്ഷന് നാട്ടകം സുരേഷിനെ കെ എസ് ശബരിനാഥന്‍ അപമാനിച്ചു എന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയാണ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനാണ് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി പരാതി നല്‍കിയത്.
ശശി തരൂര്‍ എം പിയുടെ കോട്ടയത്തെ പരിപാടിയുമായി ബന്ധപ്പെട്ട് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷിനെ അപമാനിക്കുന്ന പരാമര്‍ശമാണ് കെ എസ് ശബരീനാഥന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിക്കുന്നത്. കെ എസ് ശബരിനാഥന്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റാനായി പ്രവര്‍ത്തിക്കുകയാണ് എന്നാണ് ഷാഫി പറമ്പിലിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

കെ എസ് ശബരിനാഥന്‍ സംഘടന ചട്ടക്കൂട് തകര്‍ക്കുന്നു എന്നും പരാതിയില്‍ പറയുന്നു. നേരത്തെ കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള പരിപാടി ഡി സി സിയെ അറിയിച്ചില്ല എന്ന് നാട്ടകം സുരേഷ് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ പരിപാടിയും ഡി സി സി പ്രസിഡന്റിനെ അറിയിക്കണം എന്ന് ശാഠ്യം പിടിക്കാന്‍ പാടില്ല എന്നായിരുന്നു തെ എസ് ശബരിനാഥന്‍ മറുപടി പറഞ്ഞത്.

ഇതിന് പിന്നാലെ കെ എസ് ശബരിനാഥന്റെ പരാമര്‍ശത്തിന് എതിരെ നാട്ടകം സുരേഷും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. കെ എസ് ശബരിനാഥന്‍ മാനേജ്മെന്റ് ക്വാട്ടയില്‍ നേതാവായ വ്യക്തിയാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം. കെ എസ് ശബരിനാഥന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നിട്ട് എത്രനാളായി എന്ന് എല്ലാവര്‍ക്കും അറിയാമെന്നും നാട്ടകം സുരേഷ് തുറന്നടിച്ചിരുന്നു.

കെ എസ് ശബരിനാഥന് കീഴ്വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ല എന്നും നാട്ടകം സുരേഷ് തുറന്നടിച്ചിരുന്നു. ഒരു ടാറ്റ കമ്പനി ജീവനക്കാരനില്‍ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരിനാഥന്‍ എന്നും അറിവ് കുറവുണ്ട് എങ്കില്‍ അത് പഠിക്കണം എന്നും കെ എസ് ശബരീനാഥനോട് നാട്ടകം സുരേഷ് പറഞ്ഞിരുന്നു. താന്‍ കുറെ കാലം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം ശബരീനാഥനെ ഓര്‍മ്മിപ്പിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പരിപാടികളൊക്കെ കോണ്‍ഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് നടത്താറുള്ളത്. യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ശശി തരൂരിന്റെ പരിപാടിയെ സംബന്ധിച്ച് ഡി സി സിയെ അറിയിച്ചിട്ടില്ല എന്നും യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ കമ്മിറ്റിയില്‍ പോലും അത്തരമൊരു പരിപാടി ആലോചിച്ചിട്ടില്ല എന്നും നാട്ടകം സുരേഷ് പറഞ്ഞിരുന്നു.